ബ്രെക്സിറ്റിലെ അന്തിമ പാര്‍ലമെന്റ് വോട്ടെടുപ്പ് രണ്ടാഴ്ചത്തേക്കു കൂടി നീട്ടിവെച്ച് പ്രധാനമന്ത്രി തെരേസ മേയ്; ഉപാധികളോടെയുള്ള ബ്രെക്സിറ്റ് ഉറപ്പെന്ന് അവകാശവാദം

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രെക്‌സിറ്റ് കരാറില്‍ മാര്‍ച്ച് 12-ന് അന്തിമ വോട്ടെടുപ്പ് നടക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്. കരാറിന്മേല്‍ ഈയാഴ്ച പാര്‍ലമെന്റില്‍ വീണ്ടും വോട്ടെടുപ്പ് നടക്കുമെന്ന അഭ്യൂഹവും അവര്‍ തള്ളി. ‘ബ്രെക്‌സിറ്റ് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനുമായി ഇപ്പോഴും ചര്‍ച്ച നടക്കുകയാണ്. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീയതിയായ മാര്‍ച്ച് 29-ന് മുന്‍പ് കരാറിലെത്താനായില്ലെങ്കില്‍ ബ്രെക്‌സിറ്റ് വൈകിപ്പിക്കാന്‍ വോട്ടുചെയ്യുമെന്ന് പ്രഖ്യാപിച്ച മന്ത്രിമാര്‍ക്കെതിരേ നടപടിയെടുക്കില്ല. എന്നാല്‍ ബ്രെക്‌സിറ്റ് വൈകിപ്പിക്കുന്നത് പ്രശ്‌നത്തിന് പരിഹാരമല്ല’ -മേയ് പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും അറബ് ലീഗ് നേതാക്കളുമായി ഈജിപ്തില്‍ നടക്കുന്ന ഉച്ചകോടിക്കായുള്ള യാത്രാമധ്യേയായിരുന്നു മേയുടെ പ്രതികരണം.

മാര്‍ച്ച് 29നു ബ്രെക്സിറ്റ് നടപ്പാക്കാന്‍ സാധിക്കുമെന്നും അവര്‍ പ്രത്യാശിച്ചു. എന്നാല്‍ മാര്‍ച്ച് 12ലെ വോട്ടെടുപ്പിനുശേഷം ബ്രെക്സിറ്റിന് വെറും 17 ദിവസത്തെ സാവകാശമേ ലഭിക്കുകയുള്ളുവെന്നും ഇതു പോരെന്നും മേയുടെ കാബിനറ്റിലെ ഏതാനും മന്ത്രിമാര്‍ പറഞ്ഞു. കരാര്‍ കൂടാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തുപോകേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാന്‍ ബ്രെക്സിറ്റ് തീയതി നീട്ടണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം ഉന്നയിച്ചവര്‍ക്ക് എതിരേ നടപടിയെടുക്കാന്‍ മേയ് തയാറായിട്ടില്ല.

കരാറിലെത്താനായില്ലെങ്കില്‍ ബ്രെക്‌സിറ്റ് വൈകിപ്പിക്കുന്നതിനെ പിന്തുണച്ച് വോട്ടുചെയ്യണമെന്ന് ബ്രിട്ടീഷ് പരിസ്ഥിതി മന്ത്രി മൈക്കിള്‍ ഗോവ് നേരത്തേ മന്ത്രിസഭാംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. താന്‍ അവതരിപ്പിക്കുകയും പാര്‍ലമെന്റ് തള്ളുകയും ചെയ്ത കരാര്‍ എംപിമാരെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള സമ്മര്‍ദ്ദതന്ത്രമാണ് ബ്രെക്സിറ്റിന് രണ്ടാഴ്ച മാത്രം മുമ്പ് ഈ വിഷയത്തില്‍ വോട്ടെടുപ്പ് നടത്താനുള്ള നീക്കത്തിലൂടെ പ്രധാനമന്ത്രി നടത്തുന്നതെന്ന് വിലയിരുത്തലുണ്ട്.

എതിര്‍പ്പുകള്‍ ഉയരുന്നുണ്ടെങ്കിലും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകര്‍ന്നിട്ടില്ലെന്ന് മേയ് വ്യക്തമാക്കി. ഈ മാസം 27ന് ബ്രെക്സിറ്റ് വോട്ടെടുപ്പു നടത്തുമെന്നാണു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി കൂടുതല്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും അതിനാല്‍ വോട്ടെടുപ്പു മാറ്റിവയ്ക്കുകയാണെന്നും മേയ് വ്യക്തമാക്കി. ചൊവ്വാഴ്ച വീണ്ടും ബ്രസല്‍സിലേക്ക് പോകുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: