നേഴ്സുമാരുടെ ദേശീയ പണിമുടക്ക് ആവേശോജ്വലമായി; ആരോഗ്യ മേഖലയിലെ അഴിച്ചുപണിക്ക് സാധ്യത ഏറുന്നു

ഡബ്ലിന്‍: തൊഴില്‍ മേഖലയിലെ അവകാശ പോരാട്ടങ്ങള്‍ക്ക് രംഗത്തിറങ്ങിയ അയര്‍ലന്റിലെ നേഴ്സുമാരുടെ ദേശീയ പണിമുടക്ക് വന്‍ വിജയമായി. INMO യുടെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് രാജ്യമൊട്ടാകെ നേഴ്സുമാര്‍ ന്യായമായ ആവശ്യങ്ങള്‍ക്കായി പണിമുടക്ക് പ്രഖ്യാപിക്കുന്നത്. ആശുപത്രികളിലെ പരിമിതികള്‍ മറികടന്ന് മണിക്കൂറുകളോളം സേവന രംഗത്ത് സജീവമാവുന്ന നേഴ്‌സുമാര്‍ക്ക് വേണ്ട വിധത്തില്‍ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് 24 മണിക്കൂര്‍ ദേശീയ പണിമുടക്കിന് നേഴ്സുമാര്‍ ഇറങ്ങിത്തിരിച്ചത്. സംഘടിത മുന്നേറ്റത്തിന്റെ ശക്തി തെളിയിക്കാന്‍ ആദ്യ സൂചന പണിമുടക്കിന് കഴിഞ്ഞു. ബുധനാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിച്ച പണിമുടക്ക് ഇന്ന് രാവിലെ എട്ട് മണിക്കാണ് അവസാനിച്ചത്. INMO യും ഗവണ്മെന്റ് പ്രതിനിധികളും തമ്മില്‍ ലേബര്‍ കോര്‍ട്ടില്‍ നടന്ന ചര്‍ച്ചകള്‍ പരിഹാരം കാണാത്ത സാഹചര്യത്തില്‍ വരുന്നവാരത്തിലും തുടര്‍പണിമുടക്കുകള്‍ പ്രതീക്ഷിക്കാം. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി നേഴ്സുമാരുടെ പിന്തുണയും പണിമുടക്കിനുണ്ടായിരുന്നു.

ഇന്നലെ ആശുപത്രികളില്‍ നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ മാറ്റിവെച്ചിരുന്നു. 13,000 ഔട്ട് പേഷ്യന്റ് അപ്പോയിന്മെന്റുകളും 2,000 ശസ്ത്രക്രിയകളും റദ്ദാക്കി. അടുത്ത ചൊവ്വാഴ്ചയും പണിമുടക്ക് ഉള്ളതിനാല്‍ പല സേവങ്ങളും HSE പരിമിതപ്പെടുത്തുന്നുണ്ട്. മാറ്റിവെച്ച സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് HSE അറിയിച്ചു. പല ആശുപതികളിലും മാനേജുമെന്റുമായി സഹകരിച്ച് രോഗികളുടെ സുരക്ഷയെ ബാധിക്കാത്ത തരത്തിലാണ് നേഴ്സുമാര്‍ ജോലിയില്‍ നിന്ന് വിട്ടു നിന്നത്. നേരത്തെ നേഴ്സുമാരുടെ പണിമുടക്ക് ബുധനാഴ്ച നടത്താന്‍ തീരുമാനിച്ചതില്‍ ആശങ്കയുണ്ടെന്ന പ്രതികരണവുമായി പ്രധാനമന്ത്രി വരേദ്കര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അയര്‍ലണ്ടിലെ നേഴ്സുമാരും മിഡൈ്വഫുമാരും ആഴ്ചയില്‍ ഏഴ് ദിവസങ്ങളും 24 മണിക്കൂറും രോഗികളെ കൃത്യതയോടെ ശുശ്രൂഷിക്കുകയും പരിചരിക്കുകയും ചെയ്യുന്നുണ്ടന്ന മറുപടിയാണ് ഈ പണിമുടക്കിലൂടെ നേഴ്സുമാര്‍ നല്‍കിയത്.

വേതന വര്‍ധനവ് മാത്രമല്ല തങ്ങളുടെ അവശ്യമെന്നും അമിത ജോലി ഭാരം മൂലം നഴ്‌സുമാരുടെയും രോഗികളുടെയും സുരക്ഷ ഒരുപോലെ പ്രതിസന്ധിയിലാണെന്ന കാര്യം ഗവണ്മെന്റിനെ ബോധ്യപ്പെടുത്താനും കൂടിയാണ് നേഴ്സുമാര്‍ സഘടിച്ചത്. ജീവനക്കാരുടെ അഭാവം, ആവശ്യത്തിന് പരിഗണന ലഭിക്കാതെ വിദേശത്തേക്ക് ചേക്കേറുന്ന നേഴ്സുമാര്‍, 12.5 ശതമാനമെന്ന മിനിമം വേതനം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും നേഴ്സുമാര്‍ ഉന്നയിച്ചു. അതേസമയം നേഴ്സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ വരേദ്കര്‍ ഗവണ്മെന്റ് ഇതുവരെ തയ്യാറായിട്ടില്ല.

അതികഠിനമായ ശൈത്യകാലാവസ്ഥയില്‍ രോഗികളുടെ തിരക്ക് വന്‍ തോതില്‍ വര്‍ധിക്കുകയാണെന്നും അതിനനുസരിച്ച് കൂടുതല്‍ നഴ്‌സുമാരെ ജോലിക്ക് നിയോഗിക്കണമെന്നും നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നും നേഴ്സുമാര്‍ വ്യക്തമാക്കുന്നു. അതേസമയം INMO നേരത്തെ പ്രഖ്യാപിച്ച ഫെബ്രുവരി 5,7, 12, 13, 14 തിയ്യതികളിലെ തുടര്‍പണിമുടക്കുകള്‍ ഒഴിവാക്കാനുള്ള ആലോചനയിലാണ് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസും ഗവണ്മെന്റും. തുടര്‍പണിമുടക്കുകളെപ്പറ്റി INMO യുടെ ഭാഗത്തുനിന്നും പ്രസ്താവനകളൊന്നും ഇതുവരെ വന്നിട്ടില്ല.

സുരക്ഷിതമല്ലാത്ത സ്റ്റാഫിംഗ് ലെവല്‍ ക്രമപ്പെടുത്തുക, വേതന വര്‍ധനവ് നടപ്പില്‍ വരുത്തുക, അടിയന്തര റിക്രൂട്ട്‌മെന്റ് നടത്തുക, ജീവനക്കാരെ നിലനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് സൈക്കാട്രിക് നഴ്‌സസ് അസോസിയേഷന്‍ (PNA) അംഗങ്ങള്‍ ഓവര്‍ ഡ്യൂട്ടിയില്‍ നിന്ന് വിട്ടു നിന്ന് പണിമുടക്കും. രാജ്യമൊട്ടാകെ 6,000 ത്തോളം നേഴ്സുമാര്‍ PNA യില്‍ അംഗങ്ങളാണ്. ജീവനക്കാരുടെ അഭാവത്തിലും, ശമ്പള വര്‍ധനവിനും സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രധിഷേധിച്ച് നടത്തുന്ന പണിമുടക്കക്ക് ഫെബ്രുവരി 5,6,7 തിയ്യതികളിലും ഫെബ്രുവരി 12, 13, 14 തിയ്യതികളിലും ഇത് തുടരും.

 

 

 

Share this news

Leave a Reply

%d bloggers like this: