അയര്‍ലണ്ടിലെ ആശുപത്രി ദുരിതം തീരുന്നില്ല; ആവശ്യത്തിന് കിടക്കകള്‍ ഇല്ലാതെ ശസ്ത്രക്രിയകള്‍ റദ്ദാക്കുന്നു

ഡബ്ലിന്‍: ആശുപത്രി കിടക്കകളുടെ അഭാവം മൂലം എമര്‍ജന്‍സി ചികിത്സാ സൗകര്യങ്ങള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് അയര്‍ലണ്ടിലെ പല ആശുപത്രികളും. ആശുപത്രികളിലെ കിടക്ക ക്ഷാമത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജീവനക്കാരുടെ കുറവും അടിയന്തരവിഭാഗത്തിലെ രോഗികളുടെ തിരക്കും കൂടി വര്‍ധിച്ചതോടെ രോഗികളും ആശുപത്രി ജീവനക്കാരും തീര്‍ത്തും ദുരിതത്തിലായിരിക്കുകയാണ്. രോഗികള്‍ക്കുള്ള കിടക്ക സൗകര്യങ്ങള്‍ ലഭ്യമാകാത്തതിനാല്‍ സാധാരണ നടക്കുന്നതില്‍ നിന്ന് 20 മുതല്‍ 25 ശതമാനം ശസ്ത്രക്രിയകള്‍ മാത്രമേ ഇപ്പോള്‍ നടക്കുന്നുള്ളുവെന്ന് ഡോണഗല്‍ ലെറ്റര്‍കെന്നി ആശുപത്രി സര്‍ജന്‍ Dr Peter O’Rourke വ്യക്തമാക്കുന്നു. ഇവിടെ വിവിധ സര്‍ജറികള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം ഡിസംബറില്‍ 70,804 ആയിരുന്നത് ജനുവരിയില്‍ 72,027 ആയി ഉയര്‍ന്നിട്ടുണ്ട്. ഓര്‍ത്തോപീഡിയാക്ക് സര്‍ജറികള്‍ക്കായി 18 മാസത്തിലേറെയായി 797 പേര്‍ കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ 13 വര്‍ഷമായി ആരോഗ്യ രംഗത്ത് തുടരുന്ന ഈ പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ട നടപടികള്‍ വേണ്ട രീതിയില്‍ കൈകൊള്ളാത്തതില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്. അടിസ്ഥാന വികസ മേഖലയില്‍ ഫണ്ട് ദൗര്‍ലഭ്യം ഉണ്ടാകുന്നത് ആശുപത്രികളെ സാരമായി ബാധിച്ചിട്ടുണ്ട്. ആരോഗ്യരംഗത്ത് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ നാഷണല്‍ ട്രീറ്റ്‌മെന്റ് പര്‍ച്ചേസ് ഫണ്ട് 75 മില്യണ്‍ യൂറോ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ആശുപത്രികളില്‍ തിരക്ക് കുറക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഐറിഷ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ആരോഗ്യ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച മന്ത്രി സൈമണ്‍ ഹാരിസിന്റെ പ്രഖ്യാപനങ്ങളും ഇതുവരെ വെളിച്ചം കണ്ടില്ല

രാജ്യത്തെ വിവിധ ആശുപത്രികളില്‍ 523,225 പേരാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. ശൈത്യകാലത്ത് വ്യാപകമായി പനി പടര്‍ന്നുപിടിച്ചതോടെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ അടിയന്തിര ശാസ്ത്രക്രീയകള്‍ പോലും അനന്തമായി നീളുകയാണ്. അയര്‍ലണ്ടില്‍ ആശുപത്രി സംവിധാനങ്ങളില്‍ അഴിച്ചുപണി ആവശ്യപ്പെട്ടുകൊണ്ട് ഐ.എന്‍.എം.ഒ ഉള്‍പ്പേടെയുള്ള ആരോഗ്യ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. ഈ വര്‍ഷം പ്രഖ്യാപിക്കപ്പെട്ട ബഡ്ജറ്റില്‍ ആരോഗ്യ രംഗത്ത് നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ഉറപ്പ് ലഭിച്ചെങ്കിലും തുടര്‍ നടപടികള്‍ വൈകുന്നതില്‍ വന്‍ ആക്ഷേപങ്ങളാണ് ഉയരുന്നത്.

Share this news

Leave a Reply

%d bloggers like this: