തദ്ദേശ തെരഞ്ഞെടുപ്പ്; ജമ്മുവിലെ എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളേയും തടങ്കലില്‍ നിന്ന് മോചിപ്പിച്ചു.

ശ്രീനഗര്‍: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മുവിലെ എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളേയും തടങ്കലില്‍ നിന്ന് മോചിപ്പിച്ചു. ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സിലിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജമ്മു മേഖല ശാന്തമായതിനാലാണ് നിയന്ത്രണങ്ങള്‍ നീക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം.

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് അഞ്ച് മുതല്‍ വീട്ടുതടങ്കലിലും മറ്റുമായി തടവിലാക്കിയിരുന്നവരെയാണ് മോചിപ്പിക്കുന്നത്. അതേസമയം കാശ്മീര്‍ താഴ്വരയിലെ നേതാക്കളായ മുന്‍ മുഖ്യമന്ത്രിമാര്‍ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി തുടങ്ങിയവരെല്ലാം തടവില്‍ തുടരുകയാണ്. മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിയന്ത്രണവും തുടരുന്നു.

ഒക്ടോബര്‍ 24ന് ജമ്മു കാശ്മീരിലെ 300ലധികം ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സിലുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 26,000ത്തോളം വരുന്ന പഞ്ചായത്ത് അംഗങ്ങള്‍ക്കാണ് ബ്ലോക്ക് തിരഞ്ഞെടുപ്പില്‍ വോട്ടുള്ളത്. കഴിഞ്ഞ വര്‍ഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ബഹിഷ്‌കരിച്ചിരുന്നു. 12,000ത്തിലധികം പഞ്ചായത്ത് സീറ്റുകള്‍ ഇപ്പോളും ഒഴിഞ്ഞുകിടക്കുകയാണ്.

ജമ്മുവിലും കാശ്മീര്‍ താഴ്വരയിലുമായി 400നടുത്ത് രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയിരുന്നു. ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ പിന്നീട് പബ്ലിക് സേഫ്റ്റി ആക്ട് ചുമത്തിയിരുന്നു. രണ്ട് വര്‍ഷം തടവില്‍ വയ്ക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്. മുന്‍ മന്ത്രിയും പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവുമായ സജ്ജാദ് ലോണ്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങിയവരെല്ലാം തടവിലാണ്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് ശ്രീനഗറില്‍ പോയി തരിഗാമിയെ കാണാന്‍ യെച്ചൂരിക്ക് സുപ്രീം കോടതി അനുവാദം നല്‍കിയിരുന്നു. പിന്നീട് സുപ്രീം കോടതി അനുമതിയോടെ തരിഗാമി ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയ്ക്കായി എത്തിയിരുന്നു.

കോണ്‍ഗ്രസ് നേതാവും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദും സുപ്രീം കോടതി അനുമതിയോടെ ശ്രീനഗറിലെത്തി പ്രദേശവാസികളെ കണ്ട് സംസാരിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 370, 35 എ, ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി എന്നിവ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജികള്‍ ജസ്റ്റിസ് എന്‍ വി രമണയുടെ അഞ്ചംഗ ഭരണഘടന ബഞ്ച് നവംബര്‍ 14നാണ് പരിഗണിക്കുക

Share this news

Leave a Reply

%d bloggers like this: