ബ്രെക്‌സിറ്റ്; ജനുവരി 31 വരെ സമയം നീട്ടി യൂറോപ്പ്യന്‍ യൂണിയന്‍

ബ്രെസ്സല്‍സ് : ബ്രെക്‌സിറ്റ് കരാര്‍ നീട്ടിനല്‍കാന്‍ യൂറോപ്പ്യന്‍ യൂണിയന്‍ ധാരണയിലെത്തി. 2020 ജനുവരി 31-വരെ സമയം നീട്ടി നല്‍കിയേക്കും. സമയം നീട്ടി നല്‍കണമെന്ന യുകെയുടെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ടാണ് നടപടി. ഫ്രാന്‍സിന്റെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കെയാണ് യൂണിയനിലെ മറ്റു അംഗങ്ങള്‍ തിയ്യതി നീട്ടുന്നത്. ഡിസംബര്‍ 12-ന് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്താനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിര്‍ദേശത്തില്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ വോട്ടെടുപ്പു നടന്നതിനുശേഷം പുതിയ ബ്രെക്‌സിറ്റ് തീയതി പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് ഫ്രാന്‍സിന്റെ നിലപാട്. നിലവിലെ കരാര്‍പ്രകാരം ഒക്ടോബര്‍ 31-നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടത്.

എന്നാല്‍, 31-ന് പിരിയുന്നത് ഈ സാഹചര്യത്തില്‍ സാധ്യമല്ലെന്ന് ബ്രിട്ടീഷ് ചാന്‍സലര്‍ സാജിദ് ജാവേദ് യൂണിയനെ അറിയിച്ചിരുന്നു. പിന്‍വാങ്ങല്‍ കരാര്‍ സംബന്ധിച്ച് ഔദ്യോഗിക തീരുമാനം ഉണ്ടാകുന്നതുവരെ ഇപ്പോള്‍ മുന്നോട്ടുവായ്ക്കപ്പെട്ടിട്ടുള്ള നിബന്ധനകളിലും കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ ഇ.യുതന്നെ കൃത്യമായി ഒരു തിയ്യതി പറയുന്നത്. ഇരു കക്ഷികളും 2019 നവംബറിലോ, ഡിസംബറിലോ അല്ലെങ്കില്‍ 2020 ജനുവരിയിലോ അന്തിമമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ കരാര്‍ യാഥാര്‍ത്ഥ്യമാകും.

കരടു രേഖ സംബന്ധിച്ച ഔദ്യോഗിക തീരുമാനം അടുത്തയാഴ്ച മാത്രമേ പ്രഖ്യാപിക്കുകയുള്ളു. ഇതേസമയം, പൊതു തിരഞ്ഞെടുപ്പ് ഡിസംബര്‍ 12-ന് നടത്താമെന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിര്‍ദേശവും യുകെ പാര്‍ലമെന്റ് അടുത്തയാഴ്ച വോട്ടിനിട്ടു തീരുമാനിക്കും. ഇയു രാജ്യങ്ങളില്‍ ഭൂരിപക്ഷവും 2020 ജനുവരി വരെ കാലാവധി നീട്ടി നല്‍കാന്‍ തയാറാണെന്നാണു സൂചന. ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനെ പിന്തുണച്ചാല്‍ ബ്രെക്‌സിറ്റ് കരാറില്‍ സംവാദത്തിന് കൂടുതല്‍ സമയം അനുവദിക്കാമെന്ന് വ്യാഴാഴ്ച ലേബര്‍പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന് നല്‍കിയ കത്തില്‍ ജോണ്‍സണ്‍ വ്യക്തമാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: