തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടെണ്ണി മരിച്ചു; അമിത ജോലി ഭാരം കവര്‍ന്നെടുത്തത് 270 ജീവന്‍; 1878 പേര്‍ ഗുരുതരാവസ്ഥയില്‍…

അമിത ജോലി ഭാരം മൂലം ഇന്തോനേഷ്യയില്‍ 270 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചു. ജനറല്‍ ഇലക്ഷന്‍ വക്താവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബാലറ്റ് എണ്ണുന്നതുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ജോലി ചെയ്തവരാണ് ആരോഗ്യപ്രശ്നങ്ങള്‍ മൂലം മരണപ്പെട്ടത്.

ഏപ്രില്‍ 17 ന് നടന്ന തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ആകെയുള്ള 19.3 കോടി വോട്ടര്‍മാരില്‍ 80 ശതമാനവും വോട്ട് രേഖപ്പെടുത്തിയിരുന്നു. ബാലറ്റ് രീതിയിലായിരുന്നു തെരഞ്ഞെടുപ്പ്. ഓരോ വോട്ടര്‍ക്കും അഞ്ചു ബാലറ്റുകള്‍ വീതമാണ് നല്‍കിയിരുന്നത്. 80,000 പോളിംഗ് ബൂത്തുകളിലായിട്ടായിരുന്നു തെരഞ്ഞെടുപ്പ്. ഏകദേശം 15 കോടി ബാലറ്റുകള്‍ എണ്ണിത്തീര്‍ക്കേണ്ടതായി വന്നു. രാത്രിയും പകലുമില്ലാതെ കൈകള്‍കൊണ്ട് ബാലറ്റുകള്‍ എണ്ണേണ്ടി വന്ന ഉദ്യോഗസ്ഥരാണ് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ മൂലം മരണമടഞ്ഞത്. 1,878 ഉദ്യോഗസ്ഥര്‍ രോഗശയ്യയിലായെന്നും ജനറല്‍ ഇലക്ഷന്‍ കമ്മിഷന്‍ വക്താവ് അരിഫ് പ്രിയോ സുസാന്റോ അറിയിച്ചു.

ഒറ്റദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ലോകത്തിലെ ഏറ്റവും വലിയ ദേശീയ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകയോടെ നടന്ന തെരഞ്ഞെടുപ്പാണ് എപ്രില്‍ 17 ന് ഇന്തോനേഷ്യയില്‍ നടന്നത്. വളരെ സമാധാനപൂര്‍ണമായിരുന്നു തെരഞ്ഞെടുപ്പ്. എന്നാല്‍ അമിതജോലിഭാരം താങ്ങാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാതെ വന്നതാണ് ദുരന്തത്തിന് കാരണമായത്. രോഗാവസ്ഥയിലായിരിക്കുന്നവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഓരോ ഉദ്യോഗസ്ഥന്റെ ഒരു വര്‍ഷത്തെ മിനിമം വേതനത്തിന് തുല്യമായ 1,74,612 രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനു മുമ്പ് ആവശ്യമായ വൈദ്യപരിശോധനകള്‍ നടത്തിയിരുന്നില്ലെന്നാണ് ആക്ഷേപം. അമിത ജോലിഭാരം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകുമെന്ന കാര്യത്തില്‍ ജാഗ്രതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും കമ്മിഷന്‍ പരാജയപ്പെട്ടെന്നു കുറ്റപ്പെടുത്തലുകളുണ്ട്.

നിലവിലെ പ്രസിഡന്റ് ജോക്കോ വിഡോഡയും സ്വതന്ത്രസ്ഥാനാര്‍ത്ഥി പ്രബോവോ സുബിയാന്റോയും തമ്മില്‍ ആയിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. രണ്ടുപേരും വിജയം പ്രഖ്യാപിച്ചതിനു പിന്നലെയാണ് ഏറ്റവും വേഗത്തില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിതമായത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിഡോഡോയ്ക്കു വേണ്ടി അട്ടിമിറി നടത്തിയെന്നായിരുന്നു സുബിയാന്റോയുടെ ആരോപണം. നിലവില്‍ പുറത്തു വന്നിരിക്കുന്ന ഫലം അനുസരിച്ച് വിജയം ജോക്കോ വിഡോഡോയ്ക്കാണ്.

Share this news

Leave a Reply

%d bloggers like this: