ശക്തമായ മഴ: ഏത് സാഹചര്യം നേരിടാനും സന്നദ്ധരായി കേരളത്തിന്റെ സ്വന്തം സൈന്യം കടലിന്റെ മക്കള്‍

എറണാകുളം : കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ സ്വന്തം ജീവന്‍ പോലും മറന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യ തൊഴിലാളികള്‍ ഇത്തവണയും അതി തീവ്രമായ സാഹചര്യം വന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാന്‍ സന്നദ്ധര്‍.

സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായാണ് മത്സ്യത്തൊഴിലാളികളെയും വള്ളങ്ങളും സജ്ജമാക്കിയിരിക്കുന്നത്. വടക്കന്‍ പറവൂര്‍, ഏലൂര്‍, ആലുവ, തൃക്കാക്കര ഫയര്‍ സ്റ്റേഷനുകളിലായാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തൃക്കാക്കര ഫയര്‍ ആന്‍ഡ് റസ്‌ക്യു സ്റ്റേഷനില്‍ അഞ്ചു വഞ്ചികളുമായി 23 മത്സ്യത്തൊഴിലാളികളാണ് ഇപ്പോഴുള്ളത്.

വെള്ളിയാഴ്ച വൈകിട്ടോടെ വൈപ്പിനില്‍ നിന്നാണ് ഇവര്‍ എത്തിയിരിക്കുന്നത്. നിലവില്‍ വെള്ളപ്പൊക്കത്തിന്റെ ഭീതി ഇല്ലെങ്കിലും മഴ വീണ്ടും ശക്തമായാല്‍ അപകടസാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നും മുന്‍കരുതല്‍ നടപടിയായി ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുമുണ്ട്. മഴ ശക്തമായി തുടരുകയും പുഴകളിലും ഡാമുകളിലും ജലനിരപ്പ് ഉയരുകയും ചെയ്താല്‍ സ്ഥിതി വ്യത്യാസപ്പെടാം.

ആ ഭയം യാഥാര്‍ത്ഥ്യമായാല്‍ ഒരു ജീവന്‍ പോലും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്, കഴിഞ്ഞ വര്‍ഷത്തെ അനുഭവവും മുന്‍നിര്‍ത്തിയാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ എഡിഒ ഫിഷറീസ് വകുപ്പിനെ ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ സേവനം ലഭ്യമാക്കിയത്.

ഫിഷറീസ് വകുപ്പില്‍ നിന്നും വിളിച്ചറിയിച്ചതിനെ തുടര്‍ന്നായിരുന്നു 23 മത്സ്യത്തൊഴിലാളികളും വഞ്ചികളുമായി തൃക്കാക്കരയില്‍ എത്തുന്നത്. വൈപ്പിനിലെ ചാപ്പ കടപ്പുറത്ത് ഉള്ളവരാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഒരു ഫൈബര്‍ ബോട്ട് അടക്കം അഞ്ചു വള്ളങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: