അയര്‍ലണ്ടിലെ താപനില ശരാശരിയിലും താഴേക്ക്; പല സ്‌കൂളുകളും ഇന്ന് അടഞ്ഞ് കിടക്കും; ഡ്രൈവര്‍മാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

ഡബ്ലിന്‍: മരം കോച്ചുന്ന തണുപ്പില്‍ അയര്‍ലണ്ടില്‍ ഉണ്ടായ കനത്ത മഞ്ഞുവീഴ്ച ജനജീവിതത്തെ സ്തംഭിപ്പിച്ചു. താപനില മൈനസ് ഏഴ് ഡിഗ്രി സെല്‍ഷ്യസിലേക്ക് കൂപ്പുകുത്തിയതോടെ വളരെ പ്രതികൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. വിമാനങ്ങള്‍ യാത്ര റദ്ദാക്കുകയാണ്. നൂറുകണക്കിന് സ്‌കൂളുകള്‍ അടച്ചു. റോഡുകളില്‍ കാഴ്ച ഏതാണ്ട് പൂര്‍ണമായി മറയുന്ന സ്ഥിതിയാണ്. പല റോഡുകളിലും ഗതാഗതം സാധ്യമാകാത്ത സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്.

ഇന്ന് രാത്രിയും ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയായിരിക്കും അനുഭവപ്പെടുകയെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശനിയാഴ്ച രാത്രിവരെ രാജ്യവ്യാപകമായി യെല്ലോ വാണിങ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇന്ന് രാത്രി താപനില മൈനസ് 2 ഡിഗ്രിക്കും മൈനസ് ഏഴ് ഡിഗ്രിക്കും ഇടയിലാകും. ലെയിന്‍സ്റ്റര്‍, മണ്‍സ്റ്റര്‍ മേഖലകളില്‍ ഇന്ന് രാത്രി ശക്തമായ മഞ്ഞ് വീഴ്ച അനുഭവപ്പെടും.

രാജ്യത്തിന്റെ വടക്ക്, വടക്ക്-പടിഞ്ഞാറ്, തെക്കന്‍ മേഖലകളിലെല്ലാം ഇന്നലെ രാത്രി ശക്തമായ മഞ്ഞ് വീഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഡബ്ലിന്‍ ഉള്‍പ്പെടെയുള്ള കിഴക്കന്‍ മേഖലകളില്‍ ഇന്ന് രാത്രി ഹിമപാതമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. മോശം കാലാവസ്ഥ കണക്കിലെടുത്ത് സ്‌കൂള്‍ അധികൃതര്‍ക്ക് സ്‌കൂളുകള്‍ അടച്ചിടാമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അടഞ്ഞ് കിടക്കുന്ന സ്‌കൂളുകളും അയര്‍ലന്റിലുണ്ട്. ബസ് ഐറാന്‍ പല റൂട്ടുകളും ഇന്ന് റദ്ദാക്കിയിട്ടുണ്ട്.

റണ്‍വേയില്‍ മഞ്ഞ് മൂടുന്നതും പുകമഞ്ഞും അയര്‍ലണ്ടിലെ വിമാന സര്‍വീസുകളെ അധിച്ചിട്ടുണ്ട്. കോര്‍ക്ക് വിമാനത്താവളത്തില്‍ പല സര്‍വീസുകളും വൈകുന്നുണ്ട്. ജീവനക്കാര്‍ മഞ്ഞ് കൂമ്പാരം നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചത്. ഇതുമൂലം നിരവധി യാത്രക്കാര്‍ വിമാനങ്ങളില്‍ കുടുങ്ങി. മറ്റ് വിമാനങ്ങള്‍ വ്യത്യസ്ത എയര്‍പോര്‍ട്ടുകളിലേക്ക് വഴിതിരിച്ച് വിട്ടു. റണ്‍വേ വൃത്തിയാക്കുന്നത് ബുദ്ധിമുട്ടായി മാറിയതോടെയാണ് വിമാനയാത്രകള്‍ തടസ്സപ്പെട്ടതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും മാര്‍ച്ചിലുമായുണ്ടായ ബീസ്റ്റ് ഫ്രം ദ ഈസ്റ്റ് കാലാവസ്ഥയ്ക്കുശേഷം ഏറ്റവും വലിയ ഗതാഗത തടസ്സമാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ചില പ്രദേശങ്ങള്‍ ഒറ്റപ്പെടുകയും വൈദ്യുതി നിലയ്ക്കാനും മൊബൈലുകള്‍ പ്രവര്‍ത്തന രഹിതമാനും സാധ്യതയുണ്ട്.

ബ്ലാക്ക് ഐസിന്റെ സാന്നിധ്യമുള്ളതിനാല്‍ പ്രാദേശിക റോഡുകളില്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണെമെന്ന് AA റോഡ് വാച്ച് ഓര്‍മിപ്പിച്ചു. ബ്ളാക്ക് ഐസ് പെട്ടന്ന് ശ്രദ്ധയില്‍ പെടാത്തതിനാല്‍ അനുയോജ്യമായ ഹെഡ്‌ലൈറ്റുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. കാറില്‍ ഒരു സ്‌ക്രീന്‍ സ്‌ക്രാപ്പും ഡി-ഐസറും സജ്ജീകരിക്കുന്നതും നല്ലതാണെന്നും ആര്‍.എസ്.എ പറയുന്നു.

റോഡ് സുരക്ഷാ അതോറിറ്റി (ആര്‍.എസ്.എ) റോഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. കാര്‍ വിന്‍ഡോയും മിററുകളും സ്‌ക്രീന്‍ സ്‌ക്രാപ്പറും ഡീ-ഐസറും ഉപയോഗിച്ച് വൃത്തിയാക്കുക. ചൂട് വെള്ളം കാര്‍ ഗ്ലാസ്സിലേക്ക് ഒഴിക്കരുത്. റോഡുകള്‍ മിനുസമുള്ളതും തിളങ്ങുന്നതുമായി കണ്ടാല്‍ അത് ബ്ലാക്ക് ഐസ് ആയിരിക്കാം. പ്രത്യേകിച്ച് മരങ്ങള്‍ക്കരികെയും ഉയര്‍ന്ന മതിലുകളോടു ചേര്‍ന്നുള്ളതുമായ റോഡുകളില്‍ അപകടകരമായ രീതിയില്‍ സുതാര്യമായി ബ്ളാക്ക് ഐസ് കാണപ്പെടാവുന്നതാണ്.

മറ്റ് വാഹന യാത്രക്കാര്‍ നിങ്ങളെ കാണാന്‍ സാധിക്കുമെന്ന് ഉറപ്പുവരുത്താന്‍ മോശമായ കാലാവസ്ഥയില്‍ എല്ലാ സമയത്തും ഹെഡ്ലൈറ്റുകള്‍ ഡിം ചെയ്ത് ഉപയോഗിക്കുക. കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, മോട്ടോര്‍ സൈക്കിളുകള്‍ തുടങ്ങിയ റോഡ് ഉപയോക്താക്കള്‍ക്കായി ശ്രദ്ധിക്കുകയും അധിക സ്ഥലം അനുവദിക്കുകയും ചെയ്യുക. നിങ്ങളുടെ യാത്ര ആരംഭിക്കുന്നതിനുമുന്‍പ് നിങ്ങളുടെ വാഹനത്തില്‍ നിന്ന് എല്ലാ ഐസും നീക്കംചെയ്യുക. കാറിന് മുകളില്‍ കിടക്കുന്ന മഞ്ഞ് ബ്രേക്കിംഗ് സമയത്തോ കാറ്റാടിച്ചോ മുന്നിലേക്ക് വീഴാന്‍ ഇടയുണ്ട്. ഇത് അപകടം വരുത്തി വയ്ക്കാം. റോഡില്‍ മഞ്ഞ് വീഴ്ചയുണ്ടെങ്കില്‍ ഓവര്‍ സ്റ്റിയറിംഗും പരുഷമായ ബ്രേക്കിംഗും അമിത വേഗതയും ഒഴിവാക്കുക.

Share this news

Leave a Reply

%d bloggers like this: