നോ-ഡീല്‍ ബ്രെക്‌സിറ്റ്: അയര്‍ലണ്ടിലെ നിത്യോപയോഗ സാധനങ്ങള്‍ക്ക് ക്ഷാമം നേരിടും,45 ശതമാനം വരെ വില വര്‍ധിക്കും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള ബ്രിട്ടന്റെ കൊഴിഞ്ഞുപോക്ക് നേരിട്ട് ബാധിക്കുന്ന ഒരു കാര്യമാണ്. നോ-ഡീല്‍ ബ്രെക്സിറ്റ് സംഭവിച്ചാല്‍ ഭക്ഷ്യസാധങ്ങള്‍ക്ക് ക്ഷാമം നേരിടുമെന്ന് അയര്‍ലണ്ട്, വടക്കന്‍ അയര്‍ലണ്ട്, യുകെ എന്നിവിടങ്ങളിലെ റീട്ടെയ്ല്‍ മാര്‍ക്കറ്റ് കൂട്ടായ്മ മുന്നറിയിപ് നല്‍കുന്നു. ചരക്കുവില, എക്സ്ചേഞ്ച് നിരക്കുകള്‍, എണ്ണവില എന്നിവ ഉള്‍പ്പെടെ വിവിധഘടകങ്ങളെ ആശ്രയിച്ചാണ് ഭക്ഷ്യവില നിര്‍ണയിക്കപ്പെടുന്നത്. യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്ന ഭക്ഷ്യേതര വസ്തുക്കളുടെ വില വര്‍ധിക്കുന്നത് കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് അടിയാകും. 45 ശതമാനത്തോളം വിലവര്ധനവാണ് കച്ചവടക്കാര്‍ കണക്കുകൂട്ടുന്നത്. സാമ്പത്തീക ഭദ്രതയുള്ള കുടുംബങ്ങളെക്കാള്‍ വിലകയറ്റം ബാധിക്കുന്നത് 70 ശതമാനത്തോളം സാധാരണ കുടുംബങ്ങളെയാണ്.

യുകെയില്‍ നിന്ന് കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന ധാന്യമാവ്, പഞ്ചസാര എന്നിവയ്ക്കാണ് ക്ഷാമം നേരിടാന്‍ പോകുന്നത്. ഇവ രണ്ടും അയര്‍ലണ്ടില്‍ ഉത്പാദിപ്പിക്കപ്പെടുന്നില്ല. ദൈന്യദിന ആവശ്യങ്ങള്‍ക്ക് ഇവ അത്യാവശ്യമാണുതാനും ബ്രെഡിന് 30 ശതമാനം വരെ വില വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ഇവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന 80% ധാന്യമാവും യുകെയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതാണ് എന്നതിനാലാണ് വില വര്‍ദ്ധനവ് സംഭവിക്കുക. പാല്‍, മുട്ട, ചീസ് തുടങ്ങിയവയുടെ വിലയില്‍ 46 ശതമാനം വര്‍ദ്ധനവുണ്ടാകും യുകെയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ധാന്യമാവ് ഉപയോഗിച്ചാണ് ഇവിടെ കേക്കുകള്‍, ചിക്കന്‍ കോട്ടിങ്‌സ്, ബാറ്റേര്‍ഡ് ഫിഷ് എന്നിവയെല്ലാം തയ്യാറാക്കുന്നത്. ഇവ ഉണ്ടാക്കിയ ശേഷം തിരികെ യുകെയിലേയ്ക്ക് കയറ്റുമതി ചെയ്യാറുമുണ്ട്. അതിനാല്‍ ബിസിനസിനെയാകമാനമായിരിക്കും ബ്രെക്‌സിറ്റ് ബാധിക്കുക.

അയര്‍ലണ്ടിലേക്കുള്ള 34 ശതമാനം സാധനങ്ങളും യൂകെയില്‍ നിന്നാണ് ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നത്. അതിനാല്‍ ഇറക്കുമതി കുറയ്ക്കുന്ന തരത്തിലുള്ള തര്‍ക്കത്തിലേക്കു നീങ്ങുന്നതോ തീരുവ സംബന്ധിച്ച എന്തെങ്കിലും വ്യവസ്ഥകളോടു കൂടിയ കരാര്‍ മുമ്പോട്ടു വെക്കുന്നതോ കനത്ത പ്രത്യാഘാതമുണ്ടാക്കുമെന്നു മുന്നറിയിപ്പുണ്ട്. ഹോട്ടല്‍ ബില്ലിലും ഇതര സേവനങ്ങളിലും കൂടിയ തുക ചുമത്തിക്കൊണ്ടാകും കച്ചവടക്കാര്‍ തങ്ങള്‍ക്കു നേരിട്ട അധികച്ചെലവ് ഉപഭോക്താക്കളില്‍ നിന്നു തിരിച്ച് ഈടാക്കുക. ഇതിനെ ചെറുത്തു നില്‍ക്കാന്‍ സര്‍ക്കാരിന് ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിച്ചുങ്കം കുറയ്ക്കേണ്ടി വരും. യുകെയില്‍ നിന്നുള്ളവയ്ക്കു വേറെ തീരുവ അല്ലാത്തവയ്ക്ക് വേറെ എന്ന നിലയ്ക്കാകും ചുങ്കം കുറയ്ക്കേണ്ടി വരുക. എന്നാല്‍ ഇത് ഐറിഷ് ഭക്ഷ്യോല്‍പ്പാദകരുടെ അടിത്തറയിളക്കും.

രാജ്യവ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഇലക്ട്രിക്കല്‍ മെഷ്യനറികള്‍ ആകെ ഇറക്കുമതി ചിലവിന്റെ 16 ശതമാനം കൈയ്യടക്കുമ്പോള്‍ ഗ്യാസ് അടക്കമുള്ള ഇന്ധനച്ചിലവ് ഇനത്തിലാണ് 15 ശതമാനം ചിലവുണ്ടാകുന്നത്.ഭക്ഷ്യ ഇറക്കുമതിയാവട്ടെ 10 ശതമാനം മാത്രമേയുള്ളു. ഫലത്തില്‍ മറ്റു മാര്‍ഗങ്ങള്‍ തേടിയില്ലെങ്കില്‍ ഇവയ്‌ക്കെല്ലാം വില ഉയരുക തന്നെ ചെയ്യും. അതേ സമയം മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നോ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നോ ഉള്ള ഇറക്കുമതികള്‍ പ്രബലപ്പെടുത്തിയാല്‍ ഐറിഷ് ജനത പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന പല രുചികളും നഷ്ടപ്പെടുമെന്ന ഭാഷ്യവും ഉയരുന്നുണ്ട്.

എല്ലാ അംഗരാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്റെ കസ്റ്റംസ് യൂണിയന്റെ ഭാഗമാണ്. ഇവര്‍ക്കിടയില്‍ ചരക്കുകൈമാറ്റത്തിന് ആഭ്യന്തരനികുതികളില്ല. യൂണിയനു പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള ചരക്കു പ്രവേശനത്തിന് അംഗീകൃത പൊതുതീരുവ നിരക്കുകളാണുള്ളത്. യൂറോപ്യന്‍ ധനകാര്യമേഖലയിലെ അംഗങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വമില്ലാതെ തന്നെ വിപണിപ്രവേശനം സാധ്യമാണ്. എന്നാല്‍ നിയന്ത്രണം സംബന്ധിച്ച തീരുമാനങ്ങളെടുക്കുമ്പോള്‍ ഭരണാധികാരി എന്ന നിലയിലുള്ള ബ്രിട്ടന്റെ അധികാരം നോ-ഡീല്‍ ബ്രെക്‌സിറ്റില്‍ ചോദ്യം ചെയ്യപ്പെടും.

Share this news

Leave a Reply

%d bloggers like this: