സഭാ തര്‍ക്കം പുതിയ തലത്തിലേക്ക് ; യാക്കോബായ -മാര്‍ത്തോമാ- ബിലീവേഴ്സ് ഈസ്റ്റേണ്‍ സഭയും ഒന്നിക്കാന്‍ നീക്കം

കൊച്ചി : ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാ തര്‍ക്കം പുതിയ തലത്തിലേക്ക് നീങ്ങുന്നു. മാര്‍ത്തോമാ സഭയും ബിലീവേഴ്സ് ഈസ്റ്റേണ്‍ സഭയും യാക്കോബായ സഭയും ഒന്നിക്കാനുള്ള സാധ്യതകളാണ് സഭകളിലെ വൈദികര്‍ പങ്കുവക്കുന്നത്. സഭാ മേലധ്യക്ഷന്‍മാര്‍ ഇത്തരമൊരു നീക്കത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ സഭകള്‍ക്കുള്ളില്‍ ശക്തമായി നടക്കുന്നതായാണ് ഒരു വിഭാഗം വൈദികര്‍ നല്‍കുന്ന വിവരം. ഓര്‍ത്തഡോക്സ്- യാക്കോബായ പള്ളിത്തര്‍ക്കം രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തില്‍ സഭാകൂട്ടായ്മ യാക്കോബായ സഭയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

പള്ളിത്തര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ അന്തിമതീരുമാനവും വന്നതോടെ യാക്കോബായ സഭയ്ക്ക് മുന്നില്‍ വഴികളടഞ്ഞിരിക്കുകയാണ്. 1934ലെ ഭരണഘടന അംഗീകരിച്ച് ഓര്‍ത്തഡോക്സ് സഭയുമായി യോജിച്ച് പോവുക എന്നതാണ് യാക്കോബായ വിഭാഗത്തിന് മുന്നിലുള്ള ഒരു വഴി. കോടതി വിധി ബാധകമായ 1064 പള്ളികളും ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിട്ട് നല്‍കി പുതിയ പള്ളികളും സെമിത്തേരികളും സഥാപിക്കുക എന്നതാണ് മറ്റൊരു വഴി. എന്നാല്‍ ഈ രണ്ട് വഴികളും യാക്കോബായ വിശ്വാസികള്‍ അംഗീകരിക്കാന്‍ തയ്യാറാവില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിയമാനുസൃതമുള്ള മറ്റ് സഭകളുമായി ലയിച്ചു ചേരുക എന്നതാണ് മറ്റൊരു വഴി യാണ് സ്വീകരിക്കാനിരിക്കുന്നത് എന്നാണ് സൂചന. ഇതിനിടെ മലങ്കര മാര്‍ത്തോമാ സുറിയാനി സഭാ മെത്രാപ്പോലീത്ത ഡോ. ജോസഫ് മാര്‍ത്തോമായയെ മലങ്കര മാര്‍പ്പാപ്പയായി അവരോധിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായുമാണ് മാര്‍ത്തോമാ സഭാ വൈദികരും നല്‍കുന്ന വിവരം. ഈ നീക്കത്തിന് പിന്നില്‍ യാക്കോബായ – മാര്‍ത്തോമാ സഭകളുടെയും ബിലീവേഴ്സ് സഭയുടെ പിന്തുണയുണ്ടെന്നും പറയപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: