ലണ്ടനില്‍ ട്രെക്കില്‍ കണ്ട മൃതദേഹങ്ങള്‍ വിയറ്റ്‌നാമില്‍ നിന്നുള്ളവരുടേതെന്ന് പോലീസ്

ലണ്ടണ്‍ : ലണ്ടണിലെ എസെക്‌സില്‍വെച്ച് റഫ്രിജറേറ്റഡ് കണ്ടെയ്‌നറില്‍ കണ്ടെത്തിയ ശവശരീരങ്ങള്‍ വിയറ്റ്‌നാമില്‍ നിന്നുള്ളവരുടേതെന്ന് പോലീസ് നിഗമനം. ഇവര്‍ ചൈനീസ് പൗരന്മാരാണെന്നായിരുന്നു നേരത്തെ ഉണ്ടായ നിഗമനം. എന്നാല്‍ വിയറ്റ്‌നാമീസ് കമ്മ്യൂണിറ്റിയില്‍ കാണാതായ വ്യക്തികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് പോലീസ് അന്വേഷണം ആ നിലക്ക് വ്യാപിപ്പിച്ചത്.

ലണ്ടനിലെ വിയറ്റ്‌നാമീസ് എംബസി വഴിയാണ് കണാതായവര്‍ ട്രെക്കില്‍ മരിച്ചവര്‍ തന്നെയാണെന്ന് കണ്ടെത്തലിലേക്ക് നയിച്ചത്. വിയറ്റ്‌നാമിലെയും യുകെയിലെയും ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ട് ഇരകളുടെ കുടുംബങ്ങളെ സഹായിക്കുമെന്നും, അവരുടെ പ്രിയപ്പെട്ടവരെ വീട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എംബസി വ്യക്തമാക്കി. മരണപ്പെട്ട 39 പേരുടെയും പേരുവിവരങ്ങള്‍ ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല.

ബെല്‍ജിയം തീരത്തുനിന്നുമാണ് റഫ്രിജറേറ്റഡ് ലോറി ട്രെയിലറില്‍ ഇരകള്‍ യാത്ര തീരിച്ചിരുന്നത്. അതിനു മുന്‍പ്, ഹോളണ്ട്, ബള്‍ഗേറിയ, തുടങ്ങിയ രാജ്യത്തിലൂടെ സഞ്ചരിച്ചാണ് അവര്‍ ബെല്‍ജിയത്തിലെ സീബ്രഗ്ഗ് തുറമുഖത്ത് എത്തിയത്. എട്ട് സ്ത്രീകളെയും 31പുരുഷന്മാരെയും -25 സി വരെ കുറഞ്ഞ താപനിലയില്‍ 10 മണിക്കൂറെങ്കിലും പൂട്ടിയിട്ടിരിക്കാമെന്നാണ് നിഗമനം. ഇരകള്‍ ചൈനക്കാരാകാമെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ അയര്‍ലണ്ട്, ബെല്‍ജിയം, ചൈന എന്നിവിടങ്ങളിലെ അന്വേഷണ ഏജന്‍സികളെയും ഉള്‍പ്പെടുത്തി അന്വേഷണം വിപുലമാക്കിയിരുന്നു.

അതിര്‍ത്തിക്കടുത്തുള്ള വടക്കന്‍ അയര്‍ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂന്ന് ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ചാണ് ഇപ്പോഴും അന്വേഷണം പുരോഗമിക്കുന്നത്. ട്രെക്കില്‍ ശവശരീരങ്ങള്‍ കണ്ടത്തിയതോടെ വടക്കന്‍ അയര്‍ലണ്ടുകാരനായ ട്രെക്ക് ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മരണപ്പെട്ടവരുടെ വിവരങ്ങള്‍ ഉള്‍പ്പെടെ അടുത്ത ദിവസം പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടേക്കും

Share this news

Leave a Reply

%d bloggers like this: