ശ്രീലങ്കന്‍ സ്‌ഫോടനം വെറും സാമ്പിള്‍ മാത്രം; ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍ ശക്തിയാര്‍ജ്ജിക്കുന്നു; കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ബ്രിട്ടീഷ് സുരക്ഷ വിഭാഗത്തിന്റെ മുന്നറിയിപ്പ്…

മറ്റ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ‘സ്ലീപിങ് സെല്ലുകള്‍’ ശക്തിപ്പെടുത്താനാണ് ഐഎസ് പദ്ധതിയെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ആശങ്കപ്പെടുന്നു.
ഭീകരവാദ സംഘടനയായ ഐഎസ് കൂടുതല്‍ തലവേദനയാകുമെന്ന് ബ്രിട്ടീഷ് സുരക്ഷ വിഭാഗം. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ചാവേര്‍ ആക്രമണങ്ങള്‍ പരീക്ഷണമായിരുന്നുവെന്നും മറ്റു രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും ബ്രിട്ടീഷ് സുരക്ഷ വിഭാഗം പറയുന്നു. സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ ശ്രദ്ധ കുറച്ച് മറ്റ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ‘സ്ലീപിങ് സെല്ലുകള്‍’ ശക്തിപ്പെടുത്താനാണ് ഐഎസ് പദ്ധതിയെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ആശങ്കപ്പെടുന്നു.

‘സിറിയയിലും ഇറാഖിലും ശക്തി ക്ഷയിച്ച ഐഎസ് ഈ രാജ്യങ്ങള്‍ക്ക് പുറത്ത് ആക്രമണം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. മറ്റു രാജ്യങ്ങളിലെ ഐഎസ് ശാഖകള്‍ കൂടുതല്‍ ശക്തിപ്രാപിക്കും. അതുകൊണ്ടു തന്നെ ശ്രീലങ്കയിലെ ആക്രമണം ഒരു തുടക്കമാണ്. ഭാവിയില്‍ പല രാജ്യങ്ങളിലും ഐഎസ് ആക്രമണമുണ്ടാകും.’ലണ്ടന്‍ കിങ്സ് കോളജ് ഇന്റര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ദ സ്റ്റഡീസ് ഓഫ് റാഡിക്കലൈസേഷന്‍ വിഭാഗത്തിലെ ചാര്‍ലി വിന്റര്‍ പറഞ്ഞു. മിക്ക രാജ്യങ്ങളിലും ഐഎസുമായി ബന്ധമുള്ള സംഘടനകളോ ആശയപരമായി യോജിക്കുന്ന സംഘടനകളോ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സുരക്ഷ ഏജന്‍സികള്‍ പറയുന്നത്. ശ്രീലങ്കയില്‍ ആക്രമണം നടത്തിയ നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന സംഘടന തികച്ചും പ്രാദേശികമായി പ്രവര്‍ത്തിക്കുന്നതായിരുന്നു. എന്നാല്‍, സമീപകാലത്താണ് പരസ്യമായി കടുത്ത മതതീവ്രവാദ നിലപാടുകള്‍ സംഘടന സ്വീകരിച്ചത്. ശ്രീലങ്കയിലെ മുസ്ലിം സംഘടന നേതാക്കള്‍ ഇവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ ഗൗരവത്തിലെടുത്തില്ല.

ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഭീകരവാദി അബ്ദുല്‍ ലത്തീഫ് ജമീല്‍ മുഹമ്മദുമായി ശ്രീലങ്കന്‍ സ്ഫോടനത്തിന് ബന്ധമുണ്ടോ എന്നത് ബ്രിട്ടന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. ഭീകരവാദി ജിഹാദി ജോണിന്റെ മെന്ററായിരുന്നു ഇയാള്‍. ബ്രിട്ടനില്‍നിന്ന് ഐഎസിലേക്ക് ചേര്‍ന്ന മിക്കവരിലും അബ്ദുല്‍ ലത്തീഫ് ജമീല്‍ മുഹമ്മദ് സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ കരുതുന്നത്. ശ്രീലങ്കയിലെ ഐഎസ് സ്ലീപിങ് സെല്‍ ശക്തിപ്പെടുത്തിയതില്‍ ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: