ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് ട്രംപ്: മലിനീകരണത്തെക്കുറിച്ച് ഒരു ബോധമില്ല; നഗരങ്ങള്‍ക്ക് വൃത്തിയില്ല…

ഇന്ത്യക്കും ചൈനയ്ക്കും റഷ്യക്കും അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് യാതൊരു ബോധവുമില്ലെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. അമേരിക്കയാണ് ലോകത്തിലെ ഏറ്റവും ശുദ്ധമായ അന്തരീക്ഷമുള്ളയിടമെന്ന അവകാശവാദവും ട്രംപ് ഉന്നയിച്ചു. ലോകത്തിന്റെ അന്തരീക്ഷ ശുദ്ധി സംബന്ധിച്ച് ഈ രാജ്യങ്ങള്‍ക്കൊന്നും യാതൊരു ഉത്തരവാദിത്വവുമില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഈ മൂന്ന് രാജ്യങ്ങളിലും നല്ല വെള്ളമോ വായുവോ ഇല്ലെന്ന് ബ്രിട്ടീഷ് ചാനലായ ഐടിവിയോട് സംസാരിക്കവെ ട്രംപ് ചൂണ്ടിക്കാട്ടി. പാരിസ് ഉടമ്പടിയില്‍ നിന്നും പിന്‍വാങ്ങിയതു സംബന്ധിച്ച ചോദ്യത്തിനായിരുന്നു ലോകത്തിലെ വളരുന്ന സാമ്പത്തികശക്തികളെക്കുറിച്ചുള്ള പരാതി ട്രംപ് ഉന്നയിച്ചത്. ചാള്‍സ് രാജകുമാരനുമായുള്ള സംസാരം ഭൂരിഭാഗവും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ളതായിരുന്നെന്ന് ട്രംപ് പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ യുഎസ് ഏറ്റവും മികച്ച വായുവും വെള്ളവുമുള്ളയിടമാണെന്ന് ചൂണ്ടിക്കാട്ടിയതായി ട്രംപ് വിശദീകരിച്ചു.

”ഇന്ത്യക്കും ചൈനയ്ക്കും റഷ്യക്കുമൊന്നും മലിനീകരണത്തെക്കുറിച്ച് യാതൊരു ബോധവുമില്ല. ശുചിത്വത്തെക്കുറിച്ച് അറിയില്ല. അവിടങ്ങളില്‍ ചില നഗരങ്ങളിലൊക്കെ പോയാല്‍-ഞാനവയുടെ പേരൊന്നും ഇപ്പോള്‍ പറയുന്നില്ല-നിങ്ങള്‍ക്ക് ശ്വാസമെടുക്കാന്‍ പോലും പറ്റില്ല. അവര്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ല,” ട്രംപ് പറഞ്ഞു. കാലാവസ്ഥയ്ക്കു വേണ്ടിയുള്ള പാരിസ് ഉടമ്പടിയില്‍ നിന്നും ട്രംപ് ഏകപക്ഷീയമായി പിന്മാറിയിരുന്നു. ലോകരാജ്യങ്ങളുടെ പാരിസ്ഥിതിക ആശങ്കകളെ പരിഗണിക്കാതെയുള്ള ഈ നീക്കം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: