ഷെറിനെ കൊലപ്പെടുത്തിയ കേസില്‍ വെസ്ലിക്ക് ജീവപര്യന്തം : പരോള്‍ 30 വര്‍ഷത്തിന് ശേഷം മാത്രം

ഹൂസ്റ്റണ്‍ : ടെക്‌സസില്‍ മലയാളി ദമ്പതിമാരുടെ ദത്തുപുത്രി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് വെസ്ലി മാത്യൂസിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഡാളസ് കോടതി ഉത്തരവ്. 2017 ലാണ് ഷെറിന്‍ കൊല്ലപ്പെട്ടത്. ടെക്‌സസിലെ റിച്ചാര്‍ഡ്‌സണിലുള്ള വീട്ടില്‍ നിന്നും കുട്ടിയെ കാണാതാകുകയായിരുന്നു. രണ്ടാഴ്ചക്ക് ശേഷം വീട്ടില്‍ നിന്നും കുറച്ചു ദൂരം മാറി ഒരു കലുങ്കില്‍ നിന്നും ടെക്‌സാസ് പോലീസ് ശവശരീരം കണ്ടെത്തി.

അന്വേഷണത്തിന്റെ അവസാനഘത്തില്‍ പ്രതി വെസ്ലി ആണെന്ന സംശയത്തെ തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തിരുന്നു. ഇതോടെ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു വന്നു. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വെസ്ലി തന്നെയാണ് പോലീസില്‍ പരാതി നല്‍കിയിരുന്നത്. പാല് കുടിക്കാത്തതിനാല്‍ കുട്ടിയെ കുറച്ചു നേരം പുറത്തു നിര്‍ത്തിയതിനിടയില്‍ കാണാതായി എന്നായിരുന്നു വെസ്ലിയുടെ ആദ്യ വിശദീകരണം. പിന്നീട് ചോദ്യം ചെയ്യല്‍ സമയത്തു, ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച കുട്ടിയുടെ വായില്‍ ഭക്ഷണം തിരുകി കയറ്റുന്നതിനിടെ ശ്വാസം മുട്ടി മരിച്ചെന്നു വെളിപ്പെടുത്തി,

കുട്ടിയുടെ ആന്തരികാവയവങ്ങള്‍ പുഴുവരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഇതിനാല്‍ മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനും പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. കുട്ടിയെ കണ്ടെത്തുമ്പോള്‍ ശരീരത്തില്‍ അടിയേറ്റ പാടും ഒടിവും, ചതവും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വെസ്ലിയെ ചോദ്യം ചെയ്തത്. അമ്മ സിനി മാത്യൂസിനെ 15 മാസത്തെ തടവിന് ശേഷം കോടതി വെറുതെ വിട്ടു. വെസ്ലിക്ക് ജീവപര്യന്തമാണ് ലഭിച്ചത്. ഇയാള്‍ക്ക് 30 വര്‍ഷത്തിന് ശേഷം മാത്രമാണ് പരോള്‍ ലഭിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: