കേരള ബജറ്റ് 2019- ഒറ്റ നോട്ടത്തില്‍

കേരളത്തെ പിടിച്ചുകുലുക്കിയ മഹാപ്രളയത്തിന് ശേഷമുള്ള ആദ്യത്തെ സംസ്ഥാന ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസക് നടത്തി. മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള സാമ്പത്തിക തകര്‍ച്ച അഭിമുഖീകരിക്കുമ്പോഴാണ് ധനമന്ത്രി പുതിയ ബജറ്റ് അവതരിപ്പിച്ചത്. മഹാപ്രളയം തകര്‍ത്തത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെക്കൂടിയാണ്. വീണ്ടും ഒന്നില്‍ നിന്നു തുടങ്ങേണ്ട അവസ്ഥയിലായി സംസ്ഥാനം. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനാണ് ബജറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള പ്രത്യേക പാക്കേജ് ആയിരുന്നു ഇത്തവണത്തെ ബജറ്റിന്റെ സവിശേഷത. നവകേരള നിര്‍മ്മാണത്തിനായി 25 പദ്ധതികള്‍ ധനമന്ത്രി പ്രഖ്യാപിച്ചു. റീ ബില്‍ഡ് കേരള പദ്ധതിക്ക് 1000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

നവ കേരള നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റ് ആയിരിക്കുമെന്ന നേരത്തെയുള്ള സൂചന ശരിവെയ്ക്കുന്നതായിരിന്നു ഐസക്കിന്റെ ബജറ്റ്. വ്യവസായം മുതല്‍ ആരോഗ്യം വരെ സകല മേഖലകളേയും ഉള്‍പ്പെടുത്തി നവകേരളത്തിനുള്ള 25 പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ബജറ്റില്‍ പ്രളയ സെസ് പ്രഖ്യാപിച്ചു. 12, 18, 28 ശതമാനം ജി.എസ്.ടിയുള്ള ഉല്‍പന്നങ്ങള്‍ക്ക് ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തി. ഇതോടെ വിവിധ ഉല്‍പന്നങ്ങള്‍ക്ക് വില കൂടും. 50 കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

പ്രവാസിക്ഷേമ പദ്ധതികള്‍ക്ക് പിണറായി സര്‍ക്കാരിന്റെ നാലാം ബജറ്റില്‍ പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. ലോക കേരള സഭയ്ക്കും ആഗോള പ്രവാസി സഭയ്ക്കും 5 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഇതിന് പുറമെ വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക വഹിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

നോര്‍ക്ക ഫണ്ട് ഉപയോഗിച്ച് മൃതദേഹം നാട്ടിലെത്തിക്കുംതൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്കായി 25 കോടി രൂപയുടെ സാന്ത്വന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 2000 രൂപയുടെ പെന്‍ഷനൊപ്പം കൂടുതല്‍ പെന്‍ഷന്‍ പദ്ധതികളും. പ്രവാസിക്ഷേമ പദ്ധതികളും ചിട്ടിയും സംയോജിപ്പിക്കും. യുഎഇക്ക് പുറമെ മറ്റു രാജ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്ന പദ്ധതിയില്‍ നിക്ഷേപകരുടെ നിര്‍ദ്ദേശം അനുസരിച്ച് പദ്ധതി തെരഞ്ഞെടുക്കാം. കേരള ബാങ്ക് രൂപീകരണം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നും ഇതിനായി പ്രവാസികളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചിട്ടുണ്ട്.

സ്വര്‍ണം, വെള്ളി, മദ്യം, ഹോട്ടല്‍ താമസം, ഹോട്ടല്‍ ഭക്ഷണം, ഫ്‌ലാറ്റുകള്‍, വില്ലകള്‍, സ്വര്‍ണം, വെള്ളി, സിനിമാ ടിക്കറ്റ് നിരക്ക്, ഇലക്ട്രോണിക് ഉപകരണങ്ങള്‍, സിമന്റ്, കമ്പി, സെറാമിക് ടൈല്‍, മാര്‍ബിള്‍, അലുമിനിയം ഫോയില്‍, പ്ലൈവുഡ്, ബള്‍ബ്, ഇലക്ട്രിക് വയര്‍, ടാര്‍പോളിന്‍ ഇകണോമി ക്ലാസ്സിലെ വിമാനയാത്ര, റെയില്‍വെ ചരക്ക് ഗതാഗതം എന്നിവയുടെ വില വര്‍ധിക്കും.

സോപ്പ്, ടൂത്ത് പേസ്റ്റ്, വെണ്ണ, നെയ്യ്, പാല്‍ക്കട്ടി, ശീതീകരിച്ച ഇറച്ചി, ഹെയര്‍ ഓയില്‍, ഡ്രൈ ഫ്രൂട്ട്‌സ്, സംസ്‌കരിച്ച പഴം, പച്ചക്കറികള്‍, പാക്കറ്റ് ജ്യൂസുകള്‍, സോയ മില്‍ക്ക്, മുള ഉല്‍പന്നങ്ങള്‍, ചോക്ലേറ്റ്, നോട്ട് ബുക്കുകള്‍, കണ്ണട, ബാഗുകള്‍, എന്നിവയുടെ വില വര്‍ധിക്കും. സി.സി.ടി.വി, മൊബൈല്‍ ഫോണ്‍, പവര്‍ ബാങ്ക്, ടെലിവിഷന്‍, കമ്പ്യൂട്ടര്‍, യു.പി.എസ്, ഫ്രിഡ്ജ്, എ.സി, വില കൂടിയ ഇരുചക്ര വാഹനം, കാര്‍ എന്നിവയുടെ വിലയും കൂടും. ആഡംബര കെട്ടിടങ്ങളുടെ നികുതി വര്‍ധിക്കും. 10000 ചതുരശ്രയടിക്ക് മുകളില്‍ 10000 രൂപ. 7501 – 10000 ചതുരശ്രയടിക്ക് 8000 രൂപ. 5001 – 7500 ചതുരശ്രയടിക്ക് 6000 രൂപ. 3000 – 5000 ചതുരശ്രയടിക്ക് 4000 രൂപ.

വിലകുറയുന്നവ: 5ശതമാനവും, അതില്‍ താഴെയും ജിഎസ്ടി സ്ലാബില്‍ പെടുന്ന ഉല്‍പന്നങ്ങള്‍. (20 ശതമാനം വരുന്ന അവശ്യവസ്ഥുക്കള്‍ ഈ വിഭാഗത്തില്‍ പെടുന്നവയാണ്) വൈദ്യുതി വാഹനങ്ങള്‍- (ആദ്യ അഞ്ചുവര്‍ഷം 50 ശതമാനം നികുതിയിളവ്). 40 ലക്ഷം രൂപ മുതല്‍ ഒന്നരക്കോടി വരെ വിറ്റുവരുമാനമുള്ളവര്‍ ഇനിമേല്‍ ഒരു ശതമാനം നികുതി മാത്രം നല്‍കിയാല്‍ മതിയാകും.

ശബരിമലയും, നവോത്ഥാനവും ഉള്‍പ്പെടെയുള്ള സമകാലിക വിഷയങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ച ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചത്. ശബരിമലയില്‍ ആധുനിക സംവിധാനങ്ങള്‍ ഒരുക്കാന്‍ 141 കോടിയും ശബരിമല റോഡുകള്‍ക്ക് 200 കോടിയും അനുവദിച്ചു. എല്ലാ ജില്ലകളിലും നവോത്ഥാന മതിലുകള്‍ സൃഷ്ടിക്കും. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തകക്ക് സംസ്ഥാന അവാര്‍ഡും ബജറ്റില്‍ പ്രഖ്യാപിച്ചു.

പ്രധാന പ്രഖ്യാപനങ്ങള്‍

തിരുവനന്തപുരത്ത് നവോത്ഥാന മ്യൂസിയം
എല്ലാ ജില്ലകളിലും നവോത്ഥാനമതിലുകള്‍
സ്ത്രീശാക്തീകരണ പ്രവര്‍ത്തകയ്ക്ക് ദാക്ഷായണി വേലായുധന്‍ അവാര്‍ഡ്
2018-19 ല്‍ 10 കോടി തൊഴില്‍ ദിനങ്ങള്‍, വേതനം കൊടുക്കാന്‍ 2500 കോടി
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയ്ക്ക് 75 കോടി
പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി പ്രത്യേക സഹായം
വ്യവസായ പാര്‍ക്കുകള്‍ക്ക് 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും
ഭൂമി ഏറ്റെടുക്കാന്‍ 15600 കോടി
കണ്ണൂര്‍ വിമാനത്താവളത്തിനു ചുറ്റും വ്യവസായ സമുച്ചയങ്ങളുടെ ശൃംഖല
വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഔട്ടര്‍ റിംഗ് റോഡും ഗ്രോത്ത് കോറിഡോറും
കൊച്ചിയില്‍ പെട്രോ കെമിക്കല്‍ പാര്‍ക്കിനായി 600 ഏക്കര്‍ ഭൂമി ഏറ്റെടുക്കും
ഐടി പാര്‍ക്കുകളില്‍ രണ്ടുവര്‍ഷം കൊണ്ട് ഒരു കോടി പതിനാറു ലക്ഷം ചതുരശ്ര അടി സ്ഥലം
ടെക്നോപാര്‍ക്കില്‍ നിസാന്‍ കമ്പനിയുടെ ഇലക്ട്രിക് വാഹന നിര്‍മ്മാണ കേന്ദ്രം, 2000 പേര്‍ക്കു പ്രത്യക്ഷ തൊഴില്‍
ടോറസ് ഇന്‍വെസ്റ്റ്മെന്റ്, എച്ച് ആര്‍ ബ്ലോക്ക് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ ടെക്നോപാര്‍ക്കില്‍
മൂവായിരം പേര്‍ക്കു തൊഴില്‍ നല്‍കാന്‍ സ്പേസ് ആന്‍ഡ് എയ്റോ സെന്റര്‍ ഓഫ് എക്സെലന്‍സ്
കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ 2000 പേര്‍ക്കു തൊഴില്‍
ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയും കേരളത്തിലേയ്ക്ക്
ടെറാനെറ്റ് എന്ന കനേഡിയന്‍ കമ്പനി തിരുവനന്തപുരത്തേയ്ക്ക്
തിരുവനന്തപുരത്ത് എയര്‍ ബസ് കമ്പനിയുടെ ബിസ് ലാബ്
കൊച്ചിയിലേയ്ക്ക് ബഹുരാഷ്ട്ര കമ്പനികള്‍
തേജസ്, യൂണിറ്റി, ആള്‍ട്ടെയര്‍ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ കൊച്ചിയിലേയ്ക്ക്
ലൈഫ് സയന്‍സ് പാര്‍ക്കില്‍ 230 കോടിയുടെ മെഡ്സ് പാര്‍ക്ക്
ഫ്യുജിത്സു, ഹിറ്റാച്ചി കമ്പനികളും കേരളത്തിലേയ്ക്ക്
ഐടി പാര്‍ക്കുകളില്‍ ഒരു ലക്ഷം തൊഴിലവസരം
കേരള സ്റ്റാര്‍ട്ടപ്പ് മിഷന് 70 കോടി
യുവ സംരംഭകര്‍ക്ക് സീഡ് ഫണ്ടിംഗ്
വയനാട്ടിലെ കാപ്പിപ്പൊടി ഇനി മലബാര്‍ ബ്രാന്‍ഡില്‍
വയനാട്ടില്‍150 കോടി രൂപയുടെ കിന്‍ഫ്രാ മെഗാ ഫുഡ് പാര്‍ക്ക്
കാര്‍ബണ്‍ ക്രെഡിറ്റ് നേടാന്‍ പദ്ധതി
കുരുമുളക് കൃഷിയ്ക്ക് വയനാടിന് 5 കോടി
നാളികേരത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ 170 കോടി
വര്‍ഷംതോറും 10 ലക്ഷം തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കും
കേരഗ്രാമം സ്‌കീമിന് 43 കോടി രൂപ
നെല്‍കൃഷിയുടെ വിസ്തൃതി മൂന്നുലക്ഷം ഹെക്ടറാക്കും
20 കോടിയുടെ റൈസ് പാര്‍ക്കുകള്‍
നെല്‍കൃഷിയ്ക്ക് 91 കോടി
റബറിന്റെ താങ്ങുവിലയ്ക്ക് 500 കോടി
മൂല്യവര്‍ദ്ധിത റബര്‍ ഉല്‍പന്നങ്ങള്‍ക്ക് സിയാല്‍ മോഡലില്‍ കമ്പനി
ആയിരംകോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ്
കുട്ടനാട് കുടിവെള്ള പദ്ധതിയ്ക്ക് 250 കോടി രൂപയുടെ കിഫ്ബി പദ്ധതി
കുട്ടനാട്ടില്‍ 16 കോടിയുടെ താറാവ് ബ്രീഡിംഗ് ഫാം
ആലപ്പുഴ ചങ്ങനാശേരി കനാല്‍ നവീകരണത്തിനും തോട്ടപ്പള്ളി സ്പില്‍വേയുടെ ലീഡിംഗ് ചാനല്‍ പുനരുദ്ധാരണത്തിനും വകയിരുത്തല്‍
നദി പുനരുജ്ജീവനത്തിനും നീര്‍ത്തട വികസനത്തിനും 25 കോടിയുടെ പ്രത്യേക പദ്ധതി, പുനര്‍ജനിക്കുന്നത് 24 പുഴകള്‍, ദൈര്‍ഘ്യം 1017 കിലോമീറ്റര്‍
തീരദേശപുനരധിവാസത്തിന്റെ അടിയന്തര ചെലവുകള്‍ക്കായി 100 കോടി
തീരദേശത്ത് എല്ലാവര്‍ക്കും ലൈഫ് മിഷനില്‍ നിന്ന് വീട്,
കടലാക്രമണം തടയാന്‍ 227 കോടി
ചെത്തി ഹാര്‍ബര്‍ കിഫ്ബി ഏറ്റെടുക്കും, പൊഴിയൂരില്‍ പുതിയ തുറമുഖം
മത്സ്യത്തൊഴിലാളിക്ക് സൗജന്യനിരക്കില്‍ സാറ്റ്ലൈറ്റ് ഫോണ്‍ നല്‍കാന്‍ 13 കോടി
തീരദേശത്തെ അടിസ്ഥാനസൗകര്യങ്ങള്‍ക്ക് 103 കോടി രൂപ.
തീരദേശ റോഡുകള്‍ക്കു 200 കോടി
തീരദേശത്ത് 900 കോടിയുടെ കിഫ്ബി നിക്ഷേപം
പ്രതിഭാതീരം വിദ്യാഭ്യാസ പരിപാടി വ്യാപിപ്പിക്കാന്‍ 20 കോടി
പഞ്ഞമാസ സമാശ്വാസ പദ്ധതിക്ക് 28 കോടി
തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് കിയോസ്‌കുകള്‍
മത്സ്യത്തൊഴിലാളി സംഘങ്ങള്‍ക്ക് 10 കോടിയുടെ പ്രത്യേക സഹായം, പറവൂരിലെ യാണ്‍ ട്വിസ്റ്റിംഗ് യൂണിറ്റിന് 5 കോടി
മത്സ്യഫെഡിന് 100 കോടി രൂപയുടെ അടിയന്തര വായ്പ
പൊതുമേഖലാ വിറ്റുവരുമാനത്തില്‍ 1000 കോടിയുടെ വര്‍ദ്ധന
വന്‍കിട ഇടത്തരം വ്യവസായങ്ങള്‍ക്ക് 527 കോടി
കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ – 27 കോടി
മലബാര്‍ സ്പിന്നിംഗ് ആന്‍ഡ് വീവിംഗ് മില്‍സ് – 25 കോടി
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് – 24 കോടി രൂപ
കെല്‍ട്രോണ്‍ – 19 കോടി
ഓട്ടോകാസ്റ്റ് – 17 കോടി
കേരള സിറാമിക്സ് – 17 കോടി
കോമളപുരം സ്പിന്നിംഗ് ആന്‍ഡ് വീവിംഗ് മില്‍സ് – 13 കോടി
സിഡ്കോ – 11 കോടി
കെല്‍ട്രോണ്‍ കംപോണെന്റ്സ് – 10 കോടി
കേരള ഇലക്ട്രിക്കല്‍ & അലൈഡ് എഞ്ചിനീയറിംഗ് കമ്പനി – 10 കോടി
ട്രാന്‍സ്ഫോമേഴ്സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ്, കേരള – 10 കോടി
ട്രാക്കോ കേബിള്‍ കമ്പനി – 9 കോടി
യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ്- 9 കോടി
സ്റ്റീല്‍ ഇന്‍ഡസ്ട്രീസ്, കേരള – 8 കോടി
ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍സ് – 7.5 കോടി
കോട്ടയം മില്‍സ് – 7 കോടി
കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് – 6 കോടി
സീതാറാം ടെക്സ്റ്റൈല്‍സ് – 5 കോടി
പ്രഭുറാംമില്‍ – 5 കോടി
സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്സ് – 3.5 കോടി
ഇടരിക്കോട് മില്‍സ് – 3 കോടി
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് – 2.5 കോടി
കേരള ക്ലേയ്സ് ആന്‍ഡ് സിറാമിക്സ് പ്രോഡക്ട്സ് – 2 കോടി
ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ്ട്രാവന്‍കൂര്‍ – 2 കോടി
കേരള ആര്‍ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ – 1 കോടി
കേരള സ്റ്റേറ്റ് മിനറല്‍ ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ – 50 ലക്ഷം
കെല്‍പാം – 50 ലക്ഷം
കെ.എസ്.ഡി.പി.യുടെ നോണ്‍ബീറ്റാ ലാക്ടം പ്ലാന്റ്, 54 കോടിയുടെ ഇഞ്ചെക്ടബിള്‍ ഫാക്ടറി
ഓങ്കോളജിപാര്‍ക്കിന്റെ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും
കിഫ്ബി ധനസഹായത്തോടെ 6375 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് 2.0
വൈദ്യുതി വിതരണത്തിലെ നഷ്ടം കുറയ്ക്കാന്‍ ദ്യുതി 2020-21
8 കോടി സിഎഫ്എല്ലിനു പകരം എല്‍ഇഡി ബള്‍ബുകള്‍
വൈദ്യുതി മേഖലയ്ക്ക് 1781 കോടി
മുഖച്ഛായ മാറ്റാന്‍ ഡിസൈന്‍ഡ്റോഡുകള്‍
പൊതുമരാമത്തിന് 1367 കോടി. 10000 കോടിയുടെ പാലങ്ങളും
റോഡുകളും കെട്ടിടങ്ങളും നിര്‍മ്മാണഘട്ടങ്ങളില്‍
കേരളം ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക്
ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പത്തുലക്ഷമാക്കും
12 കോടിയുടെ ഇ-മൊബിലിറ്റി പ്രമോഷന്‍ ഫണ്ട്
ഈ വര്‍ഷം 10000 ഇലക്ട്രിക് ഓട്ടോകള്‍ക്ക് സബ്സിഡി
കെഎസ്ആര്‍ടിസിയില്‍ ഇലക്ട്രിക് ബസുകള്‍
585 കിലോമീറ്റര്‍ വെസ്റ്റ് കോസ്റ്റ് കനാല്‍
മാഹി- വളപട്ടണം കനാല്‍ നിര്‍മ്മിക്കുന്നതിന് 600 കോടി
തെക്ക് – വടക്ക് സമാന്തര റെയില്‍പാത
വരുന്നു, കേരള ബോട്ട് ലീഗ്
ആലപ്പുഴയില്‍ 20 കോടിയുടെ ഫാക്ടറി
ചകിരി ഉല്‍പാദനം പത്തു മടങ്ങായും കയര്‍ ഉല്‍പാദനം മൂന്നു മടങ്ങായും കയര്‍ ഉല്‍പന്ന ഉല്‍പാദനം രണ്ടു മടങ്ങായും ഉയര്‍ത്തും
പുതിയ 400 ചകിരി മില്ലുകള്‍
5000 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകള്‍
പ്രവാസിക്ഷേമത്തിന് 81 കോടി
പ്രവാസികള്‍ക്ക് അടിയന്തിരഘട്ടങ്ങളില്‍ ധനസഹായം നല്‍കാന്‍ 25 കോടി
പ്രവാസികള്‍ക്ക് നിക്ഷേപ ഡിവിഡന്റ് പദ്ധതി
പ്രവാസി ചിട്ടി എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കും
കേരള ബാങ്ക് ഇക്കൊല്ലം, രൂപം കൊള്ളുന്നത് കേരളത്തിലെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖല
വിശപ്പുരഹിത കേരളം പദ്ധതി വ്യാപിപ്പിക്കും
സ്ത്രീകള്‍ക്കുള്ള സ്‌കീമുകള്‍ക്ക് 1420 കോടി
കുടുംബശ്രീയുടെ കീഴില്‍ കേന്ദ്രീകൃത ബ്രാന്‍ഡിംഗും മാര്‍ക്കറ്റിംഗും
ജെറിയാട്രിക് കെയറിന് 2000 സ്ത്രീകള്‍ക്ക് പ്രൊഫഷണല്‍ പരിശീലനം
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് നാലു ശതമാനം പലിശയ്ക്ക് 3500 കോടിയുടെ ബാങ്കുവായ്പ
കടക്കെണിയില്‍പ്പെട്ട കുടുംബശ്രീ സംഘങ്ങള്‍ക്ക് 20 കോടിയുടെ പുനരുദ്ധാരണ പദ്ധതി
10000 പട്ടികവിഭാഗക്കാര്‍ക്ക് പ്ലെയ്സ്മെന്റ്
ഭൂരഹിതഭവനരഹിതര്‍ക്കുള്ള ഭവന സമുച്ചയങ്ങള്‍ക്കായി 1296 കോടി
കേരളത്തിന് സാര്‍വത്രിക ആരോഗ്യ സുരക്ഷാപദ്ധതി
മുഴുവന്‍ കുടുംബങ്ങള്‍ക്കും ആരോഗ്യപരിരക്ഷ
ആശാപ്രവര്‍ത്തകരുടെ ഹോണറേറിയത്തില്‍ 500 രൂപ വര്‍ദ്ധന
30,000 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ പ്രവര്‍ത്തനപഥത്തിലേയ്ക്ക്
കാര്‍ഷികമേഖലയില്‍ 2500 കോടി
സംസ്ഥാന ക്രോപ്പ് ഇന്‍ഷ്വറന്‍സ് സ്‌കീം നടപ്പാക്കാന്‍ 20 കോടി
മൃഗപരിപാലന മേഖലയ്ക്ക് 450 കോടി
ഡയറി ഡിപ്പാര്‍ട്ട്മെന്റിന് 108 കോടി
ഈ സീസണില്‍ ഒരു ലക്ഷം ടണ്‍ തോട്ടണ്ടി ലഭ്യമാക്കും
കാഷ്യൂ ബോര്‍ഡിന് സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ 250 കോടിയുടെ വായ്പ
കശുവണ്ടി കോര്‍പറേഷനും കാപ്പെക്സും ആധുനീകരിക്കാന്‍ 19 കോടി
കയര്‍ വ്യവസായത്തിന് 142 കോടി. എന്‍സിഡിസിയില്‍ നിന്ന് 89 കോടിയുടെ വായ്പ
കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിയ്ക്ക് 170 കോടി
കൈത്തറി, പവര്‍ലൂം മേഖലയ്ക്ക് 56 കോടി രൂപ
ഖാദി വ്യവസായത്തിന് 14 കോടി രൂപ
ഹാന്‍ഡിക്രാഫ്റ്റ് വികസന സ്‌കീമുകള്‍ക്കായി 3.5 കോടി
ഐടി മേഖലയ്ക്ക് 574 കോടി
ടൂറിസം മേഖലയ്ക്ക് 372 കോടി
ടൂറിസ്റ്റു കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ 132 കോടി
ബേപ്പൂരിലെ ചാലിയത്ത് ഫിഷ് ലാന്റിംഗ് സെന്റര്‍
വയോജന സംരക്ഷണത്തിന് ബൃഹദ് പദ്ധതി
20000 വയോജന അയല്‍ക്കൂട്ടങ്ങള്‍ ഓരോ അയല്‍ക്കൂട്ടത്തിനും 5,000 രൂപ ഗ്രാന്റ്.
സായംപ്രഭ, വയോമിത്രം പരിപാടികള്‍ക്ക് 30 കോടി
ആശുപത്രികള്‍ വയോജനസൗഹൃദമാക്കാന്‍ 10 കോടി
ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വര്‍ദ്ധിപ്പിക്കും. പെന്‍ഷന്‍ ഇനി 1200 രൂപ
ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് 1000 കോടി
പട്ടികജാതിവിഭാഗത്തിന് 1977 കോടിയുടെ പദ്ധതി
പട്ടികജാതി ഉപപദ്ധതിയുടെ സംസ്ഥാനതല അടങ്കല്‍ 1649 കോടി
ന്യൂനപക്ഷക്ഷേമത്തിനായി 49 കോടി രൂപ
ന്യൂനപക്ഷക്ഷേമ വികസന കോര്‍പ്പറേഷന് 15 കോടി
കോഴിക്കോട് സര്‍വകലാശാലയില്‍ ന്യൂനപക്ഷ പഠനകേന്ദ്രം
ഹജ്ജ് ഹൗസില്‍ സ്ത്രീകള്‍ക്കായി ഒരു പ്രത്യേക ബ്ലോക്ക്
പിന്നാക്ക സമുദായക്ഷേമത്തിന് 114 കോടി
ഒഇസി സ്‌കോളര്‍ഷിപ്പിന് 53 കോടി രൂപ
ഒ.ബി.സി.ക്കുള്ള സ്‌കോളര്‍ഷിപ്പിന് 50 കോടി
കേരള സ്റ്റേറ്റ് മുന്നോക്കക്ഷേമ വെല്‍ഫെയര്‍ കോര്‍പ്പറേഷന് 42 കോടി
ശബരിമലയില്‍ ആധുനിക സംവിധാനങ്ങള്‍ ഒരുക്കാന്‍ 141 കോടിയുടെ കിഫ്ബി പദ്ധതിക്ക് തുടക്കം
ശബരിമല റോഡുകള്‍ക്ക് 200 കോടി
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപയുടെ
പ്രത്യേക സഹായം. മലബാര്‍, കൊച്ചി ദേവസ്വങ്ങള്‍ക്കായി 36 കോടി
ആരോഗ്യമേഖലയ്ക്ക് 4000 കോടി
ആശുപത്രികള്‍ക്ക് 1000 കോടി കിഫ്ബി മുതല്‍ മുടക്ക്.
മെഡിക്കല്‍ കോളജുകള്‍ക്ക് 232 കോടി
ഹോംകോ പുതിയ മരുന്നു ഫാക്ടറി ഇക്കൊല്ലം പ്രവര്‍ത്തനം ആരംഭിക്കും. 10 കോടിയുടെ വകയിരുത്തല്‍
റീജണല്‍ കാന്‍സര്‍ സെന്ററിന് 73 കോടി
ആര്‍സിസിയില്‍ 14 നിലയുള്ള പുതിയ ബ്ലോക്ക് 2020ല്‍ പൂര്‍ത്തിയാക്കും
വിദ്യാഭ്യാസമേഖലയില്‍ 4000 കോടിയുടെ റെക്കോഡ് ചെലവ്
സര്‍വകലാശാലകള്‍ക്ക് 1513 കോടി
കിഫ്ബി ധനസഹായത്തോടെ കോളേജ് കെട്ടിടങ്ങള്‍
നവീകരിക്കുന്നതിന് 300.74 കോടിയുടെ പദ്ധതി
കലാസംസ്‌ക്കാര മേഖലയ്ക്ക് 157 കോടി
അമ്പലപ്പുഴ തകഴി സ്മാരകനവീകരണത്തിന് 5 കോടി
വൈക്കത്തെ പി.കൃഷ്ണപിള്ള സ്മാരകത്തിന് 1 കോടി
കൂന്നമ്മാവിലെ ചാവറ കുര്യാക്കോസ്
ഏലിയാസ് അച്ചന്റെ സ്മാരകം പൂര്‍ത്തീകരിക്കുന്നതിന് 50 ലക്ഷം രൂപ
ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ വീട് സംരക്ഷിക്കാന്‍ 1 കോടി
കുമാരഗുരുവിന്റെ സ്മരണയ്ക്കുള്ള പി.ആര്‍.ഡി.എസ്
കോളേജിന്റെ കെട്ടിടം പൂര്‍ത്തീകരിക്കുന്നതിന് 1 കോടി
കേരളത്തിലെ പ്രമുഖ ലൈബ്രറികളിലെ പത്രശേഖരത്തിന്റെ
ഡിജിറ്റലൈസേഷന് ആര്‍ക്കേവ്സിന് 2 കോടി
ലൈബ്രേറിയന്‍മാരുടെ അലവന്‍സ് 20 ശതമാനം ഉയര്‍ത്തും
സ്പോര്‍ട്സ് മേഖലയ്ക്ക് 529 കോടിയുടെ കിഫ്ബി സഹായം
ചെങ്ങന്നൂര്‍ ബൈപ്പാസ്, ആറ്റിങ്ങല്‍ നഗരറോഡിന്റെ വീതി കൂട്ടല്‍, കൊല്ലത്തെ ബൈപ്പാസിലെ ചെങ്കോട്ട റോഡ് ജംഗ്ഷനില്‍ ഫ്‌ളൈഓവര്‍
തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്ലാന്‍ ഗ്രാന്റില്‍ 500 കോടിയുടെ വര്‍ദ്ധന.
സര്‍ക്കാര്‍ ഓഫീസുകള്‍ സ്ത്രീ സൗഹൃദമാക്കാന്‍ 50 കോടി
ജൂണ്‍ 1 മുതല്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നേഷന്‍ സംവിധാനം (എ.എന്‍.പി.ആര്‍) വഴി കേരളത്തിലേയ്ക്ക് വരുന്ന എല്ലാ ചരക്കുവാഹനങ്ങളിലും തല്‍സമയം ഇ-വേബില്‍ പരിശോധന
ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ദ്ധന
റവന്യു വകുപ്പില്‍ സര്‍ട്ടിഫിക്കറ്റിനും മറ്റും അപേക്ഷിക്കുന്നതിന് 5 രൂപ സ്റ്റാമ്പ് ഒട്ടിക്കണമെന്ന നിബന്ധന എടുത്തുകളയുന്നു
പാട്ടക്കുടിശികയ്ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍

സാമ്പത്തിക സൂചകങ്ങള്‍
മൊത്തം ചെലവുകളില്‍ 13.88 ശതമാനം വര്‍ദ്ധന
റവന്യൂ ചെലവില്‍ 9.81 ശതമാനം വര്‍ദ്ധന
റവന്യു വരുമാനം 15.35 ശതമാനം ഉയരും
റവന്യൂ കമ്മി 1.68 ശതമാനത്തില്‍ നിന്ന് 1 ശതമാനമായി താഴും
മൂലധനച്ചെലവില്‍ 53.3 ശതമാനം വര്‍ദ്ധന
മൂലധനച്ചെലവ് 12.6 ശതമാനം
വായ്പയില്‍ നിന്നുള്ള റവന്യൂചെലവിന്റെ തോത് 56.03 ശതമാനത്തില്‍ നിന്ന് 33.40 ശതമാനമായി കുറയും
ധനക്കമ്മി 3 ശതമാനം

Share this news

Leave a Reply

%d bloggers like this: