സണ്ണി ഗുരുവായൂര്‍ അമ്പലത്തില്‍ കയറിയോ? വര്‍ഗീയത കണ്ടെത്തിയവര്‍ ഇനി എന്തുചെയ്യും?

തൃശ്ശൂര്‍: യുവനടന്‍ സണ്ണിവെയ്ന്‍ന്റെ വിവാഹ വാര്‍ത്ത പുറത്ത് വന്നതോടെ ഒരു കൂട്ടര്‍ക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. അന്യമതസ്ഥന്‍ ഗുരുവായൂരില്‍ കയറിയോ ഇല്ലയോ എന്നറിയാന്‍ നടത്തിയ പരക്കംപാച്ചിലില്‍ സമൂഹമാധ്യമങ്ങളില്‍ അബദ്ധം പിണഞ്ഞവരും നിരവധി. സാക്ഷര കേരളമെന്നും, ദൈവത്തിന്റെ സ്വന്തം നാടെന്നും അഭിമാനിക്കുന്ന കേരളത്തിലെ സംസ്‌കാര സമ്പന്നന്‍ എന്ന് അറിയപ്പെടുന്ന വിഷവിത്തുകള്‍ക്ക് കുറച്ച് സമയത്തേക്ക് ശ്വാസം നിലച്ചതുപോലെയായിരുന്നു സണ്ണിയുടെ വിവാഹ വാര്‍ത്ത.

വയനാട് സ്വദേശിയായ യുവ നടന്റെ യഥാര്‍ത്ഥ പേര് സുനില്‍ ഉണ്ണികൃഷ്ണന്‍ എന്നാണെന്ന് അറിഞ്ഞതോടെ സണ്ണിയെ ഗുരുവായൂര്‍ അമ്പലത്തില്‍ കയറ്റിയതിനെ വിമര്‍ശിച്ചവര്‍ക്ക് നേരെ ട്രോള് വര്‍ഷം തുടരുകയാണ്. സിനിമയില്‍ സജീവമായതോടെ സുനില്‍ സണ്ണി വെയ്ന്‍ എന്ന പേര് സ്വീകരിച്ചത് അറിയാതെപോയവര്‍ക്കാണ് ഈ അബദ്ധം പറ്റിയത്. കോഴിക്കോട് സ്വദേശിനിയും ബാല്യകാല സുഹൃത്തുമായ രഞ്ജിനിയാണ് സണ്ണിയുടെ വധു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന് നടന്‍ ദിലീപിന്റെ സാനിധ്യവും ഉണ്ടായിരുന്നു.

സെക്കന്‍ഡ് ഷോ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ സണ്ണി നീലാകാശം പച്ചക്കടല്‍ ചുമന്നഭൂമി, ആട് ഒരു ഭീകര ജീവി, മോഴ്സയിലെ കുതിരമീനുകള്‍, അലമാര, ആന്മരിയ കലിപ്പിലാണ്, ഫ്രഞ്ച് വിപ്ലവം, പോക്കിരി സൈമണ്‍, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ ജിപ്‌സി എന്ന സിനിമയിലൂടെ തമിഴകത്തും സണ്ണി അരങ്ങേറ്റം കുറിച്ചിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: