മെക്‌സിക്കന്‍ അതിര്‍ത്തി മതില്‍ പ്രതിസന്ധി; അമേരിക്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടണ്‍: രണ്ടാമതൊരു സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ ഒഴിവാക്കാന്‍ റിപ്പബ്ലിക്കന്‍ – ഡെമോക്രാറ്റ് പാര്‍ട്ടികള്‍ തമ്മില്‍ ഒത്തുതീര്‍പ്പ് ബില്‍ ഉണ്ടാക്കിയെങ്കിലും തന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം നിറവേറ്റുവാന്‍ പ്രസിഡന്റ് ട്രമ്പ് അതിര്‍ത്തി മതില്‍ നിര്‍മാണത്തിനുള്ള ഫണ്ട് കണ്ടെത്തുവാന്‍ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. മിലിട്ടറി ഉള്‍പ്പെടെ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്ന് മതില്‍ നിര്‍മാണത്തിന് എട്ടു ബില്യണ്‍ ഡോളര്‍ കണ്ടെത്താനാണ് നീക്കം. റോസ് ഗാര്‍ഡനില്‍ പത്രലേഖരുമായി സംസാരിക്കവേ അതിര്‍ത്തി മതില്‍ ദേശീയ സുരക്ഷയുടെ പ്രധാന കാര്യമാണെന്ന് ട്രമ്പ് ചൂണ്ടിക്കാട്ടി. രാജ്യത്തേക്കുള്ള അധിനിവേശം തടയാന്‍ ഇത് അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ ഒഴിവായെങ്കിലും അതിര്‍ത്തി മതിലിനുള്ള ഫണ്ട് കണ്ടെത്താന്‍ ട്രമ്പ് നടത്തിയ നീക്കം കോടതിയില്‍ നിയമ പോരാട്ടത്തിന് വഴി തുറക്കാന്‍ സാധ്യതയുണ്ട്.

333 ബില്യണ്‍ ഡോളറിന്റെ സ്പെന്‍ഡിംഗ് ബില്‍ വ്യാഴാഴ്ച വൈകി കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നു. 55 മൈല്‍ നീളത്തില്‍ അതിര്‍ത്തി വേലി നിര്‍മിക്കുന്നതിന് 1.38 ബില്യണ്‍ ഡോളര്‍ ഇതില്‍ അനുവദിച്ചിരുന്നു. 234 മൈല്‍ നീളത്തില്‍ പുതിയ മതില്‍ നിര്‍മിക്കുന്നതിന് 5.7 ബില്യണ്‍ ഡോളര്‍ അനുവദിക്കണമെന്നാണ് ട്രമ്പ് ആവശ്യപ്പെട്ടിരുന്നത്. ഈ വിഷയത്തിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അഞ്ചാഴ്ചത്തെ ഭാഗിക സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരുന്നു. അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവുമധികം കാലം നീണ്ട ഷട്ട്ഡൗണായിരുന്നു അത്.
എമര്‍ജിന്‍സി പ്രഖ്യാപനം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പാണെന്നും ആദ്യഘട്ടത്തില്‍ അനുകൂല വിധി പ്രതീക്ഷിക്കുന്നില്ലെന്നും, കാര്യങ്ങള്‍ സുപ്രീംകോടതിയില്‍ എത്തപ്പെടുമ്പോള്‍ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രമ്പ് പറഞ്ഞു. മതില്‍ നിര്‍മാണത്തിന് എട്ടു ബില്യണ്‍ ചിലപ്പോള്‍ ആവശ്യം വന്നേക്കില്ലെന്നും, എന്തായാലും മതില്‍ നിര്‍മിക്കുക എന്നതാണ് പ്രധാനമെന്നും ട്രമ്പ് പറഞ്ഞു.

രാജ്യത്തിന്റെ സുരക്ഷിതത്വത്തിനായി താന്‍ വാക്ക് പറഞ്ഞിരുന്ന മതില്‍ ഉയര്‍ത്തുമെന്നും ആ സമയത്ത് അതിര്‍ത്തികളില്‍ ഉണ്ടായേക്കാവുന്ന മാനവിക പ്രതിസന്ധിയ്‌ക്കെതിരെ കരുതിയിരിക്കാനാണ് ഈ അടിയന്തരാവസ്ഥ എന്നും ആഗോള മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ട്രംപ് പറഞ്ഞു. അതിര്‍ത്തികളിലൂടെയുള്ള മയക്കുമരുന്ന് മാഫിയകളുടെയും കൊടും ക്രിമിനലുകളുടെയും കടന്നുകയറ്റം തടയാനും ഇത് ഉപകരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

അനധികൃത കുടിയേറ്റം തടയാന്‍ അമേരിക്കയുടെ മെക്സികോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുമെന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചതോടെ മതിലിനുള്ള ഫണ്ട് പാസാകാത്ത അവസ്ഥയായി. മതിലിനുള്ള ഫണ്ട് പാസാക്കിയാലേ ട്രഷറി പ്രവര്‍ത്തിപ്പിക്കാനുള്ള ബില്ലില്‍ ഒപ്പിടൂ എന്ന നിലപാട് ട്രംപ് സ്വീകരിച്ചതോടെയാണ് ഒരു മാസത്തിലേറെ നീണ്ട സ്തംഭനമുണ്ടായത്. സമവായ ചര്‍ച്ച നടത്താന്‍ ഇരുകൂട്ടരും ധാരണയായതോടെ ട്രഷറി താല്‍ക്കാലികമായി തുറന്നുകൊടുത്തു.
എന്നാല്‍, മതില്‍ വിഷയത്തില്‍ ഡെമോക്രാറ്റുകളും ട്രംപും തമ്മില്‍ സമവായത്തിലെത്തിയില്ല. ഈ സാഹചര്യത്തിലാണ് മറ്റൊരു സ്തംഭനം തുടങ്ങുന്നതിനുമുമ്പ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതിര്‍ത്തി സംരക്ഷിക്കാനും അവിടെ മതില്‍കെട്ടാനും രാജ്യത്തെ സംരക്ഷിക്കാനുമുള്ള പ്രതിജ്ഞ നിറവേറ്റുകയാണ് പ്രസിഡന്റ് ചെയ്യുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: