കുരുന്നു പ്രതിഭകളുടെ സംഗമ വേദിയായി, റെക്കോര്‍ഡ് പങ്കാളിത്തത്തോടെ മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് സമാപിച്ചു.

ഡബ്ലിന്‍: ഏപ്രില്‍ 13നു ഗ്രിഫിത് അവന്യൂ മരീനോയിലെ സ്‌കോയില്‍ മുഹിരെ ബോയ്‌സ് സ്‌കൂളില്‍ വച്ച് നടന്ന മൈന്‍ഡ് കിഡ്സ്‌ഫെസ്റ്റില്‍ ഇത്തവണ റെക്കാര്‍ഡ് പങ്കാളിത്തം. അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഇരുനൂറോളം കുട്ടികള്‍ പങ്കെടുത്ത വാശിയേറിയ മത്സരങ്ങള്‍ ഓരോന്നും മികച്ച നിലവാരം പുലര്‍ത്തി. മൂന്ന് സ്റ്റേജുകളിലായി നടന്ന മത്സരങ്ങള്‍ രാത്രി 10 മണി വരെ നീണ്ടു.

സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫിന്‍ഗല്‍ കൗണ്‍സിലിന്റെ ഭാഗമായ ന്യൂ കമ്മ്യൂണിറ്റീസ് പാര്‍ട്ണര്‍ഷിപ്പ് നെറ്റ് വര്‍ക്കിന്റെ (New Communities Partnership Network ) സഹകരണത്തോടെയാണ് ഈ വര്‍ഷവും കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചത്. പങ്കെടുത്ത മത്സരാര്‍ഥികളെ വിധികര്‍ത്താക്കള്‍ പ്രത്യേകം അഭിനന്ദിച്ചു.

സംഘടനാമികവുകൊണ്ട് അയര്‍ലന്‍ഡിലെ മലയാളികളുടെ ഇടയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ കിഡ്സ് ഫെസ്റ്റ് ഇത്തവണയും മികവുറ്റതാക്കാന്‍ സംഘാടകര്‍ക്കു സാധിച്ചു. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ മൈന്‍ഡ് ഐക്കണ്‍ അവാര്‍ഡും ക്യാഷ് പ്രൈസും സെപ്തംബറില്‍ നടക്കുന്ന മൈന്‍ഡിന്റെ ഓണാഘോഷ ചടങ്ങുകളില്‍ വച്ച് നല്‍കി ആദരിക്കും.

കിഡ്‌സ്‌ഫെസ്റ്റില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും, സ്‌പോണ്‌സര്‍മാരായ ഗീവര്‍ഗീസ് ഫോട്ടോഗ്രഫി, നോവടെക്‌നോളജി, ഇന്‍ഗ്രേഡിയന്റസ് ഏഷ്യന്‍ ഷോപ്പ്, ക്ലെവര്‍ മണി സൊലൂഷന്‍സ് എന്നിവര്‍ക്കും കിഡ്‌സ്ഫെസ്‌റ് വിജയമാക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: