ഡ്രൈവിങ് ടെസ്റ്റിന് കാത്തിരിക്കുന്ന അപേക്ഷകരുടെ എണ്ണം വര്‍ധിക്കുന്നു; ലൈസന്‍സ് ലഭിക്കാന്‍ ആറ് മാസം വരെ കാലതാമസം; അടിയന്തിര ഇടപെടല്‍ ഉണ്ടാകാന്‍ ഗതാഗതമന്ത്രിയോട് ആവശ്യപ്പെട്ടു

ഡബ്ലിന്‍: ഡ്രൈവിംഗ് പരിശോധകരുടെ അഭാവത്തില്‍ കൃത്യ സമയങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ നടത്താതെ വന്നത് രാജ്യത്തെ പല കൗണ്ടികളിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കോര്‍ക്ക്, കെറി കൗണ്ടികളിലാണ് കൂടുതല്‍ പേര്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിപ്പ് നീളുന്നത്. റോഡ് സുരക്ഷാ അതോറിറ്റിയുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ മാല്ലൊ, സ്‌കിബെറീന്‍, കില്‍കെന്നി എന്നിങ്ങനെ നാല് സെന്ററുകളില്‍ 13 ഡ്രൈവിങ് പരിശോധകര്‍ മാത്രമാണുള്ളത്. എന്നാല്‍ ഈ സെന്ററുകളില്‍ ഡ്രൈവിങ് ടെസ്റ്റിന് വേണ്ടി കാത്തിരിക്കുന്നവരുടെ എണ്ണം 11,000 ത്തിലധികമാണ്.

അപേക്ഷ സമപ്പിച്ച് 10 ആഴ്ചയ്ക്കുള്ളില്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തണമെന്നാണ് റോഡ് സേഫ്റ്റി അതോറിറ്റിയുടെ നിയമം. എന്നാല്‍ ആറ് മാസത്തോളമാണ് അപേക്ഷകര്‍ കാത്തിരിക്കുന്നതെന്ന് കോര്‍ക്ക് നോര്‍ത്ത് വെസ്റ്റ് ഫിയന ഫാള്‍ TD ആന്‍ഡ്രിയാസ് മൊയ്‌നിഹാന്‍ കുറ്റപ്പെടുത്തി. ടെസ്റ്റ് നടത്താതെ വരുന്ന സാഹചര്യത്തില്‍ പലരുടെയും തൊഴില്‍ നഷ്ടപ്പെടുന്നതിന് കാരണമായിത്തീരും എന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. അടിയന്തരമായി ഗതാഗതമന്ത്രി ഷെയ്ന്‍ റോസ് ഈ പ്രശ്നത്തില്‍ ഇടപെടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കോര്‍ക്ക് സെന്ററില്‍ 15 മുതല്‍ 17 ആഴ്ചകള്‍ വരെ അപേക്ഷകര്‍ താമസം നേരിടുന്നുണ്ട്. ഏഴോളം അംഗീകൃത പരിശോധകര്‍ മാത്രമാണ് ഇവിടുള്ളത്. 6,554 അപേക്ഷകരാണ് ഇവിടെ കാത്തിരിക്കുന്നത്. മാലോവില്‍ ഒരു പരിശോധകന്‍ മാത്രമുള്ളപ്പോള്‍ ഇവിടെ ടെസ്റ്റിനായി കാത്തിരിക്കുന്നത് 1,986 പേരാണ്.

അപേക്ഷകര്‍ നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് മൊയാഗ് മര്‍ഡോക്ക് പ്രതികരിച്ചു. 2018 ല്‍ റോഡ് സേഫ്റ്റി അതോറിറ്റി 52 ഡ്രൈവിംഗ് പരിശോധകരെ പുതുതായി റിക്രൂട്ട് ചെയ്തിട്ടുണ്ട്. 14 പരിശോധകര്‍ ഇപ്പോള്‍ ട്രെയിനിങ്ങിലാണ്. 151 പേരാണ് നിലവിലുള്ളത്. വര്‍ഷം തോറും 260,000 ഡ്രൈവിംഗ് ടെസ്റ്റുകളാണ് നടത്തിവരുന്നത്. ഡ്രൈവിംഗ് ടെസ്റ്റിന് വേണ്ടിയുള്ള അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതോടെ ആവശ്യത്തിന് പരിശോധകര്‍ ഇല്ലാതെ പലര്‍ക്കും കൃത്യസമയത്ത് ലൈസന്‍സ് ലഭിക്കാതെ വരുന്ന സാഹചര്യമുണ്ട്.

പലരും തൊഴില്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കും പഠന ആവശ്യങ്ങള്‍ക്കുമാണ് ഡ്രൈവിങ് ടെസ്റ്റിനായി അപേക്ഷിച്ചിട്ടുള്ളത്. ടെസ്റ്റ് നടത്തുന്നതില്‍ ഇത്രയധിയം കാലതാമസം നേരിടുന്നത് ആളുകളെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ എത്രയും വേഗത്തില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടെസ്റ്റുകളുടെ കൃത്യമായ നടത്തിപ്പിന് ഇനിയും കൂടുതല്‍ സെന്ററുകള്‍ അനുവദിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: