സാമ്പത്തിക പ്രതിസന്ധി രൂക്ഷം: കടം വീട്ടാന്‍ അനില്‍ അംബാനി കമ്പനി ആസ്ഥാനം വില്‍ക്കുന്നു…

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കമ്പനി ആസ്ഥാനം വില്‍ക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ വ്യവസായി അനില്‍ അംബാനി. ഏഴു ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള മുംബൈ സാന്താക്രൂസിലെ റിലയന്‍സ് സെന്റര്‍ വില്‍ക്കാനോ വാടകയ്ക്കു നല്‍കാനോ അനില്‍ ശ്രമമാരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 1500-2000 കോടി രൂപയാണു മതിപ്പുവിലയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇടപാടുകള്‍ക്കായി രാജ്യാന്തര പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് ജെഎല്‍എല്‍നെ ആണു റിലയന്‍സ് നിയമിച്ചിട്ടുള്ളത്. വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ സമീപത്തെ നാല് ഏക്കറിലാണു ഭീമന്‍ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. വില്‍ക്കാന്‍ സാധിക്കുമെങ്കില്‍ 3000 കോടി രൂപയെങ്കിലും ലഭിക്കണമെന്നാണ് അനില്‍ അംബാനിയുടെ നിലപാട്.

സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിനെ വീണ്ടും സജീവമാക്കാനാണ് ആസ്ഥാന ഓഫിസ് വില്‍പനയ്ക് ഒരുങ്ങുന്നതെന്നാണ് സൂചന. അംബാനി ഗ്രൂപ്പിന് ആകെ 75,000 കോടി കടമുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍. ഇടപാട് സാധ്യമാവുന്നതോടെ ആ ഒരു പരിധി വരെ പിടിച്ച് നില്‍ക്കാമെന്നാണ് കമ്പനി കരുതുന്നത്. സാന്താക്രൂസിലെ ഓഫിസ് വില്‍പന നടക്കുന്നതിലൂടെ സൗത്ത് മുംബൈയിലെ ബല്ലാഡ് എസ്റ്റേറ്റിലെ റിലയന്‍സ് സെന്ററിലേക്കു മടങ്ങാനായിരിക്കും അംബാനിയുടെ തീരുമാനം.

റിലയന്‍സ് ഗ്രൂപ്പ് വിഭജനത്തിന് പിന്നാലെ 2005 മധ്യത്തിലാണു ബല്ലാഡ് എസ്റ്റേറ്റ് അനിലിന്റെ കൈവശമായത്. ഇതാണ് ഇപ്പോള്‍ വില്‍പനയ്ക്ക് ഒരുങ്ങുന്നത്.

Share this news

Leave a Reply

%d bloggers like this: