വന്‍ തോതില്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ റെയ്‌നയെര്‍: പൈലറ്റുമാരും, ക്യാബിന്‍ ക്രൂ ഉള്‍പ്പെടെ ആയിരകണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും; ഹാര്‍ഡ് ബ്രെക്‌സിറ്റ് നടപ്പായാല്‍ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുമെന്നും സൂചന

ഡബ്ലിന്‍ : യൂറോപ്പില്‍ തൊഴില്‍ മേഖലയില്‍ മുന്‍പന്തിയിലുള്ള എയര്‍ലൈനുകള്‍ ജീവനക്കാരെ വെട്ടികുറയ്ക്കാന്‍ ഒരുങ്ങുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ജീവനക്കാരെ വെട്ടികുറയ്ക്കുന്ന തീരുമാനം അറിയിച്ചിരിക്കുന്നത് റെയ്‌നയെര്‍ ആണ്. പൈലറ്റുമാരും, ക്യാബിന്‍ ക്രൂ ഉള്‍പ്പെടെ ആയിരകണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നും ഈ എയര്‍ ലൈന്‍ കമ്പനി വ്യക്തമാക്കിക്കഴിഞ്ഞു. റെയ്‌നയെറിന്റെ വരുമാനത്തില്‍ 21 ശതമാനം കുറവ് രേഖപെടുത്തിയതായും സി ഇ ഒ മൈക്കല്‍ ഒ ലേറി അറിയിച്ചു.

മാസങ്ങള്‍ക്ക് മുന്‍പ് നടന്ന എത്യോപ്യന്‍ വിമാന അപകടത്തെത്തുടര്‍ന്ന് മാക്‌സ് 737 വിമാനങ്ങള്‍ നിലത്തിറക്കിയതോടെയാണ് വീണ്ടും റെയ്‌നയെറില്‍ പ്രതിസന്ധി രൂക്ഷമായത്. നിലത്തിറക്കിയ വിമാനങ്ങള്‍ക്ക് പകരം പുതിയവ കൂടുതലായി പറത്താന്‍ കമ്പനിയ്ക്ക് കഴിഞ്ഞില്ല. ചില ബോയിങ് വിമാനങ്ങള്‍ക്ക് യു എസ് ഏവിയേഷന്‍ വകുപ്പ് സുരക്ഷാ പിഴവ് കണ്ടെത്തിയതോടെ നവംബറോടെ ട്രാന്‍സ്അറ്റ്‌ലാന്റിക് റൂട്ടുകളും നിര്‍ത്തിവെയ്ക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും റൈനെയെര്‍ വക്താവ് വ്യക്തമാക്കി.

ഹാര്‍ഡ് ബ്രെക്‌സിറ്റ് നടപ്പായാല്‍ ബെല്‍ഫാസ്റ്റ് സര്‍വീസുകളും നിര്‍ത്തലാക്കുമെന്ന് റൈനെയെര്‍ നേരെത്തെ അറിയിച്ചിരുന്നു. മറ്റു വിമാനക്കമ്പനികളും ജീവനക്കാരെ പിരിച്ചുവിടലിന് ഒരുങ്ങുന്നതായും സൂചനയുണ്ട്. എയര്‍ലൈന്‍ മേഖല മാത്രമല്ല മറ്റു തൊഴില്‍ മേഖലകളും കടുത്ത ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ ജീവനക്കാരുടെ എണ്ണം കുറച്ചേക്കുമെന്നും ആശങ്കയുണ്ട്. അങ്ങനെയെങ്കില്‍ അയര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള യൂണിയന്‍ രാജ്യങ്ങളില്‍ തൊഴിലില്ലായ്മ വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. എന്തുകൊണ്ടും ഹാര്‍ഡ് ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് അയര്‍ലണ്ടിന്റെ സാമ്പത്തിക മേഖലയിക്ക് കനത്ത തിരിച്ചടിയായിരിക്കും നല്‍കുക എന്ന് ഉറപ്പായിക്കഴിഞ്ഞു.

Share this news

Leave a Reply

%d bloggers like this: