നിഗൂഢ കൊലപാതകങ്ങളുടെ ചുരുളഴിച്ച് പോലീസ്; 14 വര്‍ഷങ്ങള്‍ക്കുള്ളില്‍ നടന്നത് 6 കൊലപതകങ്ങള്‍; പ്രതി ജോളി തന്നേ….ഏറ്റവും ഒടുവില്‍ റോയിയുടെ സഹോദരിയെയും വകവരുത്താന്‍ ശ്രമം

കോഴിക്കോട് : കൂടത്തായിയില്‍ ഒരു കുടുംബത്തില്‍ 14 വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന 6 മരണങ്ങള്‍ കൊലപാതകമാണെന്ന് കണ്ടെത്തിയതോടെ അറസ്റ്റിലേക്ക് കടന്നിരിക്കുകയാണ് പോലീസ്. മരിച്ച ഗൃഹനാഥന്‍ ടോം തോമസിന്റെ മരുമകളായ ജോളി, ബന്ധു മാത്യു, സ്വര്‍ണ്ണപണിക്കാരന്‍ പ്രജകുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രജകുമാറില്‍ നിന്ന് വാങ്ങിച്ച സയനൈഡ് ജോളിക്ക് എത്തിച്ചു കൊടുത്തത് താനാണെന്ന് മാത്യു സമ്മതിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ സയനൈഡ് ഉള്ളില്‍ ചെന്നാണ് എല്ലാവരും മരിച്ചതെന്ന് റൂറല്‍ എസ്.പി കെ ജി സൈമണ്‍ വ്യക്തമാക്കി. അതേസമയം, എല്ലാ മരണങ്ങളിലും പങ്കുണ്ടെന്ന് മുഖ്യപ്രതിയായ ജോളി സമ്മതിച്ചെന്നും അദ്ദേഹം പ്രതികരിച്ചു. ഭര്‍ത്താവിന്റെ മാതാവായ അന്നമ്മയെ വകവരുത്തിയത് വീടിന്റെ നിയന്ത്രണം കൈവശപ്പെടുത്താനായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെ ഓരോ കൊലപാതകങ്ങള്‍ക്കും പുറകില്‍ ഓരോ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു.

രണ്ട് മാസം മുന്‍പ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്. വിഷയം ഡിഐജിയെ അറിയിക്കുകയും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്ത ശേഷമായിരുന്നു നടപടി മുന്നോട്ട് പോയത്. റോയ് തോമസിന്റെ മരണമായിരുന്നു പരാതിയുടെ അടിസ്ഥാനം. റോയി തോമസ് മരിച്ചതിനെ കുറിച്ച് മറ്റ് സംശയങ്ങളില്ലെന്നായിരുന്നു അന്നത്തെ കോടഞ്ചേരി പോലീസ് സ്റ്റേഷനില്‍ നിന്നുള്ള റിപ്പോര്‍ട്ട്. വിശദമായി പരിശോധിച്ചപ്പോഴായിരുന്നു മരണം സയനേഡ് കഴിച്ചായിരുന്നു എന്ന വ്യക്തമായത്. എന്നാല്‍ എവിടെ നിന്നാണ് സയനേഡ് കിട്ടിയത് എന്നത് ഉള്‍പ്പെടെ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. അന്ന് അക്കാര്യങ്ങള്‍ അന്വേഷിച്ചിരുന്നില്ല. പിന്നീട് കേസ് വീണ്ടും അന്വേഷിക്കാന്‍ കോടതിയോട് അനുമതി തേടുകയായിരുന്നു.

ജോളിയുമായി സൗഹൃദം ഉണ്ടായിരുന്നത് കൊണ്ടാണ് സയനൈഡ് സംഘടിപ്പിച്ച് നല്‍കിയതെന്നും മാത്യു പോലീസിനോട് മൊഴി നല്‍കിയിട്ടുണ്ട്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു സ്‌കറിയയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. അതേസമയം ഭര്‍ത്താവ് അടക്കമുള്ള ആറ് കൊലപാതകള്‍ക്ക് പുറമെ ഏഴാമതൊരു കൊലപാതകം കൂടി നടത്താന്‍ താന്‍ പദ്ധതിയിട്ടിരുന്നതായി ജോളി പോലീസിനോട് സമ്മതിച്ചു.

മുന്‍ ഭര്‍ത്താവ് റോയിയുടെ സഹോദിരി റെന്‍ജിയേയും കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണ് ചോദ്യം ചെയ്യലില്‍ ജോളി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. റോയിയുടെ മരണ ശേഷം കൂടത്തായിയിലെ വീട്ടിലെത്തിയാല്‍ റെന്‍ജി ഭക്ഷണം കഴിക്കാറില്ലായിരുന്നു. എറണാകുളത്ത് താമസിക്കുന്ന ഇവര്‍ വീട്ടിലേക്ക് ഭരാന്‍ ഭയപ്പെട്ടിരുന്നു. ജോളിയെ ഭയന്നാണ് കൊലപാതക ശ്രമം മറച്ചുവെച്ചതെന്നും ഇവര്‍ പറഞ്ഞു.

റെന്‍ജിയില്‍ നിന്നും പോലീസ് വിശദമായ വിവരങ്ങല്‍ ശേഖരിച്ചിട്ടുണ്ട്. രണ്ട് മാസമായി അന്വേഷണം പുരോഗമിക്കുകയായിരുന്നു. ഇതിനിടെയാണ് 2002 മുതല്‍ ഈ കുടുംബത്തില്‍ സമാനമായ ലക്ഷണങ്ങളോടെ മറ്റ് ചിലരും മരിച്ചിട്ടുണ്ടെന്നു വ്യക്തമായത്. ചില മരണങ്ങളില്‍ പോസ്റ്റ് മോര്‍ട്ടം പോലും നടന്നിരുന്നില്ല. ഇതിന് പുറമെ സംഭവങ്ങളില്‍ എല്ലാം ചിലരുടെ സാന്നിധ്യം വ്യക്തമാവുകയും ചെയ്തതോടെയാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. തനിക്കെതിരെ സംശയങ്ങള്‍ ഉയര്‍ന്നപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നതായി ജോളി പോലീസിന് മൊഴി നല്‍കി. കുടുംബത്തിലെ മരണങ്ങളെക്കുറിച്ച് വെള്ളിയാഴ്ച്ച രാവിലെ വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയപ്പോഴായിരുന്നു ജോളിയുടെ ആത്മഹത്യാ ശ്രമം.

ജോളി നാട്ടില്‍ എന്‍ഐടിയില്‍ ലക്ചര്‍ ആണെന്നായിരുന്നു അവര്‍ പ്രചരിപ്പിച്ചിരുന്നത്. വ്യാജ ഐഡി കാര്‍ഡ് ഉള്‍പ്പെടെ ഉപയോഗിച്ചിരുന്നു. കുടുംബത്തില്‍ നടന്ന മരണവുമായി ബന്ധപെട്ടു വൈരുധ്യമായ മൊഴി നല്‍കിയതും ജോളിയിലേക്കുള്ള സംശയം വര്‍ധിപ്പിച്ചു. കുടുംബത്തിലെ രണ്ടാമത്തെ മരണമായ ടോം തോമസിന്റെ മരണത്തിന് പിന്നില്‍ കുടുംബസ്വത്ത് കൈക്കലാക്കുക എന്നതായിരുന്നു ലക്ഷ്യം. ടോം തോമസുമായി അടുത്ത ബന്ധമായിരുന്നു ജോളി പുലര്‍ത്തിയിരുന്നത്. എന്നാല്‍ അദ്ദേഹം കുടുംബ സ്വത്തിന്റെ ഒരു ഭാഗം വിറ്റ് വലിയ ഒരു തുക ഇവര്‍ക്ക് നല്‍കിയിരുന്നു. ഇതിന് പുറമെ മറ്റ് സ്വത്തില്‍ അവകാശമില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പിണങ്ങുകയും ചെയ്തു. അതിന് പിന്നാലെയായിരുന്നു പിതാവിന്റെ മരണം. എന്നാല്‍ വസ്തു ഇവര്‍ക്ക് നല്‍കും എന്ന് എഴുതി നല്‍കിയതിന് ശേഷമായിരുന്നു മരണം.

അതിന് പിന്നാലെയാണ് റോയ് തോമസിന്റെ മരണം. അവസാന നാളകളില്‍ റോയ് തോമസും ജോളിയും തമ്മിലുള്ള ബന്ധം വളരെ വഷളായിരുന്നു. അന്നമ്മ തോമസിനെ മുന്‍പ് സൂപ്പ് കഴിച്ചതിന്റെ പേരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് പല വിധ പരിശോധനകള്‍ നടത്തിയിരുന്നു. കോഴിക്കോട് മീംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതേ സാഹചര്യമായിരുന്നു രണ്ടാമത്തെ സംഭവത്തിലും ഉണ്ടായിരുന്നതെന്നും എസ്.പി പറയുന്നു. സ്ലോ പോയിസണിങ്ങാണ് അന്ന് ഉണ്ടായിരുന്നത്. പക്ഷേ ആശുപത്രിക്ക് അത് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

റോയ് തോമസ് മരിക്കുമ്പോള്‍ താന്‍ ഭക്ഷണം പാകം ചെയ്യുകയായിരുന്നു എന്നാണ് ജോളി പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയപ്പോള്‍ ദഹിക്കാത്ത ചോറും കടലക്കറിയും ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. മാത്യുവിന്റെ മരണം നടന്ന് ഒരാഴ്ച്ചക്കുള്ളിലാണ് ടോം തോമസിന്റെ സഹോദരന്റെ മകന്‍ ഷാജുവിന്റെ ഒരു വയസ്സ് പ്രായമായ മകള്‍ അല്‍ഫൈനെ മരിക്കുന്നത്. 2016 ജനുവരി 11ന് ഷാജുവിന്റെ ഭാര്യ ഫിലിയും മരിച്ചു. എല്ലാ മരണങ്ങളുടെയും ലക്ഷണം ഒന്നായിരുന്നു എന്നാണ് പോലീസ് പറയുന്നത്. മരണത്തെ കുറിച്ച് ഇപ്പോഴും ബന്ധുക്കള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റൂറല്‍ എസ്പി പറയുന്നു

Share this news

Leave a Reply

%d bloggers like this: