കശ്മീരിന് പ്രത്യേക ഭരണഘടനാ അവകാശങ്ങള്‍ നല്‍കുന്ന വകുപ്പുകളെ എടുത്ത് മാറ്റാന്‍ കേന്ദ്ര സര്‍ക്കര്‍ നടപടികള്‍ ആരംഭിച്ചതായി സൂചന

ശ്രീനഗര്‍ : കഴിഞ്ഞ ദിവസം 10000 ത്തോളം ജവാന്മാരെ കശ്മീരിലേക്ക് അയക്കാന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടത് ചില പ്രത്യേക ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണെന്ന് റിപ്പോര്‍ട്ട്. കാശ്മീരിന്റെ സ്വയംഭരണവുമായി ബന്ധപ്പെട്ടുള്ള 370 -ാം വകുപ്പ്, സംസ്ഥാനത്ത് സ്ഥിരതാമസക്കാര്‍ ആരാണെന്ന് തീരുമാനിക്കാന്‍ ജമ്മു-കാശ്മീര്‍ നിയമസഭയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന 35 എ എന്നീ ഭരണഘടന അനുച്ഛേദങ്ങള്‍ എടുത്ത് മാറ്റാനായുള്ള നടപടികള്‍ ആരംഭിച്ചതായാണ് സൂചന.

കേന്ദ്ര സര്കാരിന്റെ ഈ നീക്കം, വെടിമരുന്ന് നിറച്ചുവച്ച ബാരല്‍ തീയില്‍ വയ്ക്കുന്നത് പോലെയാകുമെന്ന് പിഡിപി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി വ്യക്തമാക്കി. പിഡിപിയുടെ 20ാമത് റെയ്സിംഗ് ഡേ ആഘോഷവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു മെഹബൂബ മുഫ്തി. കശ്മീരിലെ ഈ പ്രത്യേക നിയമങ്ങള്‍ എടുത്ത് കളയുമെന്ന് ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വ്യക്തമാക്കിയിരുന്നു. 35 എ നീക്കി കാശ്മീരിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലെ ജനസംഖ്യാനുപാതം മാറ്റാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നാണ് പി ഡി പി ആരോപിക്കുന്നത്.

സര്‍ക്കാര്‍ ജനങ്ങളെ ഭീതിപ്പെടുത്തുന്ന നടപടികളില്‍നിന്ന് പിന്‍വാങ്ങണമെന്ന് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള പറഞ്ഞു. ഭരണകൂടം പുറത്തുവിടുന്ന വിവരങ്ങളെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയിലാണ് കഴിയുന്നത്. ഭരണഘടനാ വ്യവസ്ഥകള്‍ നീക്കം ചെയ്യുമെന്ന ഭീതിയില്‍ കഴിയുകയാണ് ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു. 35എ അനുച്ഛേദം റദ്ദാക്കിയാല്‍ ഇന്ത്യന്‍ ദേശീയ പതാക കാശ്മീരില്‍ ഉയര്‍ത്താന്‍ പോയിട്ട് കൊണ്ടുനടക്കാന്‍ പോലും ബുദ്ധിമുട്ടായിരിക്കുമെന്ന് മെഹബുബ മുഫ്തി ശ്രീനഗറില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വലിയ രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്ക് ഇത് ഇടയാക്കുമെന്ന് അവര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: