യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു; വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു വിരമിയ്ക്കല്‍ പ്രഖ്യാപനം…

17 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 2000ത്തില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ ഭാഗമായ യുവരാജ് സിങ് ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച മധ്യമിര ബാറ്റ്സമാരില്‍ ഒരാളായിരരുന്നു. 2007 ല്‍ ഇന്ത്യ ടി20 ലോകകപ്പും 2011 ല്‍ ഏകദിന ലോകകപ്പും സ്വന്തമാക്കിയപ്പോള്‍ നിര്‍ണായക പ്രകടനം കാഴ്ചവെച്ച താരമാണ് യുവരാജ് സിങ്. 2011 ലോകകപ്പിലെ മാന്‍ ഓഫ് ദ സീരിയസും യുവ രാജ് സിങ്ങായിരുന്നു. വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു വിരമിയ്ക്കല്‍ പ്രഖ്യാപനം

കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴായിരുന്നു 2011 ലോകകപ്പിനുശേഷം ശ്വാസകോശ അര്‍ബുദ ബാധിതനായ യുവി കളത്തില്‍ നിന്ന് മാറി നിന്നത്. പിന്നീട് രോഗത്തെ തോല്‍പ്പിച്ച് തിരിച്ചെത്തിയ താരം വീണ്ടും ക്രിക്കറ്റില്‍ സജീവമാവുകയായിരുന്നു. 304 ഏകദിനങ്ങളില്‍ നിന്നായി 8701 റണ്‍സാണ് താരം സ്വന്തം പേരില്‍ കുറിച്ചത്. 40 ടെസ്റ്റുകളില്‍ നിന്ന് 1,900 റണ്‍സും യുവരാജ് സ്വന്തം അക്കൗണ്ടില്‍ ഇക്കാലയളവില്‍ ചേര്‍ത്തിട്ടുണ്ട്. 2000 ത്തില്‍ കെനിയക്കെതിരെ ഏകദിന മത്സരത്തിലൂടെയാണ് യുവി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.

ടി20 സ്പെഷ്യലിസ്റ്റായാണ് യുവരാജ് അറിയപ്പെടുന്നത്. 58 മത്സരങ്ങളില്‍ നിന്ന് 1,177 റണ്‍സും കുട്ടിക്രിക്കറ്റില്‍ താരം നേടിയിട്ടുണ്ട്.ഏകദിനത്തില്‍ 111 വിക്കറ്റുകളും ടെസ്റ്റില്‍ ഒമ്പതും ടി20യില്‍ 28 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 2007 ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട് ബ്രോഡിനെതിരെ ഒരോവറിലെ ആറുപന്തുകളും സിക്സറടിച്ച യുവരാജിന്റെ പ്രകടനം ലോക റെക്കോര്‍ഡുകളില്‍ ഒന്നാണ്.

2017 ജൂണ്‍ 30 ന് വിന്‍ഡീസിനെതിരെയായിരുന്നു താരം അവസാനമായി ഇന്ത്യക്ക് വേണ്ടി ഏകദിനം കളിച്ചത്. 2017 ഫെബ്രുവരി 1 ന് ഇംഗ്ലണ്ടിനെതിരെയായിരുന്നു അവസാന അന്താരാഷ്ട്ര ടി20യും മത്സരവും. 2010 ഡിസംബറില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു യുവിയുടെ അവസാന ടെസ്റ്റ് മല്‍സരം.

Share this news

Leave a Reply

%d bloggers like this: