ജെറ്റ് എയര്‍വേയ്സിന്റെ തകര്‍ച്ച: എത്തിഹാദും ഹിന്ദുജയും പിന്മാറുന്നു: ജെറ്റ് എയര്‍വേയ്‌സിനു മുന്നില്‍ വീണ്ടും വഴികളടഞ്ഞു…

തകര്‍ച്ചയെ മുന്നില്‍ക്കാണുന്ന ജെറ്റ് എയര്‍വേയ്‌സിനു വേണ്ടിയുള്ള കമ്പനിയുടെ രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കി ഹിന്ദുജ ഗ്രൂപ്പിന്റെയും എത്തിഹാദ് എയര്‍വേയ്‌സിന്റെയും പിന്മാറ്റം. ഏതാണ്ട് രണ്ട് മാസത്തോളമായി ജെറ്റ് എയര്‍വേയ്‌സ് സര്‍വ്വീസുകളൊന്നും നടക്കുന്നില്ല. ജെറ്റ് എയര്‍വേയ്‌സ് ഓഹരികള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ ഹിന്ദുജ ഗ്രൂപ്പ് നടത്തിവരികയായിരുന്നു. നിലവില്‍ തങ്ങള്‍ക്ക് കമ്പനിയിലുള്ള നിക്ഷേപം വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ ആരായുകയായിരുന്ന എത്തിഹാദ് എയര്‍വേയ്‌സും പ്രസ്തുത നീക്കം നിര്‍ത്തിവെച്ചതായാണ് അറിയുന്നത്. ഇതെക്കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല.

ജെറ്റ് എയര്‍വേയ്‌സിന്റെ ശ്രമങ്ങളുമായി അടുത്ത് ബന്ധമുള്ള ചിലരെ ഉദ്ധരിച്ച് ലിവ്മിന്റ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ജെറ്റ് എയര്‍വേയ്‌സിലെ നിക്ഷേപം അബദ്ധമാണെന്നാണ് ഹിന്ദുജ ഗ്രൂപ്പ് കരുതുന്നത്. ജെറ്റിനെതിരെ സര്‍ക്കാര്‍തല അന്വേഷണം നടക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പിന്‍വാങ്ങിയിരിക്കുന്നത്. ഇതുകൂടാതെ രണ്ട് വായ്പാദാതാക്കള്‍ ജെറ്റ് എയര്‍വേയ്‌സിനെതിരെ നിയമനടപടികള്‍ തുടങ്ങിയ സാഹചര്യം കൂടി ഹിന്ദുജ ചൂണ്ടിക്കാട്ടുന്നുണ്ട്. കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ ഷാമാന്‍ വീല്‍സ്, ഗഗ്ഗാര്‍ എന്റര്‍പ്രൈസസ് എന്നീ വായ്പാദാതാക്കള്‍ ആവശ്യമുന്നയിച്ചിരിക്കുകയാണ്.

എയര്‍ലൈന്‍ കമ്പനിക്ക് നോട്ടീസ് നല്‍കാന്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ കോടതി ഈ രണ്ട് സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് വരുന്ന വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി വെച്ചിരിക്കുകയാണ്. ജെറ്റ് എയര്‍വേയ്‌സ് നടത്തിയ നിയമലംഘനങ്ങള്‍ സംബന്ധിച്ച് കമ്പനീസ് രജിസ്ട്രാര്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനെ ആധാരമാക്കി കേന്ദ്ര കോര്‍പ്പറേറ്റ് കാര്യമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനി നടത്തിയ നികുതിനിയമ ലംഘനങ്ങളിലേക്ക് ആദായനികുതി വകുപ്പ് ഇതിനകം തന്നെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ വിദേശനിക്ഷേപ നിയമങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 2014ല്‍ എത്തിഹാദ് വിമാനക്കമ്പനി നടത്തിയ നിക്ഷേപം സംബന്ധിച്ചാണ് പരിശോധന നടക്കുന്നത്.

നേരത്തെ ജെറ്റ് എയര്‍വേയിസില്‍ തങ്ങള്‍ നടത്തിയ നിക്ഷേപം സംരക്ഷിക്കാനുള്ള ആലോചന ഇത്തിഹാദിനുണ്ടായിരുന്നു. എന്നാല്‍ ഈ പദ്ധതി വേണ്ടെന്നു വെച്ചിരിക്കുകയാണ് കമ്പനി എന്നാണറിയുന്നത്. മെയ് മാസത്തിലാണ് എത്തിഹാദ് നിക്ഷേപം നടത്താനുള്ള സന്നദ്ധത പ്രകടിപ്പിച്ചത്. 1,700 കോടിയുടെ നിക്ഷേപം ജെറ്റ് നടത്തിയേക്കാമെന്നാണ് ലഭിച്ചിരുന്ന വിവരം. എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി 8400 കോടി രൂപയുടെ കടമാണ് ജെറ്റ് എയര്‍വേസിനുള്ളത്.

Share this news

Leave a Reply

%d bloggers like this: