അയര്‍ലണ്ടിലെ നേഴ്സുമാരുടെ പണിമുടക്കിന് താത്കാലിക വിരാമം; ലേബര്‍ കോര്‍ട്ടില്‍ മുന്നോട്ടുവെച്ച പുതിയ പ്രൊപ്പോസല്‍ ബാലറ്റ് വോട്ടെടുപ്പിലൂടെ തീരുമാനിക്കും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇന്നു മുതല്‍ തുടരാനിരുന്ന നഴ്‌സുമാരുടെ പണിമുടക്ക് താത്കാലികമായി പിന്‍വലിച്ചു. ലേബര്‍കോര്‍ട്ടില്‍ ഗവണ്മെന്റ് പ്രതിനിധികളുമായി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ കാര്യങ്ങള്‍ രമ്യമായി പരിഹരിക്കാമെന്ന് ഗവണ്മെന്റ് ഉറപ്പുനല്കിയതിന്റെ അടിസ്ഥാനത്തിലാണ് നേഴ്‌സ് സമരം പിന്‍വലിച്ചത്. ലേബര്‍കോര്‍ട്ടില്‍ മുന്നോട്ടു വെച്ച വാഗ്ദാനങ്ങള്‍ INMO എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകരിച്ചതോടെയാണ് രണ്ടാഴ്ചയായി തുടര്‍ന്ന് വന്ന പണിമുടക്കിന് താത്കാലിക വിരാമമായത്. പുതിയ പ്രൊപ്പോസല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളു. എന്നാല്‍ ഇതും ബാലറ്റിനിട്ട് അംഗങ്ങളുടെ അഭിപ്രായമറിഞ്ഞതിനു ശേഷമാകും INMO അന്തിമ തീരുമാനമെടുക്കുക.

INMO മുന്നോട്ടുവെച്ച പ്രധാന പ്രതിസന്ധി മേഖലകളില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകുമെന്ന് ലേബര്‍കോര്‍ട്ടില്‍ ഉറപ്പുകിട്ടിയിട്ടുണ്ട്. സുരക്ഷിതമല്ലാത്ത സ്റ്റാഫിംഗ് ലെവല്‍ ക്രമപ്പെടുത്താനും, അടിയന്തര റിക്രൂട്ട്‌മെന്റ് നടത്താനും, ജീവനക്കാരെ നിലനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ സുരക്ഷിതമായ സ്റ്റാറിങ് ലെവല്‍ നിലനിര്‍ത്താന്‍ വാര്‍ഷിക ഫണ്ടിങ് അനുവദിച്ചു. സാലറി സ്‌കെയിലിലും അലവന്‍സിലും കാര്യമായ മാറ്റങ്ങളും പ്രതീക്ഷിക്കാം. നേഴ്സിങ് വിദ്യാഭ്യാസ, ട്രെയിനിങ് അവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള പ്രൊപ്പോസലും മുന്നോട്ടുവെച്ചിട്ടുണ്ട്. സീനിയര്‍ മാനേജ്മെന്റ് സ്റ്റാഫിനുള്‍പ്പെടെ നേരിടുന്ന പ്രശനങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കും.

നിലവിലെ ശമ്പള സ്‌കെയില്‍ അനുസരിച്ച് നഴ്‌സസിങ് വിദ്യാര്‍ത്ഥികള്‍ക്കും മിഡൈ്വഫുമാര്‍ക്കും പ്രതിവര്‍ഷം 14,243 യൂറോയാണ് ശമ്പളം. സ്റ്റാഫ് നേഴ്സുമാര്‍ക്ക് പ്രതിവര്‍ഷം 24,850 യൂറോയും സീനിയര്‍ സ്റ്റാഫ് നേഴ്സിന് 47,898 യൂറോയുമാണ് നിലവിലെ ശമ്പളം. 2018-2020 കാലയളവില്‍ 6.4 ശതമാനത്തില്‍ നിന്ന് 7.2 ശതമാനം ശമ്പളവര്‍ധനവാണ് ഗവണ്മെന്റ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇപ്പോള്‍ പൊതുആരോഗ്യ മേഖലയിലുള്ള കുറഞ്ഞ വേതനം മൂലമാണ് നഴ്‌സുമാരെ ലഭിക്കാത്തതെന്നു യൂണിയന്‍ ലേബര്‍ കോര്‍ട്ടില്‍ പ്രസ്താവിച്ചു. നേഴ്‌സിങ് മിഡൈ്വഫറി ജീവനക്കാരുടെ കുറഞ്ഞ വേതനനിരക്കുകള്‍ ഐറിഷ് ആരോഗ്യമേഖലയിലേക്ക് കടന്നുവരാന്‍ പലര്‍ക്കും തടസ്സമാകുന്നുണ്ട്. 2008 ല്‍ നിന്ന് 2018 ല്‍ എത്തുമ്പോള്‍ ജീവനക്കാരുടെ എണ്ണം 6 ശതമാനം (1,754) കുറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇന്ന് മുതല്‍ തുടരാനിരുന്ന പണിമുടക്കുകള്‍ പിന്‍വലിച്ചതിനെ സ്വാഗതം ചെയ്ത് ധനകാര്യമന്ത്രി പാസ്‌ക്കല്‍ ഡോനഹോയും ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസും രംഗത്തെത്തി. പുതിയ പ്രൊപ്പോസല്‍ ഇന്ന് ക്യാബിനറ്റിന് മുന്‍പാകെ അവതരിപ്പിക്കുമെന്നും നേരത്തെയുള്ള പബ്ലിക്ക് സെക്ടര്‍ ഡീല്‍ ലംഘിക്കാതെയുള്ള മാറ്റങ്ങള്‍ നടപ്പില്‍ വരുത്തുമെന്നും സൈമണ്‍ ഹാരിസ് പ്രസ്താവിച്ചു. പുതിയ ഡീല്‍ അംഗീകരിച്ചാല്‍ നഴ്സുമാര്‍ക്കും മിഡ്വൈഫുമാര്‍ക്കും ഏകദേശം 1,200 ശമ്പള വര്‍ധനയ്ക്ക് സാധ്യതയുണ്ട്. പുതിയ ശമ്പള സ്‌കെയിലിലേക്ക് മാറുന്നതോടെ ചിലര്‍ക്ക് 7 ശതമാനത്തില്‍ കൂടുതല്‍(2,500യൂറോ) ശമ്പള വര്‍ധനവിനും സാധ്യതയുണ്ട്.

കുറഞ്ഞ വേതനവും അമിത ജോലി ഭാരവും മൂലം നഴ്സുമാരുടെയും രോഗികളുടെയും സുരക്ഷ ഒരുപോലെ പ്രതിസന്ധിയിലായതോടെയാണ് INMO പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്ക് നടത്തുന്നതില്‍ അംഗങ്ങളുടെ അഭിപ്രായമറിയാന്‍ ഡിസംബറില്‍ നടത്തിയ ബാലറ്റ് വോട്ടെടുപ്പില്‍ 95 ശതമാനം നേഴുമാരും സമരത്തെ അനുകൂലിച്ചിരുന്നു. ഇതോടെയാണ് ജനുവരി 30 ന് ആദ്യ 24 മണിക്കുര്‍ പണിമുടക്ക് അരങ്ങേറിയത്. പിന്നാലെ ഈ മാസം 5,7 തിയതികളിലും ആരോഗ്യമേഖലയെ നിശ്ചലാവസ്ഥയിലാക്കി നേഴ്സുമാരുടെ പണിമുക്കുകള്‍ നടന്നു. പണിമുടക്ക് പിന്‍വലിക്കാന്‍ HSE അവസാനവട്ട ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ഗവണ്മെന്റ് നേഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതില്‍ വിമുഖത കാണിച്ചതോടെ നേഴ്സുമാര്‍ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു. പൊതുജനങ്ങളും, പ്രതിപക്ഷ ആര്‍ട്ടികളും നേഴ്‌സുമാരോടൊപ്പം ഗവണ്മെന്റിനെതിരെ വിമര്‍ശനം ഉയര്‍ത്തിയതോടെയാണ് ഗവണ്മെന്റ് ചര്‍ച്ചയ്ക്ക് തയ്യാറായത്. കഴിഞ്ഞ ശനിയാഴ്ച ഡബ്ലിനില്‍ നടന്ന പതിനായിരക്കണക്കിന് നേഴ്സുമാര്‍ പങ്കെടുത്ത ദേശീയ റാലിയും ശക്തിപ്രകടനവും എത്രയും വേഗം പ്രശ്‌നനങ്ങള്‍ പരിഹരിക്കണമെന്ന നിലയിലേക്ക് ഗവണ്മെന്റിനെ കൊണ്ടെത്തിച്ചു.

Share this news

Leave a Reply

%d bloggers like this: