2019 പൊതു തെരഞ്ഞെടുപ്പില്‍ സ്‌പെയിനില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് വിജയം; ഇടത് പാര്‍ട്ടി പൊഡെമോസുമായി ചേര്‍ന്ന് ഗവണ്‍മെന്റ് രൂപീകരിക്കുന്നു…

2019 പൊതു തെരഞ്ഞെടുപ്പില്‍ സ്‌പെയിനില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് വിജയം. സോഷ്യലിസ്റ്റ് പാര്‍ട്ടി PSOE ഇടതു പാര്‍ട്ടി പൊഡെമോസുമായി ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 350 സീറ്റില്‍ PSOE 123 സീറ്റിലും പൊഡെമോസ് 42 സീറ്റിലും വിജയിച്ചു. നിലവിലെ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആയിരിക്കും നേതാവ്.

ജയാഘോഷത്തിന്നായി തടിച്ചു കൂടിയ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് തങ്ങള്‍ ഗവണ്‍മെന്റ് രൂപീകരിക്കും എന്ന് സാഞ്ചസ് പ്രഖ്യാപിച്ചു. ‘വിവാ സ്‌പെയിന്‍ വിവാ സോഷ്യലിസം’ എന്ന് ആരവം മുഴക്കിയാണ് അനുയായികള്‍ സാഞ്ചസിന്റെ പ്രഖ്യാപനത്തെ വരവേറ്റത്.

അതേസമയം സ്ത്രീ വിരുദ്ധ, മുസ്ലീം കുടിയേറ്റ വിരുദ്ധ തീവ്ര വലതുപക്ഷ പാര്‍ട്ടി 24 സീറ്റ് നേടി നിര്‍ണ്ണായക നേട്ടം കൈവരിച്ചു. പരമ്പരാഗത യാഥാസ്ഥിതിക പാര്‍ട്ടിയായ പീപ്പിള്‍സ് പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാണ് ലഭിച്ചത്. 2016ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ച 137 സീറ്റിന്റെ സ്ഥാനത്ത് 66 ഇടത്ത് മാത്രമാണ് അവര്‍ക്ക് വിജയിക്കാന്‍ സാധിച്ചത്. തിരഞ്ഞെടുപ്പ് ഫലം വളരെ മോശമാണെന്ന് പീപ്പിള്‍സ് പാര്‍ട്ടി നേതാവ് പാബ്ലോ കസാദോ പ്രതികരിച്ചു. ഔദ്യോഗിക പ്രതിപക്ഷമായി തങ്ങള്‍ തുടരുമെന്ന് പറഞ്ഞ കസാദോ PSOEയുടെ വിജയത്തില്‍ പെഡ്രോ സാഞ്ചസിനെ അഭിനന്ദിച്ചു. മധ്യ വലതുപക്ഷ പാര്‍ട്ടിയായ സിറ്റിസണ്‍ പാര്‍ട്ടിക്ക് 57 സീറ്റ് നേടി പ്രതിപക്ഷ നിരയിലെ ശക്തമായ സാന്നിധ്യമായി.

കറ്റാലന്‍ വിഘടന വാദ പാര്‍ട്ടിയുടെ പിന്തുണയില്ലാതെ തന്നെ പെഡ്രോ സാഞ്ചസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. PSOE സ്വതന്ത്ര കാറ്റലന്‍ ആവശ്യത്തെ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് സ്‌പെയിന്‍ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. പാബ്ലോ ഇഗ്ലേസിയാസ് നയിക്കുന്ന ഇടതുപക്ഷ പൊഡെമോസ് പാര്‍ട്ടിയുമായി ചേര്‍ന്നാല്‍ 165 സീറ്റാണ് ഇടതു ബ്ലോക്കിന് ഉണ്ടാവുക. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത് 176 സീറ്റാണ്. ബാസ്‌ക് ദേശീയ വാദി പാര്‍ട്ടി, സ്വതന്ത്ര എം പിമാര്‍ എന്നിവരുടെ സഹായം തേടാനുള്ള സാധ്യതയാണ് നിലവില്‍ കാണുന്നത്.

കഴിഞ്ഞ സഭയില്‍ ഒരു സീറ്റ് പോലും ഇല്ലാതിരുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയായ വോക്‌സ് പാര്‍ട്ടിയുടെ മുന്നേറ്റമാണ് സ്പാനിഷ് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. അഞ്ച് വര്‍ഷം മുന്‍പാണ് പാര്‍ട്ടി രൂപം കൊണ്ടത്. വലതുപക്ഷ പാര്‍ട്ടികളായ പീപ്പിള്‍സ് പാര്‍ട്ടിയുടെയും സിറ്റിസണ്‍സിന്റെയും നഷ്ടത്തില്‍ നിന്നാണ് വോക്‌സിന്റെ മുന്നേറ്റം. കഴിഞ്ഞ ഡിസംബറില്‍ നടന്ന ആന്‍ഡലൂഷ്യന്‍ മേഖലാ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ നേടിക്കൊണ്ടാണ് വോക്‌സ് തങ്ങളുടെ വരവ് അറിയിച്ചത്. കാറ്റലന്‍ സ്വതന്ത്ര വാദത്തിനെ ശക്തമായി എതിര്‍ത്തുകൊണ്ട് വോക്‌സ് കൂടുതല്‍ ജനപ്രീതി നേടി.

നാല് വര്‍ഷത്തിനിടയിലെ മൂന്നാമത്തെ പൊതുതിരഞ്ഞെടുപ്പിനെയാണ് സ്‌പെയിന്‍ നേരിടുന്നത്. 2019ലെ ബജറ്റ് തള്ളി കാറ്റലന്‍ വിഭജനവാദികള്‍ വലതുപക്ഷത്തോടൊപ്പം ചേര്‍ന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ സാഞ്ചസ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

Share this news

Leave a Reply

%d bloggers like this: