അനവധി സവിശേഷതകളുമായി ആന്‍ഡ്രോയിഡ് 10 പുറത്തിറങ്ങി

ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ അടുത്ത പതിപ്പ് ആന്‍ഡ്രോയ്ഡ് 10 ഔദ്യോഗികമായി ഫോണുകളില്‍ ലഭ്യമായി തുടങ്ങി. ആദ്യഘട്ടത്തില്‍ ഗൂഗിളിന്റെ പിക്‌സല്‍ ഫോണുകളിലാണ് അപഡേറ്റ് ചെയ്യപ്പെടുന്നത്. പിന്നീട് വണ്‍പ്ലസിന്റെ 7, 7 പ്ലസ് ഫോണുകളിലും അപ്‌ഡേറ്റ് ലഭിക്കുന്നുണ്ട്. സാധാരണ ആഗസ്റ്റ് മാസത്തിലാണ് ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് അപ്‌ഡേറ്റ് ലഭിക്കുകയെങ്കില്‍ ഇത്തവണ അത് സെപ്തംബറിലേക്ക് നീങ്ങി.

ഇതിന് പിന്നാലെ മറ്റ് മൊബൈല്‍ നിര്‍മ്മാതാക്കളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആന്‍ഡ്രോയ്ഡ് അപ്‌ഡേറ്റ് ലഭ്യമാക്കും. ആന്‍ഡ്രോയ്ഡ് ക്യൂവിന് ശേഷം ആന്‍ഡ്രോയ്ഡ് 10 വരുന്നത്. പതിവ് രീതിയില്‍ മധുര പലഹാരങ്ങളുടെ പേര് ഉപേക്ഷിച്ച് പുതിയ സംവിധാനമാണ് പേരില്‍ ഗൂഗിള്‍ പയറ്റിയത്.

പുതിയ അപ്‌ഡേറ്റില്‍ വലിയ മാറ്റങ്ങളാണ് ഗൂഗിള്‍ നിങ്ങളുടെ ഫോണില്‍ വരുത്തുക. ഡാര്‍ക് മോഡിന് പ്രധാന്യം നല്‍കുന്നതാണ് ആന്‍ഡ്രോയ്ഡ് 10. ഡാര്‍ക്ക് തീം വഴി ബാറ്ററി ശേഷി വര്‍ദ്ധിപ്പിക്കാം എന്നതാണ് ഇതിന്റെ ഗുണം. അടുത്തിടെ ആന്‍ഡ്രോയ്ഡില്‍ ഏറ്റവും കൂടുതല്‍ ബാറ്ററി ആവശ്യമായ ചില ആപ്പുകള്‍ ഡാര്‍ക്ക് മോഡിലേക്ക് മാറിയത് ഇതുമായി കൂട്ടി വായിക്കാം. വാട്ട്‌സ്ആപ്പ് പോലുള്ള ആപ്പുകള്‍ ഉടന്‍ തന്നെ ഡാര്‍ക്ക് മോഡ് അവതരിപ്പിക്കുന്നതും ഈ അന്‍ഡ്രോയ്ഡ് അപ്‌ഡേറ്റിന്റെ വെളിച്ചത്തിലാണ്.

പ്രോജക്ട് മെയിന്‍ലെയിന്‍ ആണ് മറ്റൊരു പ്രത്യേകത. ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍ക്ക് ഇനി നേരിട്ട് ഫോണില്‍ എത്തും. അതായത് ഒരോ ഫോണിന്റെയും നിര്‍മ്മാതാക്കളുടെ സോഫ്‌റ്റ്വെയര്‍ അപ്‌ഡേഷന് കാത്തിരിക്കേണ്ട ആവശ്യമില്ല.

ആപ്പുകള്‍ സൈലന്റ് ആക്കുന്നതുമായി ബന്ധപ്പെട്ട് ഫോക്കസ് മോഡ് എന്ന ഓപ്ഷനും. ഡിവൈസ് ലൊക്കേഷന്‍ ശേഖരിക്കാന്‍ ആപ്പുകള്‍ക്ക് അവസരം നല്‍കുമ്പോള്‍ അത് മൂന്ന് രീതിയില്‍ ക്രമീകരിക്കാനുള്ള സംവിധാനവും ആന്‍ഡ്രോയ്ഡ് 10 ല്‍ ഉണ്ട്. അതായത് ഒന്നുകില്‍ പെര്‍മിഷന്‍ ഒരിക്കലും നല്‍കാതിരിക്കാം, അല്ലെങ്കില്‍ എപ്പോഴും നല്‍കാം, അല്ലെങ്കില്‍ ആപ്പ് ഓണ്‍ചെയ്യുമ്പോള്‍ മാത്രം എന്നാക്കാം.

ജെസ്റ്റര്‍-അധിഷ്ഠിത നാവിഗേഷന്‍ കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട് ആന്‍ഡ്രോയ്ഡ് 10 ല്‍. ഐഒഎസിന് സമാനമായിരിക്കും പുതിയ അപ്‌ഡേറ്റ് എന്നാണ് റിപ്പോര്‍ട്ട്. ഒപ്പം വീഡിയോകള്‍ ഫുള്‍ സ്‌ക്രീന്‍ പ്ലേ ചെയ്യുമ്പോള്‍ അതിന്റെ ലൈവ് ക്യാപ്ഷന്‍ ഓപ്ഷനും പുതിയ അപ്‌ഡേറ്റില്‍ ലഭ്യമാണ്.

Share this news

Leave a Reply

%d bloggers like this: