രണ്ടാം കൂനന്‍ കുരിശ് സത്യം’; സഭാനേതൃത്വങ്ങള്‍ക്കുള്ളില്‍ ആശയകുഴപ്പം ശക്തം

‘കൊച്ചി: യാക്കോബായ സഭ പ്രഖ്യാപിച്ച ‘രണ്ടാം കൂനന്‍ കുരിശ് സത്യം’ നടത്തിപ്പുമായി ബന്ധപ്പെട്ട് സഭയ്ക്കുള്ളില്‍ ആശയകുഴപ്പം വര്‍ധിക്കുന്നു. കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ ഞായറാഴ്ച മൂന്ന് മണിക്ക് ‘രണ്ടാം കൂനന്‍ കുരിശ് സത്യം’ നടത്തുമെന്ന് യാക്കോബായ സഭ അറിയിച്ചിരുന്നു. എന്നാല്‍ ആ തീരുമാനം പള്ളി അധികാരികള്‍ സഭാ നേതൃത്വവുമായി ആലോചിക്കാതെയുണ്ടായതാണെന്ന് സഭാ വൃത്തങ്ങള്‍ പറയുന്നു.

യാക്കോബായ സഭ ‘രണ്ടാം കൂനന്‍ കുരിശ് സത്യ’ത്തിനൊരുങ്ങുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കോതമംഗലം പള്ളി അധികാരികള്‍ പ്രഖ്യാപിച്ചിരുന്നു. സഭയുടെ പാരമ്പര്യവും പള്ളികളും സംരക്ഷിക്കാനായാണ് നാളെ ‘രണ്ടാം കൂനന്‍ കുരിശ് സത്യം’ നടത്തുന്നതായി പറഞ്ഞത്. കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ ഞായറാഴ്ച മൂന്ന് മണിക്കാണ് സഭയുടെ നേതൃത്വത്തില്‍ പരിപാടി നടക്കുക.

നിലവില്‍ പള്ളികള്‍ ഇല്ലാതാവുന്ന പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ കോതമംഗലം പളളിയില്‍ നടക്കുന്ന പരിപാടി വിജയിപ്പിക്കണം എന്നുള്ള ആലോചനകള്‍ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഓര്‍ത്തഡോക്‌സ് സഭയുമായി ബന്ധം ഉപേക്ഷിക്കുന്ന തരത്തിലേക്ക് ‘രണ്ടാം കൂനന്‍ കുരിശ് സത്യം’ വന്നാല്‍ അത് സഭയ്ക്ക് ദോഷം ചെയ്യുമെന്നും അത് ഒട്ടേറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും സഭാ ഭാരവാഹികളില്‍ ചിലര്‍ പറയുന്നു.

സഭാ നേതൃത്വവുമായി ആലോചിക്കാതെയാണ് പള്ളി അധികാരികള്‍ ഇക്കാര്യം വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചതെന്നും ഇവര്‍ പറയുന്നു. ഇനി ഒരു പള്ളിയും മറുവിഭാഗത്തിന് വിട്ടുകൊടുക്കില്ലെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കാനാണ് ‘രണ്ടാം കൂനന്‍ കുരിശ് സത്യം’. ഒരു ലക്ഷം യാക്കോബായ വിശ്വാസികള്‍ ഇതില്‍ പങ്കെടുക്കുമെന്നും അവര്‍ അറിയിച്ചിരുന്നു. സമാധാനത്തിന്റെ വഴിയില്‍ സമരം നടത്തുകയാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നത്.

Share this news

Leave a Reply

%d bloggers like this: