സുഷമയുടെ വിയോഗത്തിലൂടെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ജനപ്രീതിനേടിയ ഒരു നേതാവുകൂടി ഇല്ലാതാക്കുകയാണ് ; പ്രവാസികളുടെ പ്രിയപ്പെട്ട മന്ത്രികൂടിയായിരുന്നു സുഷമ സ്വരാജ്

ന്യൂഡല്‍ഹി : ഔദ്യഗിക ജീവിതത്തില്‍ താളപിഴവുകള്‍ ഇല്ലാതെ മുന്നേറിയ ചുരുക്കം ചില നേതാക്കളുടെ പട്ടികയിലായിരുന്നു അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സ്ഥാനം. സംഘപരിവാര്‍ അജണ്ടകള്‍ ഉള്‍പ്പെടെ ഒന്നാം മോദി സര്‍ക്കാര്‍ വ്യാപക വിമര്‍ശനം നേരിട്ടപ്പോഴും മലയാളികള്‍ ഉള്‍പ്പെടെ സ്‌നേഹത്തോടെയും, ബഹുമാനത്തോടെയും മാത്രം കണ്ടിരുന്ന വ്യക്തിയായിരുന്നു സുഷമാ സ്വരാജ്. സൗമ്യമായ പെരുമാറ്റവും ഇടപെടലുകളുമായിരുന്നും അവരുടെ മുഖമുദ്ര. 80 ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള സുഷമ സ്വരാജ്, ട്വിറ്ററില്‍ ഏറ്റവുമധികം ഫോളോ ചെയ്യപ്പെടുന്ന 10 ലോക നേതാക്കളില്‍ ഒരേയൊരു വനിതയും കൂടിയായിരുന്നു .

വിദേശകാര്യമന്ത്രിയെന്ന നിലയില്‍ സുഷമ സ്വരാജിന്റെ സേവന കാലം ഓര്‍മ്മിക്കുക സാമൂഹ്യമാധ്യമങ്ങളിലൂടെ ഉള്‍പ്പെടയുള്ള ഇടപെടലുകളായിരുന്നു. ട്വിറ്ററായിരുന്നു പ്രധാന ആശയവിനിമയോപാധി. സഹായം അഭ്യര്‍ത്ഥിച്ചെത്തുന്നത് ആരായായും ഒരു ട്വീറ്റായാല്‍ പോലും അതില്‍ സജീവമായ ഇടപെടല്‍. അത് നല്‍കുന്ന ആത്മവിശ്വാസം, ഇതായിരുന്നു സുഷമയെ ജനപ്രിയയാക്കിയത്. വിസ, പാസ്‌പോര്‍ട്ട് തുടങ്ങിയ പ്രശ്‌നങ്ങളാല്‍ വിദേശരാജ്യങ്ങളില്‍ പ്രതിസന്ധി നേരിട്ട പ്രവാസി ഇന്ത്യക്കാര്‍ക്ക് സഹായകരമായ നിലപാടായിരുന്നു സുഷമ സ്വരാജ് സ്വീകരിച്ചത്.

അടിയന്തിര പരിഹാരം. ബാക്കിയെല്ലാം പിന്നീട്. സുഷമയുടെ ഇടപെടലില്‍ ജീവിതം തിരിച്ച് കിട്ടിയ നിരവധി പേര്‍. അതായിരുന്നു അവരുടെ വിജയം. 2017 ജൂണ്‍ 14നായിരുന്നു ലാഹോര്‍ സ്വദേശിയായ റെയ്ഹാന് നോയിഡയിലെ ജെയ്പീ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്. ഇന്ത്യ-പാക് ബന്ധം ഏറെ വഷളായിനില്‍ക്കുന്ന സമയത്താണ് ഈ ശസ്ത്രക്രിയ നടന്നത്. വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജിന്റെ തീരുമാനമായിരുന്നു അടിയന്തിരമായി ആ ബാലന് മെഡിക്കല്‍ വിസ അനുവദിക്കാന്‍ ഇടയായത്. പാസ്‌പോര്‍ട്ട് നഷ്ടമായ വാഷിങ്ടണില്‍ ജോലി ചെയ്തിരുന്ന രേവത രവിതേജ, ട്വീറ്റിലൂടെ വിദേശകാര്യമന്ത്രിയുടെ സഹായം തേടിയത്.
ഓഗസ്ത് 13നാണ് യുവാവിന്റെ വിവാഹം.

10 ന് നാട്ടിലേക്ക് വരാനിരിക്കെ പാസ്‌പോര്‍ട്ട് നഷ്ടമാകുന്നു. ഇനി പ്രതീക്ഷ സുഷമ സ്വരാജില്‍ മാത്രമാണ്, തന്നെ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് യുവാവ് ട്വീറ്റ് ചെയ്തതു. സുഷമ സ്വരാജ് യുവാവിന് മറുപടി നല്‍കി, തെറ്റായ സമയത്താണ് നിങ്ങള്‍ക്ക് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതെന്ന്, എന്തായാലും വിവാഹത്തിന് കൃത്യമായി എത്തിച്ചേരുന്നതിന് വേണ്ട എല്ലാ സഹായവും അവര്‍ വാഗ്ദാനം ചെയ്തു. ട്വീറ്റിന് മറുപടി നല്‍കിയതിനു പുറമെ യുഎസിലെ ഇന്ത്യന്‍ അംബാസിഡര്‍ നവ്തേജ് ശര്‍ണയോട് യുവാവിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കണമെന്നും നിര്‍ദേശിച്ചു.

2014 ല്‍ ഇറാഖില്‍ ഐഎസ് ആക്രമണം രൂക്ഷമായ സമയത്താണ് 46 മലയാളി നഴ്സുമാരെ ഐഎസ് ഭീകരര്‍ ഇറാഖിലെ തിക്രിത്തില്‍ തടഞ്ഞുവെച്ചത്. അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയുടേയും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റേയും വിവേകപൂര്‍ണമായ ഇടപെടല്‍ മൂലം നഴ്സുമാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാന്‍ കഴിഞ്ഞു. രാജ്യത്തിന്റെ നയതന്ത്രചരിത്രത്തിലെ തന്നെ വ്യത്യസ്ഥമായ അധ്യായങ്ങളില്‍ ഒന്നായിരുന്നു നഴ്‌സുമാരുടെ മോചനം. പതിവ് മാര്‍ഗങ്ങളില്‍നിന്ന് വിട്ടുള്ള നയതന്ത്ര രീതികളാണ് ദിവസങ്ങള്‍ക്കകം നഴ്‌സുമാരുടെ മോചനം സാധ്യമാക്കാന്‍ ഇന്ത്യയ്ക്കായതെന്നായിരുന്നു പിന്നീട് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

കേരളം സമയോചിതമായി നടത്തിയ ഇടപെടലുകളും നിര്‍ണായകമായി. ഗള്‍ഫിലെ മലയാളികളായ ബിസിനസുകാരുടെ ഇടപെടലുകളും മോചനം സാധ്യമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. തിക്രിതില്‍ പെട്ടുപോയ 46 നഴ്‌സുമാരുടെ ദുരനുഭവം അന്താരാഷ്ട്രതലത്തില്‍ത്തന്നെ ശ്രദ്ധപിടിച്ചുപറ്റിയപ്പോഴായിരുന്നു. ഇറാഖ് സര്‍ക്കാര്‍ സൈനിക നടപടി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും മറ്റ് ശ്രമങ്ങള്‍ നടത്താമെന്ന് ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഒരോ നിമിഷവും അശങ്കനിറഞ്ഞ നടപടിയിലൂടെയായിരുന്നു അന്ന് ആ ദൗത്യം സുഷമയും ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടുന്ന സംഘം പുര്‍ത്തിയാക്കിയത്.

നര്‍മ്മബോധമുള്ള രാഷ്ട്രീയനേതാക്കള്‍ എന്ന വര്‍ഗം ഇല്ലാതാവുകയാണോ എന്ന് തോന്നിപ്പോകുന്ന കാലത്ത് ഈ കുറവും നികത്തിയ നേതാവായിരുന്നു അവര്‍. അന്വേഷണങ്ങളായും അഭിപ്രായങ്ങളായും തനിക്ക് ലഭിക്കുന്ന ട്വീറ്റുകളോട് തികഞ്ഞ നര്‍മ്മബോധത്തോടെ രസികന്‍ പ്രതികരണങ്ങള്‍ മറുപടിയായി നല്‍കുന്ന വ്യക്തികൂടിയായിരുന്നു സുഷമ.’താന്‍ ചൊവ്വയില്‍ കുടുങ്ങിയിരിക്കുകയാണെന്നും മംഗള്‍യാനില്‍ അയച്ച ഭക്ഷണം തീരാറായെന്നും’ ഒരിക്കല്‍ തമാശയായി കരണ്‍ സൈനി എന്നയാള്‍ സുഷമയ്ക്ക് ട്വീറ്റ് ചെയ്തിരിക്കുന്നു.

മംഗള്‍യാന്‍ രണ്ട് എപ്പോഴാണ് ഇവിടെയെത്തുക എന്നും അന്വേഷണമുണ്ട്. . എന്നാല്‍ അതിനും സുഷമയ്ക്ക് മറുപടിയുണ്ടാരുന്നു. ”ചൊവ്വയിലാണെങ്കിലും പ്രശ്നമില്ല, അവിടത്തെ ഇന്ത്യന്‍ എംബസി നിങ്ങളെ സഹായിക്കും” എന്നാണ് സുഷമയുടെ തമാശ. ഈ ട്വീറ്റിന് ഒരു മണിക്കൂറിനുള്ളില്‍ 2200ലേറെ റീ ട്വീറ്റുകളും 4500ലേറെ ലൈക്കുകളുമാണ് ലഭിച്ചത്. സ്വര്‍ഗീയ നയതന്ത്രം എന്നാണ് ഇതിനെ ട്വിറ്റെര്‍ ഉപയോക്താക്കള്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: