മാധ്യമവിലക്ക് ഏകാധിപത്യത്തിന്റെ ആദ്യഘട്ടം: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: മാധ്യമസ്വാതന്ത്ര്യം ഒരു രാജ്യത്തിന്റെ ആരോഗ്യം വ്യക്തമാക്കുന്ന സൂചികയാണെന്നും മാധ്യമസ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തുന്നതാണ് ഏകാധിപത്യത്തിന്റെ ആദ്യഘട്ടമെന്നും ഫ്രാന്‍സിസ് പാപ്പ. ഇറ്റലില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു പാപ്പ.

‘മാധ്യമപ്രവര്‍ത്തകരുടെ ജോലി, സഭയിലുള്ള മുറിവുകളില്‍ അവര്‍ കൈവെക്കുമ്പോള്‍ പോലും താനും സഭയും ആദരിക്കുന്നു. നിങ്ങള്‍ ക്രിസ്ത്യാനികളാണെങ്കിലും അല്ലെങ്കിലും സഭ നിങ്ങളുടെ കൂടെ നിങ്ങളുടെ ജോലിയെ മതിപ്പോടെ കാണുകയും മാധ്യമ സ്വാതന്ത്ര്യത്തെ തിരിച്ചറിയുകയും ചെയ്യുന്നു,’ 31 വര്‍ഷംമുമ്പ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ച് ഫ്രാന്‍സിസ് പാപ്പ വ്യക്തമാക്കി.

പീഡിപ്പിക്കപ്പെടുന്നവര്‍, തിരസ്‌കൃതര്‍, വിവേചനത്തിന് ഇരകളാകുന്നവര്‍ തുടങ്ങിയവരുടെ പക്ഷത്താണ് മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കേണ്ടത്. വ്യാജ വാര്‍ത്തകള്‍ തിരസ്‌കരിക്കണം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവശ്യംവേണ്ട ഗുണമാണു വിനയം. എല്ലാം അറിയാമെന്ന ധാരണയോടെ പ്രവര്‍ത്തിക്കുന്നത് സത്യം കണ്ടെത്താനുള്ള അന്വേഷണത്തെ തടസപ്പെടുത്തും. വാര്‍ത്താ പ്രാധാന്യം നഷ്ടപ്പെട്ടാലും ഇരകളെ മറക്കരുത്. എളിമയുള്ള മാധ്യമപ്രവര്‍ത്തകര്‍ മോശക്കാരല്ല.

ഇന്നത്തെ സാമൂഹിക മാധ്യമങ്ങള്‍ പ്രയോഗിക്കുന്ന അക്രമാസക്തമായ വാക്കുകളില്‍ തെറ്റുപറ്റിയാല്‍ മാധ്യമങ്ങളില്‍ ഒരു തിരുത്തല്‍ നടത്തിയാല്‍ മതിയാകും. എന്നാല്‍ മുറിപ്പെട്ട മനുഷ്യന്റെ അന്തസ് തിരിച്ചുകൊടുക്കാന്‍ അതിന് കഴിയാതെ വരും. അതിനാല്‍ മാധ്യമപ്രവര്‍ത്തകന്‍ മുന്‍വിധികളില്‍ നിന്ന് സ്വതന്ത്രരാകണം.അതിനുവേണ്ട ഏറ്റവും വലിയ ഗുണമാണ് ധൈര്യം.

മ്യാന്‍മറില്‍നിന്ന് പലായനം ചെയ്ത രോഹിംഗ്യകള്‍ ഇപ്പോഴും ദുരിതം അനുഭവിക്കുകയാണെങ്കിലും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ പാപ്പ, മാധ്യമപ്രവര്‍ത്തനത്തിനിടെ ജീവന്‍വെടിഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ജനിക്കുന്നതിനു മുമ്പും ജനിച്ചയുടനെയും പട്ടിണിയാലും ആരോഗ്യസംരക്ഷണം ഇല്ലാതെയും യുദ്ധത്താലും നശിപ്പിക്കപ്പെടുന്ന ജീവനെക്കുറിച്ചും കുട്ടിപട്ടാളക്കാരുടെയും പീഡിപ്പിക്കപ്പെടുന്ന കുട്ടികളുടെയും മറ്റും അനുഭവങ്ങള്‍ ഞങ്ങളെ അറിയിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്ന സേവനത്തിന് പാപ്പ നന്ദി അര്‍പ്പിക്കുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: