ഭീകരവാദത്തെ തുടച്ച് നീക്കാന്‍ സൗദി അറേബ്യ : ചൊവ്വാഴ്ച മാത്രം സൗദി നടപ്പിലാക്കിയത് 37 പ്രതികളുടെ വധശിക്ഷ

റിയാദ് : ചൊവ്വാഴ്ച മാത്രം സൗദി നടപ്പാക്കിയത് 37 പ്രതികളുടെ വധശിക്ഷ . 2019-ല്‍ ഇതുവരെ 105 പേരുടെ വധശിക്ഷ സൗദി നടപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയുള്ള ഏറ്റവും കൂടുതല്‍ പേരെ ഒന്നിച്ച് വധശിക്ഷ നടപ്പിലാക്കിയ ദിവസമായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച. ഇതിനുമുമ്പ് 2016-ല്‍ 47 പ്രതികളെ ഒരുമിച്ച് വധിച്ച ചരിത്രവും സൗദിക്കുണ്ട്.

രാജ്യത്തെ റിയാദ്, മക്ക, മദീന, കിഴക്കന്‍ പ്രവിശ്യ, അല്‍ഖസിം, അസീര്‍ എന്നി പ്രദേശങ്ങളിലാണ് ശിക്ഷ നടപ്പിലാക്കിയത്. ഭീകരവാദം, രാജ്യ സുരക്ഷയ്ക്ക് ഭീഷണി, വിഭാഗീയതയും സുരക്ഷപ്രശ്നവും സൃഷ്ടിക്കല്‍, സുരക്ഷാഭടന്മാര്‍ക്കും കേന്ദ്രങ്ങള്‍ക്കുമെതിരെ ബോംബാക്രമണം, സുരക്ഷഭടന്മാരെ വധിക്കല്‍, രാജ്യദ്രോഹ നടപടികള്‍ എന്നി കുറ്റങ്ങള്‍ നടത്തിയ സ്വദേശികളായ പ്രതികളാണ് 37 പേരും.

പ്രതികളുടെ എല്ലാം പൂര്‍ണമായ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. മാത്രമല്ല പ്രതികളിലെ കൊടുംകുറ്റവാളിയായ ഖാലിദ് അബ്ദുള്‍ കരിം അല്‍തുവൈജിരിയുടെ ഗളഛേദത്തിന് ശേഷം കബന്ധം പരസ്യമായി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

അതേ സമയം സൗദിയുടേത് കിരാതമായ നടപടിയെന്നാരോപിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിമര്‍ശനം നടത്തിയിട്ടുണ്ട്. ഭീകരവാദത്തിനെതിരെ മുസ്ലിം രാജ്യങ്ങള്‍ മെല്ലെപോക്ക് നയം തുടരുമ്പോഴാണ് സൗദി ഭീകരതയ്‌ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: