ഇസ്ലാമിക തത്ത്വങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് ഇറാനില്‍ 547 റെസ്റ്റോറന്റുകളും കഫേകളും അടപ്പിച്ചു…

ഇസ്ലാമിക തത്ത്വങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് ഇറാനില്‍ 547 റെസ്റ്റോറന്റുകളും കഫേകളും അടപ്പിച്ചു. പൂട്ടിച്ചതിനു പുറമെ 11 പേരെ അറസ്റ്റ് ചെയ്തതായും പോലീസ് മേധാവി ഹുസൈന്‍ റാഹിമി പറഞ്ഞു. കഴിഞ്ഞ 10 ദിവസത്തോളമായി ഇറാനിലാകെ ഈ ഓപ്പറേഷന്‍ നടത്തുകയായിരുന്നു എന്ന് ഫാര്‍സ് ന്യൂസ് ഏജന്‍സി പറയുന്നു. എല്ലാവരും ഇസ്ലാമിക നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയെന്നതും പോലീസിന്റെ ചുമതലയാണെന്ന് ഹുസൈന്‍ റാഹിമി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അധാര്‍മികമായ പ്രവര്‍ത്തികളില്‍ ആരെങ്കിലും ഏര്‍പ്പെട്ടാല്‍ അവരെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ട അധികാരികളെ അറിയിക്കാന്‍ പ്രത്യേക ഫോണ്‍ നമ്പര്‍ തന്നെ സജ്ജീകരിക്കണമെന്ന് ‘സാംസ്‌കാരിക കുറ്റകൃത്യങ്ങളും, സാമൂഹ്യവും ധാര്‍മികവുമായ അഴിമതി’യും കൈകാര്യം ചെയ്യുന്ന തെഹ്‌റാനിലെ പ്രത്യേക കോടതി ഉത്തരവിട്ടുരുന്നു. ‘കാറില്‍ നിന്ന് ഹിജാബ് ഊരുക’, ‘സ്ത്രീയും പുരുഷനും ഒരുമിച്ചുള്ള ഡാന്‍സ് പാര്‍ട്ടികള്‍ സംഘടിപ്പിക്കുക’, ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ധാര്‍മ്മികമല്ലാത്ത പോസ്റ്റുകള്‍ ഇടുക’, തുടങ്ങിയ ‘കുറ്റകൃത്യങ്ങള്‍’ ശ്രദ്ധയില്‍പ്പെട്ടാല്‍ ആ നമ്പറില്‍ വിളിച്ച് അറിയിക്കണം.

ഇസ്ലാമിക് ഡ്രസ് കോഡ് പിന്തുടരുന്ന ഇറാനില്‍ സ്ത്രീകള്‍ക്ക് മുഖം, കൈകള്‍, പാദങ്ങള്‍ എന്നിവമാത്രമേ പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ അനുവാദമുള്ളൂ. മാത്രമല്ല അവര്‍ മങ്ങിയ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും വേണം. 2012-ല്‍, ഉപഭോക്താക്കളുടെ പെരുമാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനായി കഫേകളില്‍ സെക്യൂരിറ്റി ക്യാമറകള്‍ സ്ഥാപിക്കാന്‍ ഉത്തരവിട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: