ബ്രെക്‌സിറ്റ് പ്രതിസന്ധി: കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് അംഗീകരിക്കില്ലെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ്…

കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് അംഗീകരിക്കില്ലെന്ന് വീണ്ടും ബ്രിട്ടീഷ് പാര്‍ലമെന്റ്. പാര്‍ലമെന്റിനെ സസ്പെന്‍ഡ് ചെയ്ത് കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ അടുത്ത പ്രധാനമന്ത്രിക്ക് ഇനി സാധിക്കില്ല. ഒക്ടോബര്‍ 9-നും ഡിസംബര്‍ 18-നും ഇടയില്‍ സസ്‌പെന്‍ഷന്‍ തടയുന്ന ഭേദഗതി 41 പേരുടെ ഭൂരിപക്ഷത്തോടെയാണ് അംഗീകരിച്ചത്.

ഫിലിപ്പ് ഹാമണ്ട് ഉള്‍പ്പെടെ നാല് കാബിനറ്റ് മന്ത്രിമാര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. രാജിവച്ച മന്ത്രി മാര്‍ഗോട്ട് ജെയിംസ് ഉള്‍പ്പെടെയുള്ള 17 ടോറി എംപിമാര്‍ പ്രധിഷേധവുമായി രംഗത്തുവരികയും ചെയ്തു. കരാറില്ലാതെയും ബ്രെക്‌സിറ്റ് നടപ്പാക്കാം എന്നാണ് ബോറിസ് ജോണ്‍സന്റെ നിലപാട്. തെരേസ മേയുടെ പിന്‍ഗാമിയായി ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന നേതാവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ എതിരാളി ജെറമി ഹണ്ട് ആ അഭിപ്രായത്തെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന ആളാണ്.

അന്താരാഷ്ട്ര വികസന സെക്രട്ടറി റോറി സ്റ്റുവാര്‍ട്ട്, ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക്, ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗൌക്ക്, ചാന്‍സലര്‍ ഹാമണ്ട് എന്നിവരാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന കാബിനറ്റ് മന്ത്രിമാര്‍. ‘വളരെ നിര്‍ണ്ണായകമായ ഈ സമയത്ത് ഇത്തരത്തില്‍ എം.പി മാരുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ലമെന്റില്‍ നിയന്ത്രിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും, അത് ഭരണഘടനാ വിരുദ്ധമാനെന്നും’ ഗെഗ് പറഞ്ഞു.

കരാറോടു കൂടിയോ കരാറില്ലാതെയോ യൂറോപ്യന്‍ യൂണിയന്‍ വിടാം എന്നാണ് ബോറിസ് ജോണ്‍സണ്‍ അടക്കമുള്ളവരുടെ നിലപാട്. എന്നാല്‍ ഇത് പാര്‍ലമെന്റ് തള്ളിയതോടെ അടുത്ത പ്രധാനമന്ത്രിക്ക് കരാര്‍ പാസ്സാക്കിയെടുക്കുക വലിയ വെല്ലുവിളിയാകും. കരാറില്ലാതെ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുപോരുന്ന സാഹചര്യമുണ്ടായാല്‍ അത് പൗണ്ടിന്റെ തകര്‍ച്ചക്ക് വഴിവെക്കുമെന്ന വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.

Share this news

Leave a Reply

%d bloggers like this: