ബ്ലൂ വെയില്‍ ഗെയിമിനുശേഷം കുട്ടികളില്‍ ഭീതിയുണര്‍ത്തി മോമോ ചലഞ്ച് ഗെയിം; മരണക്കളിക്കെതിരെ മുന്നറിയിപ്പ് നല്‍കി ഗാര്‍ഡ

അയര്‍ലണ്ടിലും ഇന്ത്യയിലുമടക്കം ലോകമെങ്ങുമായി നൂറുകണക്കിന് കുട്ടികളുടെ ജീവനെടുത്ത ബ്ലൂ വെയില്‍ ചലഞ്ച് സൂയിസൈഡ് ഗെയിമിനുശേഷം ഇപ്പോള്‍ കുട്ടികളുടെ ജീവന് ഭീഷണിയുയര്‍ത്തി ഇന്റര്‍നെറ്റില്‍ പരക്കുന്ന മോമൊ ചലഞ്ച് ഗെയിമിനെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഗാര്‍ഡ അധികൃതര്‍. യുകെയിലെ ഏഴുവയസ്സുകാരനായ ഒരു കുട്ടി സ്‌കൂളിലെ സുഹൃത്തുക്കളോട് പാവപോലെയുള്ള ഭീകര ജീവികള്‍ രാത്രി കൊല്ലുവാന്‍ വരും എന്നു പറഞ്ഞതോടെയാണ് ഈ വിവരം പുറത്തുവന്നത്. അയര്‍ലണ്ടിലെ പ്രമുഖ നഗരങ്ങളിലെ വീടുകളിലുള്ള കുട്ടികളും ഈ ഗെയിം കളിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതേക്കുറിച്ച് കുട്ടികളില്‍ നിന്ന് അറിഞ്ഞ അധ്യാപകര്‍ നടത്തിയ അന്വേഷണത്തില്‍ നിന്ന്, കമ്പ്യൂട്ടറില്‍ കളിച്ച ഇന്റര്‍നെറ്റ് ഗെയിമിലാണ് ഭീകരരൂപമുള്ള പാവകളെ കണ്ടതെന്ന് വിദ്യാര്‍ത്ഥി വെളിപ്പെടുത്തുകയായിരുന്നു.

ഭീകരരൂപമുള്ള ഒരുപാവ വനിതയാണ് മോമൊ ചലഞ്ച് ഗെയിമിലെ നായിക. കറുത്ത നീണ്ട മുടിയും സാത്താന്‍ രൂപവും, തുറിച്ച കണ്ണുകളുമായി കുട്ടികളെ ഭയപ്പെടുത്തുന്ന ഗെയിം കഥാപാത്രം, വളരെവേഗം കുട്ടികള്‍ക്കിടയില്‍ ഭീതി സ്വപ്നമായി മാറിക്കൊണ്ടിരിക്കുന്നു. വാട്‌സ്ആപ്പ് അക്കൗണ്ടുകളിലൂടെയാണ് ഈ ഗെയിം പരക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ അംഗങ്ങള്‍ ആക്കിയശേഷം അവരുടെ അക്കൗണ്ടിലേക്ക് മോമോയുടെ ചിത്രങ്ങളും ഗെയിം കളിക്കേണ്ട രീതിയും എല്ലാം അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ഇതയച്ചു കൊടുക്കുന്നത് മോമോയുടെ പടവും പേരുമുള്ള അക്കൗണ്ടില്‍ നിന്നുമാണ്. എങ്ങനെ സ്വയം മുറിവേല്പ്പിക്കാമെന്നും മറ്റുള്ളവരെ എങ്ങനെ അപകടപ്പെടുത്താമെന്നും മോമൊ തന്റെ വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ പഠിപ്പിച്ചു കൊടുക്കുന്നു.

മോമൊ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ കുട്ടികളെ രാത്രിയില്‍ വന്നു കൊല്ലുമെന്നും ക്രൂരമായി ശിക്ഷിക്കുമെന്നുമൊക്കെ ഭീഷണിപ്പെടുത്തുന്നു. കുറ്റകൃത്യങ്ങള്‍ ഗെയിമിലൂടെ കാണിച്ചുകൊടുത്തശേഷം അതൊരു ചലഞ്ചായി ഏറ്റെടുത്ത് കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുകയാണ് ഗെയിം രീതി ഇങ്ങനെ അടിച്ചേല്പ്പിക്കുന്ന കുറ്റകൃത്യങ്ങള്‍ കുട്ടികള്‍ ചെയ്തില്ലെങ്കില്‍, മോമൊ അവരെ ഭീകരമായി ശപിക്കുകയും ചെയ്യും. രാത്രിവന്ന് അവരെ കൊല്ലുമെന്നും ഭിഷണിപ്പെടുത്തുന്നു. മോമോയെ അനുസരിക്കുóവര്‍ക്ക് പണവും രുചികരമായ ഭക്ഷ്യവിഭവങ്ങളും ലഭിക്കുമെന്നും വിശ്വസിപ്പിക്കും.

മോമൊ ഗെയിമിന് അടിമപ്പെട്ട ഒരു 12 വയസ്സുകാരി പെണ്‍കുട്ടി, അര്‍ജന്റീനയില്‍ ആത്മഹത്യ ചെയ്തതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയും മോമൊ ഗെയിം ഇപ്പോള്‍ വ്യാപകമായി പടരുന്നുണ്ട്. ഒരിക്കല്‍ ഗെയിമിന് അടിമകളാകുന്ന കുട്ടികളെക്കൊണ്ട് കൂടുതല്‍ ഗ്രൂപ്പുകളില്‍ മോമൊ തന്നെ ഭീഷണിപ്പെടുത്തി ഗെയിം ഷെയര്‍ ചെയ്യുകയാണ് രീതി. അയര്‍ലണ്ടിലെമ്പാടുമായി രക്ഷിതാക്കള്‍ മോമൊ ഗെയിമിനെക്കുറിച്ചുളള ആശങ്കയുമായി രംഗത്തെത്തിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും സ്‌കൂള്‍കുട്ടികളുടെ രക്ഷിതാക്കളുടെ വിവിധ ഗ്രൂപ്പുകളിലും ഇപ്പോള്‍ മോമൊ വിഷയം കാര്യമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.

കുട്ടികളെ വേണ്ടത്ര ശ്രദ്ധിക്കുവാന്‍ മാതാപിതാക്കള്‍ക്കും, അധ്യാപകര്‍ക്കും നിര്‍ദ്ദേശം നല്‍കിക്കൊണ്ടുള്ള മുന്നറിയിപ്പാണ് ഗാര്‍ഡ നല്‍കുന്നത്. ഗെയിം കളിച്ച് തങ്ങളുടെ നിയന്ത്രണത്തില്‍നിന്നു പുറത്തുപോകുന്ന കുട്ടികള്‍ തങ്ങള്‍ക്കുതന്നെ വിനയാണെന്ന് മാതാപിതാക്കള്‍ മനസിലാക്കണം. കുട്ടികളുടെ കംപ്യൂര്‍, മൊബൈല്‍ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.

Share this news

Leave a Reply

%d bloggers like this: