ഇന്റര്‍നെറ്റ് പകര്‍പ്പവകാശം കര്‍ക്കശമാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ്: ഇന്റര്‍നെറ്റിലെ പകര്‍പ്പവകാശ ലംഘനങ്ങള്‍ കര്‍ക്കശമായി തടയാന്‍ യൂറോപ്യന്‍ യൂണിയന്‍ നിയമം കൊണ്ടുവരുന്നു. ഇതനുസരിച്ച് യൂട്യൂബ് അടക്കമുള്ള പ്‌ളാറ്റ്‌ഫോമുകളില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകള്‍ പകര്‍പ്പവകാശ ലംഘനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കൂടുതല്‍ ശക്തമായി ഇടപെടണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. സൈബര്‍ അവകാശത്തിനു വേണ്ടി വാദിക്കുന്നവര്‍ പുതിയ നിയമ നിര്‍മാണത്തിനെതിരേ ക്യാംപെയ്‌നും തുടങ്ങിക്കഴിഞ്ഞു.

അപ്ലോഡ് ഫില്‍റ്റര്‍ സംവിധാനം ഉപയോഗിച്ച് കോപ്പിറൈറ്റ് ലംഘനം തടയാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അപ്ലോഡ് ചെയ്യുന്ന ഫയലിന്റെ ഉടമസ്ഥാവകാശം അപ്‌ളോഡ് ചെയ്യുന്ന ആള്‍ക്കു തന്നെയാണോ എന്ന് വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നതിനുള്ള സംവിധാനമാണ് അപ്ലോഡ് ഫില്‍റ്റര്‍. എന്നാലിത്, ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനു തുല്യമാണെന്നാണ് വിമര്‍ശകരുടെ ആരോപണം.

വന്‍കിട കമ്പനികളായ ഗൂഗിളിനും ഫേസ്ബുക്കിനും നിയമം തിരിച്ചടിയാകും. സംഗീതം, വീഡിയോ, മറ്റ് വിവരങ്ങള്‍ എന്നിവയ്ക്കെല്ലാം അതിന്റെ യഥാര്‍ത്ഥ ഉടമകള്‍ക്ക് പ്രതിഫലം നല്‍കേണ്ടി വരുമ്പോള്‍ സൗജന്യ വിവരങ്ങളെ ആശ്രയിക്കുന്ന ഉപയോക്താക്കള്‍ക്കും ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

ആര്‍ട്ടിസ്റ്റുകളും നിര്‍മാതാക്കളും പ്ലാറ്റ് ഫോമുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ വിസമ്മതിക്കുന്ന പക്ഷം, അത്തരം ഫയല്‍ തങ്ങളുടെ പ്ലാറ്റ് ഫോമില്‍ നിന്ന് നീക്കം ചെയ്യുകയോ, മറ്റുള്ളവര്‍ അത് അപ്ലോഡ് ചെയ്യുന്നത് തടയുകയോ വേണ്ടാതായി വരും. പുതിയ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ ഗൂഗിളിന്റെ ‘ഗൂഗിള്‍ ന്യൂസ്’ സേവനം യൂറോപ്പില്‍ നിര്‍ത്തലാക്കേണ്ടതായി വരും. സ്‌പെയില്‍ മുന്‍പേ നിര്‍ത്തലാക്കിയിരുന്നു. ഇനിമുതല്‍ യൂറോപ്പില്‍ എന്തെങ്കിലും കണ്ടന്റ് പബ്ലിഷ് ചെയ്യുന്നതിന് മുന്‍പ് ടെക്, ഇന്റര്‍നെറ്റ് കമ്പനികള്‍ അതിന്റെ ക്രിയേറ്ററുമായി കൂടിയാലോചിച്ച് പ്രസിദ്ധീകരിക്കാനുള്ള ലൈസന്‍സ് നേടേണ്ടതായി വരുമെന്ന് ചുരുക്കം.

Share this news

Leave a Reply

%d bloggers like this: