ജി എസ് ടി പരാതികള്‍ പരിഹരിക്കാന്‍ പുതിയ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍…

ജി എസ് ടി സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ പുതിയ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍. പരിഷ്‌കൃത ജി എസ് ടി റിട്ടേണ്‍ ഫയലിംഗ് സംവിധാനം കേന്ദ്ര ധന മന്ത്രാലയം നാളെ പ്രഖ്യാപിച്ചേക്കും. ജി എസ് ടി നിലവില്‍ വന്ന് രണ്ട് വര്‍ഷമാകുമ്പോളാണ് ഇന്‍ഡയറക്ട് ടാക്സ് സിസ്റ്റം പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 2017 ജൂലായ് ഒന്നിനാണ് രാജ്യത്ത് ജി എസ് ടി അഥവാ ചരക്ക് സേവന നികുതി നിലവില്‍ വന്നത്.

നികുതി നിര്‍ണയം സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ വ്യാപാര സമൂഹങ്ങളില്‍ നിന്നടക്കം ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് പല ഉല്‍പ്പന്നങ്ങളുടേയും സേവനങ്ങളുടേയും നികുതി സര്‍ക്കാര്‍ കുറച്ചിരുന്നു. ചെറുകിട വ്യാപാര, വ്യവസായ മേഖലകളില്‍ ജി എസ് ടി വലിയ പ്രതിസന്ധിയുണ്ടാക്കിയതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഏകീകൃത നികുതി ഏര്‍പ്പെടുത്തിയത് സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തെ പ്രതികൂലമായി ബന്ധിച്ചതായും ഇത് രാജ്യത്തിന്റെ ഫെഡറല്‍ ഘടനയ്ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

കാഷ് ലെഡ്ജര്‍ സംവിധാനത്തിലെ പരിഷ്‌കരണവും സിംഗിള്‍ റീഫണ്ടിംഗും കൊണ്ടുവന്നേക്കും. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ജൂലായ് ഒന്ന് മുതലുള്ള പുതിയ ജി എസ് ടി റിട്ടേണ്‍ ഫയലിംഗ് സംവിധാനം. ചെറുകിട നികുതി ദായകര്‍ക്കായി സഹജ്, സുഗം റിട്ടേണുകള്‍ വരും. വിജയകരമായാല്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ഇത് സ്ഥിരപ്പെടുത്തും. പണം, നികുതി, പലിശ, പിഴ എന്നിവയ്ക്കെല്ലാമായി ഒരു കാഷ് ലെഡ്ജര്‍ വരുമെന്ന് ധന മന്ത്രാലയം അറിയിച്ചു. നിലവില്‍ റീഫണ്ടിംഗ് സംവിധാനം സിജിഎസ്ടി, എസ്ജിഎസ്ടി, ഐജിഎസ്ടി, സെസ് എന്നിങ്ങനെയാണ്. പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി എല്ലാ സംസ്ഥാന തലസ്ഥാന നഗരങ്ങളിലും ജി എസ് ടി അപ്പാലറ്റ് ട്രൈബ്യൂണലുകള്‍ സ്ഥാപിക്കും.

Share this news

Leave a Reply

%d bloggers like this: