മുഖ്യമന്ത്രിയ്ക്ക് അയര്‍ലണ്ടില്‍ നിന്നും ഉപദേശകന്‍ എത്തുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അയര്‍ലണ്ടില്‍ നിന്നും ഉപദേശകനെത്തുന്നു. തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഉപദേശകനായി അര്‍ലണ്ടുകാരനായ ഡോ: വില്യം ഹാളിനെയാണ് സര്‍ക്കര്‍ നിയമിച്ചത്. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. വിദേശത്തുനിന്നും ഭീമമായ തുക ചെലവിട്ട് നടത്തിയ നിയമനത്തില്‍ പ്രതിപക്ഷം ഒന്നടങ്കം ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഇത്തരം നിയമനങ്ങള്‍ നടത്തേണ്ടതില്ലെന്നും, രാജ്യത്തിനകത്ത് തന്നെയുള്ള വിദഗ്ദ്ധരെ ഉപദേശകരായി നിയമിക്കുകയായിരുന്നു ഉചിതമെന്നും അഭിപ്രായങ്ങള്‍ ഉയരുകയാണ്.

ഉപദേശകന്റെ ഓരോ സന്ദര്‍ശനത്തിനും സര്‍ക്കാരിന് ചെലവാകുന്നത് 10.21 ലക്ഷം രൂപ. 2.87 ലക്ഷം രൂപയാണ് യാത്രാചെലവ്. താമസത്തിന് മൂന്ന് ലക്ഷം രൂപ. 79,462 രൂപയാണ് അലവന്‍സ്. 3.54 ലക്ഷം രൂപയാണ് ഓണറേറിയം. എന്നാല്‍ സംസ്ഥാനത്തിന് സ്വന്തമായൊരു വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വേണമെന്നത് ഇടത് സര്‍ക്കാരിന്റെ വാഗ്ദാനമായിരുന്നു. കേരളത്തില്‍ നിപ വൈറസ് പടര്‍ന്ന് പിടിച്ചപ്പോഴും ഈ ആവശ്യം ശക്തമായിരുന്നു. ഇത്തരമൊരു ഗവേഷണ സ്ഥാപനത്തിന് അന്താരഷ്ട്ര തലത്തിലുള്ള ഒരു ഉപദേഷ്ടാവ് വേണമെന്ന് തന്നെയാണ് സര്‍ക്കാര്‍ പറയുന്നത്.

കേരളത്തില്‍ നിപയും,അനുബന്ധ വൈറസ് രോഗങ്ങളും പടര്‍ന്നപ്പോള്‍ രക്തസാമ്പിളുകള്‍ അയച്ചിരുന്നത് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആയിരുന്നു. അന്തരാഷ്ട്ര തലത്തിലുള്ള സാങ്കേതികമികവിനു അത്തരത്തിലുള്ള ഉപദേശകന്‍ അനിവാര്യമായതിനാലാണ് നിയമനം എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അയര്‍ലന്റിലെ ഡബ്ലിനിലെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സിലെ മൈക്രോ ബയോളജി പ്രൊഫസറും മൈക്രോബയോളജിസ്റ്റുമാണ് ഡോ. വില്യം ഹാള്‍.

Share this news

Leave a Reply

%d bloggers like this: