ആഘോഷത്തിമിര്‍പ്പില്‍ അയര്‍ലന്‍ഡ്; മഞ്ഞിനും മഴക്കും താത്കാലിക വിട; തെളിഞ്ഞ കാലാവസ്ഥയില്‍ പെസഹായും, ദുഖവെള്ളിയും, ഈസ്റ്ററും..

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഈ വര്‍ഷത്തെ ഈസ്റ്റര്‍ വാരാന്ത്യത്തില്‍ തീര്‍ത്തും തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്ന് മെറ്റ് ഏറാന്‍. മഞ്ഞും മഴയും മാറിയതോടെ ഉത്സവലഹരിയിലാണ് ഐറിഷ് നഗരം. പെസഹാ ദിനം അയര്‍ലണ്ടിലെ ഈ വര്‍ഷത്തെ ഏറ്റവും ചൂട് കൂടിയ ആദ്യത്തെ ദിനമായി മാറും. താപനില 20 ഡിഗ്രിയിലെത്തിയതോടെ നാടും നഗരവും സജീവമായി.

അയര്‍ലണ്ടിലെ ഇന്നത്തെ കുറഞ്ഞ താപനില 14 ഡിഗ്രിയും, കൂടിയ താപനില 20 ഡിഗ്രിയും ആയിരിക്കും. നേരിയ മഞ്ഞിന്റെ തണുപ്പും താപനിലയില്‍ പുരോഗതിയും ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷങ്ങളെ മനോഹരമാക്കും. രാത്രിയാകുന്നതോടെ താപനില 6 ഡിഗ്രിയിലേക്ക് താഴുമെങ്കിലും ഊഷ്മാവ് വീണ്ടും പഴയപടി ഉയരുമെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങളില്‍ നിന്നും വരുന്ന അറിയിപ്പുകള്‍.

മഞ്ഞും, മഴയും, കാറ്റും പ്രക്ഷുബ്ധമാക്കിയ പടിഞ്ഞാറന്‍ അയര്‍ലണ്ടിലും നിലവില്‍ കാലാവസ്ഥ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ശനിയാഴ്ച കൂടിയ താപനില 23 ഡിഗ്രിയിലേക്ക് കടന്നേക്കാമെന്നും മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാത്രിയില്‍ ലിന്‍സ്റ്ററിലും, മണ്‍സ്റ്ററിലും നേരിയതോതിലുള്ള ചാറ്റല്‍ മഴക്കുള്ള സാധ്യത ഒഴിവാക്കിയാല്‍ ഈ വര്‍ഷത്തെ ഏറ്റവും തെളിഞ്ഞ കാലാവസ്ഥയിലൂടെയാണ് അയര്‍ലന്‍ഡ് കടന്നുപോകുന്നത്.

കാലാവസ്ഥയില്‍ പുരോഗതി നേരിട്ടതോടെ രാജ്യത്തെ വിനോദകേന്ദ്രങ്ങളിലും ബീച്ചുകളിലും തിരക്കേറി. ഈസ്റ്ററിന് അയര്‍ലണ്ടിലെത്തുന്ന ഐറിഷുകാരുടെ എണ്ണം വര്‍ധിച്ചതോടെ രാജ്യത്തെ പ്രധാന എയര്‍പോര്‍ട്ടുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: