അയോദ്ധ്യ വിധി; മത സ്പര്‍ദ്ധ ഉണ്ടാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും കേരള പോലീസ്

തിരുവനന്തപുരം: അയോദ്ധ്യ കേസില്‍ വിധി വന്ന പശ്ചാത്തലത്തില്‍ സാമുദായിക സംഘര്‍ഷം ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുമെന്ന് അറിയിപ്പ്. സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ ആണ് കര്‍ശന നിര്‍ദേശം പുറത്തുവിട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം പോലീസിന്റെ എല്ലാ വിഭാഗത്തിനും നല്‍കിയതായും കുറിപ്പില്‍ പറയുന്നു. സോഷ്യല്‍ മീഡിയ വഴി ഇത്തരം സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്യുമെന്നും ഇവര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തുക. എല്ലാ സോഷ്യല്‍ മീഡിയ എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലീസിന്റെ സൈബര്‍ സെല്‍, സൈബര്‍ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ എന്നിവയുടെ നിരീക്ഷണത്തിലുമായിരിക്കും ഉണ്ടാകുക. സാമുദായിക സംഘര്‍ഷം വളര്‍ത്തുന്ന തരത്തില്‍ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താന്‍ ആധുനിക സാങ്കേതിക വിദ്യയുടെ സേവനവും പോലീസ് ഉപയോഗപ്പെടുത്തും. അയോധ്യ കേസിന്റെ വിധി പ്രസ്താവം കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കര്‍ശന നിര്‍ദേശങ്ങളാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്.

Share this news

Leave a Reply

%d bloggers like this: