മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് ആഴ്ചയില്‍ 4 ദിവസം മാത്രം ജോലി;പുതിയ മാതൃക പിന്തുടരാന്‍ തയ്യറായി നിരവധി കമ്പനികള്‍

ടോക്കിയോ: ജീവനക്കാരുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ തയ്യാറാക്കിയ പുതിയ പരീക്ഷണം വിജയം കണ്ടതായി മൈക്രോസോഫ്റ്റ്. ജീവനക്കാരുടെ തൊഴില്‍ ദിനങ്ങള്‍ ആഴ്ചയില്‍ നാല് ദിവസമാക്കിക്കൊണ്ടുള്ള പരീക്ഷണമാണ് വിജയിച്ചത്. തുടക്കത്തില്‍ ജപ്പാനിലെ ഓഫീസുകളില്‍ ഈ മാതൃക പിന്തുടര്‍ന്നത് കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായിട്ടുടെന്നാണ് കണ്ടെത്തല്‍. ജീവനക്കാരും, കമ്പനിയും ഒരുപോലെ സന്തോഷത്തിലാണെന്ന് മൈക്രോസോഫ്ട് പ്രതികരിച്ചു. ജീവനക്കാരുടെ മാനസിക- ശാരീരിക ആരോഗ്യം ബിസിനസ്സ് വളര്‍ച്ചയിലെ പ്രധാന ഘടകമാണെന്നും മൈക്രോസോഫ്റ്റ് വക്താവ് പറഞ്ഞു.

ഓഗസ്റ്റ് മാസത്തിലാണ് മൈക്രോസോഫ്റ്റ് ജപ്പാന്‍ ‘വര്‍ക്ക്-ലൈഫ് ചോയ്‌സ് ചലഞ്ച് സമ്മര്‍ 2019’ എന്ന പുതിയ പ്രോജക്റ്റ് പരീക്ഷിച്ചത്. 2,300 മുഴുവന്‍സമയ തൊഴിലാളികള്‍ക്കും ശമ്പളം കുറയ്ക്കാതെ തുടര്‍ച്ചയായി അഞ്ച് വെള്ളിയാഴ്ച അവധി നല്‍കി. അതോടെ മീറ്റിങ്ങുകള്‍ കൂടുതല്‍ കാര്യക്ഷമമായി, തൊഴിലാളികള്‍ സന്തോഷവാന്മാരായി, ഉല്‍പാദനക്ഷമത 40% വര്‍ദ്ധിച്ചു എന്നാണ് കമ്പനി കണ്ടെത്തിയത്. പരിപാടിയുടെ ഭാഗമായി ജീവനക്കാര്‍ക്ക് അവധിക്കാലം കുടുംബത്തോടൊപ്പം ആഘോഷിക്കുന്നതിനായി 920 ഡോളര്‍ സബ്‌സിഡി നല്‍കാനും കമ്പനി പദ്ധതിയിട്ടിരുന്നു.

തൊഴില്‍ സമയം 20% കുറച്ചാലും ഉല്‍പാദനക്ഷമത കുറയാതെ സമാനഫലം തന്നെ എങ്ങനെ ഉണ്ടാകുന്നുവെന്ന് ജീവനക്കാര്‍ ചിന്തിക്കുകയും അനുഭവിക്കുകയും ചെയ്യണമെന്നാണ് ഈ പരീക്ഷണത്തിലൂടെ ഉദ്ദേശിച്ചതെന്ന്’ മൈക്രോസോഫ്റ്റ് ജപ്പാന്‍ പ്രസിഡണ്ടും സിഇഒയുമായ ടാകുയ ഹിരാനോ പറയുന്നു. ‘കുറച്ച് സമയം ജോലി ചെയ്യുക, നന്നായി വിശ്രമിക്കുക, ധാരാളം പഠിക്കുക’ എന്നതാവണം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഉല്‍പാദന ക്ഷമതയ്ക്ക് പുറമേ ട്രയല്‍ സമയത്ത് ജീവനക്കാര്‍ അവധിയെടുക്കുന്നതും 25% കുറഞ്ഞു. വൈദ്യുതി ഉപയോഗം 23% കുറഞ്ഞു. പേപ്പര്‍ പ്രിന്റ് എടുക്കുന്നത് 59% ആണ് കുറഞ്ഞത്. ട്രയലില്‍ പങ്കെടുത്ത 92% പേരും പ്രവൃത്തി ദിനങ്ങള്‍ കുറഞ്ഞത് ഇഷ്ടപ്പെട്ടു.

കോര്‍പ്പറേറ്റ് ലോകത്ത് ഇതാദ്യമായല്ല ഇത്തരമൊരു പരീക്ഷണം നടക്കുന്നത്. 2018ല്‍, ന്യൂസിലാന്റ് ട്രസ്റ്റ് മാനേജുമെന്റ് കമ്പനിയായ പെര്‍പെര്‍ച്വല്‍ ഗാര്‍ഡിയന്‍ സമാനമായ പരീക്ഷണം നടത്തിയിരുന്നു. അന്നും ജീവനക്കാര്‍ കൂടുതല്‍ പ്രവര്‍ത്തന ക്ഷമതയും കൃത്യതയും കാണിക്കുന്നതായി കണ്ടെത്തി. യൂറോപ്പില്‍ അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വരും വര്‍ഷങ്ങളില്‍ തൊഴില്‍ ദിനങ്ങള്‍ കുറച്ച് ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്ന തൊഴില്‍ നയങ്ങളിലേക്ക് മാറുമെന്നാണ് സൂചന.

Share this news

Leave a Reply

%d bloggers like this: