അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് വായ്പ നിരക്ക് കുറച്ചു; ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിക്ഷേപത്തിനുള്ള സാധ്യത ഇതോടെ വര്‍ധിക്കുമെന്നാണ് ധനകാര്യ വിദഗ്ദര്‍

കഴിഞ്ഞ പതിനൊന്നു വര്‍ഷത്തിന് ശേഷം ആദ്യമായി അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വായ്പ നിരക്കില്‍ കുറവ് വരുത്തി. കാല്‍ ശതമാനമാണ് പലിശ നിരക്കില്‍ കുറവ് വരുത്തിയത്. ഇതോടെ പലിശ നിരക്ക് 2% -2.25% പരിധിയിലേക്കെത്തി. ഒരു ദശകം മുമ്പുള്ള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് ഇങ്ങനെയൊരു നടപടി ഉണ്ടാകുന്നത്. പലിശ നിരക്കില്‍ കുറവ് വരുത്തണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നേരത്തെ ആവശ്യപ്പെടുന്നുണ്ടായിരുന്നു.

അമേരിക്ക ചൈന വ്യാപാര യുദ്ധം, ലോക സാമ്പത്തിക രംഗത്തെ വളര്‍ച്ചാകുറവ് തുടങ്ങിയ കാരണങ്ങളാണ് വായ്പ നിരക്കില്‍ കുറവു വരുത്താന്‍ കാരണമെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞു. അമേരിക്കയും ചൈനയും തമ്മില്‍ നടക്കുന്ന വ്യാപാര യുദ്ധം ലോക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം നിരക്കില്‍ അമേരിക്ക കുറവ് വരുത്തിയിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ വരുത്തിയ നേരിയ കുറവില്‍ അമേരിക്കന്‍ പ്രസിഡന്റ് നിരാശ പ്രകടിപ്പിച്ചു. പവല്‍ നിരാശനാക്കിയെന്നായിരുന്നു ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. അമേരിക്കന്‍ ഓഹരി വിപണിയിലും ഇത് നിരാശയാണ് ഉണ്ടാക്കിയത്. അമേരിക്കയിലെ വളര്‍ച്ചാ മാന്ദ്യത്തിന് ഇത് പരിഹാരമല്ലെന്നാണ് നിക്ഷേപകരുടെ അഭിപ്രായം. അമേരിക്കന്‍ വ്യവസായ കമ്പനികളുടെ ഓഹരി സൂചികയായ ഡോ ജോണ്‍സ് വ്യവസായ സൂചികയില്‍ 1.23 ശതമാനത്തിന്റെ കുറവുണ്ടായി. സാമ്പത്തിക വളര്‍ച്ചാ മാന്ദ്യം അനുഭവിക്കുന്ന അമേരിക്കയില്‍ പലിശ നിരക്കില്‍ കൂടുതല്‍ കുറവു വരുത്തുമെന്നായിരുന്നു പൊതുവിലുള്ള പ്രതീക്ഷ.

അതേസമയം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്കയില്‍ വായ്പ നിരക്കില്‍ വരുത്തിയ മാറ്റം ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള സമ്പദ് വ്യവസ്ഥകളിലെ വായ്പ നിരക്ക് പൊതുവില്‍ കൂടുതലാണ്. വികസ്വര രാജ്യങ്ങളില്‍ നാണയപ്പെരുപ്പം പൊതുവില്‍ കൂടുതലാണ് എന്നതാണ് ഇതിന് ഒരു കാരണം. അമേരിക്കയില്‍ നിരക്ക് കുറയുന്നതോടെ അമേരിക്കയില്‍നിന്നുളള വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ കൂടുതലായി നിക്ഷേപിക്കാനുള്ള സാധ്യതയാണുള്ളത്. അമേരിക്കന്‍ വിപണിയില്‍നിന്ന് പണം എടുത്ത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിക്ഷേപത്തിനുള്ള സാധ്യത ഇതോടെ വര്‍ധിക്കുമെന്നാണ് ധനകാര്യ വിദഗ്ദര്‍ കരുതുന്നത്.

Share this news

Leave a Reply

%d bloggers like this: