കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആദ്യമായി വനിതാ ജനറല്‍ സെക്രട്ടറിക്ക് സാധ്യത…

ആരോഗ്യപരമായ കാരണങ്ങളാല്‍ സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചതായി സുചന. അടുത്ത മാസത്തെ പാര്‍ട്ടി നേതൃയോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമാകുമെന്നാണ് റിപ്പോര്‍ട്ട്. 2012 ലെ പാര്‍ട്ടി കോണ്‍ഗ്രസിലാണ് സിപിഐയുടെ ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡി സ്ഥാനമേറ്റത്. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത് വരെ അദ്ദേഹത്തിന് സ്ഥാനത്ത് തുടരാവുന്നതാണ്. 2021 ലാണ് സിപിഐയുടെ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം സ്ഥാനം ഒഴിയാനുള്ള തീരുമാനത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നതായി പാര്‍ട്ടി നേതാക്കളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ശ്വാസ കോശ സംബന്ധമായ പ്രശ്നങ്ങള്‍ കാരണം അദ്ദേഹത്തിന് കൂടുതല്‍ യാത്രചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചതായാണ് സൂചന. ഇതിന് പുറമെ തെരഞ്ഞടുപ്പില്‍ ഏറ്റ പരാജയവും ഒരു കാരണമായി പറയുന്നുണ്ടെങ്കിലും അതിന്റെ പേരില്‍ രാജി വേണ്ടെന്ന് പാര്‍ട്ടി നേതൃത്വം സുധാകര്‍ റെഡ്ഡിയെ ധരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

സുധാകര്‍ റെഡ്ഡി വിരമിക്കുന്നതോടെ അടുത്ത ജനറല്‍ സെക്രട്ടറി ആരാകുമെന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. പഞ്ചാബില്‍നിന്നുള്ള തൊഴിലാളി സംഘടന നേതാവ് അമര്‍ജീത് കൗര്‍, തമിഴ്നാട്ടില്‍നിന്നുളള ദേശീയ സെക്രട്ടറി ഡി രാജ, എന്നിവരുടെ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. ഇതിനുപുറമെ മറ്റൊരു ദേശീയ സെക്രട്ടറിയായ അതുല്‍കുമാര്‍ അന്‍ജാനാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അമര്‍ജീത് കൗറിനെ നിയോഗിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്ന ആദ്യ വനിത നേതാവായിരിക്കും അവര്‍. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍തന്നെ ഇതൊരു അപൂര്‍വതയാണ്.

അമര്‍ജിത് കൗര്‍ 2017 ലാണ് എഐടിയുസി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രമുഖ പാര്‍ലമെന്റേറിയനായ ഗുരുദാസ്ദാസ് ഗുപ്ത ഒഴിഞ്ഞപ്പോഴായിരുന്നു ഇവര്‍ നേതൃസ്ഥാനത്തെത്തിയത്. ആദ്യമായാണ് ഒരു വനിത ഒരു പ്രമുഖ തൊഴിലാളി സംഘടനയുടെ തലപത്തെത്തിയത്. 1979 മുതല്‍ ഏഴ് വര്‍ഷം എഐഎസ്എഫിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദാനന്തര ബിരുദവും, നിയമത്തില്‍ ബിരുദവും ഉണ്ട്.

നേരത്ത സിപിഐ ജനറല്‍ സെക്രട്ടറിക്കൊപ്പം ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയെയും നിയമിക്കാറുണ്ട്. ജനറല്‍ സെക്രട്ടറി മാറുമ്പോള്‍ ഡെപ്യുട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുകയായിരുന്നു കുറച്ച് വര്‍ഷങ്ങളായുള്ള പതിവ്,. രാജശ്വേര റാവുവിന്റെ കാലത്ത് ഇന്ദ്രജിത്ത് ഗുപ്തയും പിന്നീട് എബി ബര്‍ദാനും സുധാകര്‍ റെഡ്ഡിയുമെല്ലാം ഇങ്ങനെയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയത്.

തമിഴ്നാട്ടില്‍നിന്നുള്ള ഡി രാജ ദേശീയരാഷ്ട്രീയത്തില്‍ കുറെ നാളായി പ്രവര്‍ത്തിക്കുന്നയാളാണ്. അദ്ദേഹത്തെയും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാര്‍ട്ടിക്ക് ഒരു സ്വാധീനവുമില്ലാത്ത ഉത്തര്‍പ്രദേശില്‍നിന്നാണ് അതുല്‍കുമാര്‍ അന്‍ജാന്‍ വരുന്നത്. പാര്‍ട്ടിയുടെ ദേശിയ സെക്രട്ടറിയാണ്. ദേശീയ തലത്തിലാണ് ഇദ്ദേഹവവും ഇപ്പോള്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഐയ്ക്ക് രണ്ട് സീറ്റ് മാത്രമാണ് ലഭിച്ചത്. അതും തമിഴ്നാട്ടില്‍നിന്ന് ഡിഎംകെയുടെ പിന്തുണയോടെ. ഇടതുപക്ഷം അതിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണി നേരിടുന്ന സമയത്താണ് സിപിഐ അതിന്റെ നേതൃത്വം മാറാന്‍ തയ്യാറെടുക്കുന്നത്.

Share this news

Leave a Reply

%d bloggers like this: