ഇസ്ലാമിക് തീവ്രവാദി യു.കെയിലേക്ക് വളഞ്ഞവഴിയില്‍ കടക്കുമോ? സാധ്യത തള്ളിക്കളയാനാവില്ലെന്ന് യൂറോപ്യന്‍ രഹസ്യാന്വേഷണ സേന…

ലണ്ടന്‍: ജിഹാദി വധു ഷമീമ ബീഗം ബ്രിട്ടനില്‍ എത്തിയേക്കുമെന്ന് സൂചന. ഇറാക്ക് അതിര്‍ത്തിയോട് അടുത്തുകിടക്കുന്ന അല്‍-ഹവല്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും ശമീമയും ഇവരുടെ ആഴ്ചകള്‍ മാത്രം പ്രായമുള്ള ആണ്‍കുട്ടിയും രക്ഷപ്പെട്ട വാര്‍ത്ത ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഷമീമയുടെ യു.കെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കിയിരുന്നു. ഷമീമക്ക് ഇരട്ട പൗരത്വം ഉള്ളതിനാല്‍ ഇവരുടെ ഏതെങ്കിലും ഒരു പൗരത്വം അസാധുവാക്കാന്‍ നിയമ വ്യവസ്ഥ നിലവിലുണ്ട്.

ഷമീമക്ക് ബംഗ്ലാദേശ് പൗരത്വം കൂടി ഉള്ളതിനാല്‍ ഇവര്‍ ബംഗ്ലാദേശിലേക്ക് തിരിച്ചെത്താനുള്ള അനുവാദം തേടിയിരുന്നു. എന്നാല്‍ ഒരിക്കല്‍ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തെ നേരിട്ട ബംഗ്ലാദേശ് ഷമീമയുടെ അഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. ഇവരുടെ കുടുംബാംഗങ്ങളും ബംഗ്ലാദേശ് പൗരത്വമുള്ളതാണ്. ബംഗ്ലാദേശികളായ ശമീമയും കുടുംബവും ലണ്ടനില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

15 വയസ്സുകാരിയായ ഷമീമ 4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക് സ്റ്റേറ്റിനോട് അഭിനിവേശം മൂത്ത് സിറിയയിലേക്ക് എത്തിച്ചേരുകയായിരുന്നു. ഇവരെ കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഷമീമ സിറിയയിലെത്തി ഇസ്ലാമിക് സ്റ്റേറ്റ് വധുവായി കഴിയുകയാണെന്ന വിവരം ലഭിച്ചത്. സിറിയയില്‍ ഡച്ചുകാരനായ ജിഹാദിയെ വിവാഹം കഴിച്ച് ഈ ഭീകര സംഘടനയുടെ ഭാഗമായി മാറി.

ഭീകരവിരുദ്ധ സേനകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകര കേന്ദ്രങ്ങള്‍ ഓരോന്നായി നിലംപൊത്തിയപ്പോള്‍ ഷമീമയും അഭയാര്‍ത്ഥി ക്യാമ്പില്‍ അകപ്പെടുകയായിരുന്നു. ബ്രിട്ടനിലേക്ക് തിരിച്ചെത്താന്‍ ബ്രിട്ടീഷ് എംബസ്സിയുടെ സഹായം അഭ്യര്ഥിച്ചെങ്കിലും തീവ്രവാദ ബന്ധം ഉള്ളതിനാല്‍ ഷമീമയെ നിയമപരമായി രാജ്യത്ത് പ്രവേശിപ്പിക്കാനാവില്ലെന്ന് യു.കെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവരുടെ കുഞ്ഞിന്റെ പൗരത്വം ബ്രിട്ടന്‍ പരിഗണിച്ചേക്കുമെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ബംഗ്ലദേശും, യു.കെയും ഷമീമയുടെ തിരിച്ചുവരവിനെ നിരസിച്ച സാഹചര്യത്തില്‍ ഇവര്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ട് ബ്രിട്ടനില്‍ എത്തിച്ചേരാന്‍ സാധ്യത കൂടുതലാണെന്ന് ആഗോള ഭീകരവാദ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡേവിഡ് ഓട്ടോ അഭിപ്രായപ്പെടുന്നു. ജിഹാദി വധുവിനെ നിയമപരമായി ബ്രിട്ടനില്‍ പ്രവേശിക്കാന്‍ കഴിയാത്തതിനാല്‍ രഹസ്യമായി ഇവിടെ ഏതാണ് ജിഹാദി സഹായം ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും ഡേവിഡ് ഓട്ടോ വ്യക്തമാക്കുന്നു.

യു.കെയില്‍ നിലവില്‍ ഇവര്‍ക്ക് സഹായം നല്‍കാന്‍ കഴിയുന്ന ഇത്തരം ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന അന്വേഷണവും ബ്രിട്ടന്‍ ആരംഭിച്ചുകഴിഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിന്റെ സിറിയ, ഇറാക്ക് കേന്ദ്രങ്ങള്‍ ദുര്ബലപ്പെട്ടെങ്കിലും ഇതിന്റെ വേരുകള്‍ യൂറോപ്പില്‍ മുളപൊട്ടാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്നാണ് യൂറോപ്പിലെ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ വെളിപ്പെടുത്തല്‍.

ഡികെ

Share this news

Leave a Reply

%d bloggers like this: