ക്ലെയിമുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ മടിക്കുന്നു; അയര്‍ലണ്ടില്‍ ഓംബുഡ്‌സ്മാനെ തേടിയെത്തിയത് ആറായിരത്തോളം പരാതികള്‍

ഡബ്ലിന്‍: പ്രീമിയം തുക കൃത്യമായി ഈടാക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇടപാടുകാര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്നില്ലെന്ന് പരാതി. അയര്‍ലണ്ടിലെ ധനകാര്യ സ്ഥാപനങ്ങളെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ഓംബുഡ്‌സ്മാന് ലഭിച്ചത് ആറായിരം പരാതികളാണ്. ബാങ്ക്, ഇന്‍ഷുറന്‍സ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് ഓംബുഡ്‌സ്മാനെ തേടി എത്തുന്നത്.

കൊടുങ്കാറ്റടിച്ച് വീടിന്റെ മേല്‍ക്കൂര തകര്‍ന്നതിനാല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട പരാതിയില്‍ കെട്ടിട നിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ലെയിമുകള്‍ അംഗീകരിക്കാത്ത കേസില്‍ പരാതിക്കാര്‍ക്ക് 40,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തിന് ഓംബുഡ്സ്മാന്‍ പാനല്‍ ആവശ്യപ്പെട്ടു. പരാതിയിലെ സത്യാവസ്ഥ മനസിലാക്കി പരാതിക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഓംബുഡ്‌സ്മാനെ തന്നെ സമീപിക്കേണ്ട സ്ഥിതിയാണ് നിലവില്‍ തുടരുന്നത്.

ഒട്ടുമിക്ക കേസുകളിലും ആനുകൂല്യത്തിന് അര്‍ഹരായവര്‍ക്ക് അത് നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ധനകാര്യ വകുപ്പ് ചില നിയമ പരിഷ്‌കാരങ്ങള്‍ ആരംഭിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ഇത്തരത്തിലുള്ള കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ നഷ്ടപരിഹാരത്തുക നിഷേധിക്കുന്ന കമ്പനികള്‍ക്കെതിരെ ഇനിമുതല്‍ ശക്തമായ നടപടികളും ഉണ്ടായേക്കും.

ഡികെ

Share this news

Leave a Reply

%d bloggers like this: