‘വാട്ടര്‍ സിറ്റിയെ’ വിഴുങ്ങി അതി ശക്തമായ വേലിയേറ്റം; ചരിത്ര സ്മാരകങ്ങളും വെള്ളത്തിനടിയില്‍; വെനീസില്‍ വിനോദസഞ്ചാരികളെല്ലാം അഭയകേന്ദ്രത്തില്‍

വെനീസ്: വെനീസിനെ വെള്ളത്തിലാഴ്ത്തി അതി ശക്തമായ വേലിയേറ്റം. 50 വര്‍ഷത്തിനിടെ ഉണ്ടായ കൂറ്റന്‍ തിരമാലകള്‍ നഗരത്തെ നിശ്ചലമാക്കി. നഗരത്തില്‍ പലയിടത്തും വെള്ളം കയറിയതോടെ ഇവിടെയെത്തിയ വിനോദ സഞ്ചാരികളും, വ്യാപാരികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരും അഭയകേന്ദ്രത്തിലാണ്. തിരമാലകള്‍ക്കൊപ്പം, പേമാരിയും തകര്‍ത്തു പെയ്തതോടെ നഗരം വെള്ളത്തില്‍ മുങ്ങുകയായിരുന്നു. വെള്ളപ്പൊക്കത്തില്‍ പെട്ട് രണ്ടു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

പെല്ലെസ്ട്രിന ദ്വീപിലാണ് രണ്ട് മരണവും ഉണ്ടായിരിക്കുന്നത്. വീട്ടില്‍ വെള്ളം കയറിയപ്പോള്‍ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ഷോക്കടിച്ചാണ് ഒരാള്‍ മരിച്ചത്. രണ്ടാമത്തെയാളെ വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.1.87 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകളാണ് വെനീസ് തീരത്തേക്ക് അടിച്ചുകയറിയത്. 1923-നു ശേഷം ഒരിക്കല്‍ മാത്രമാണ് വെനീസില്‍ ഇത്രയും വലിയ തിരമാലകളുണ്ടായത്. 1966 ലായിരുന്നു കൂറ്റന്‍ തിരമാല വെനീസ് തീരത്തേക്ക് ആഞ്ഞടിച്ചത്. അന്ന് തിരമാലകളുടെ ഉയരം 1.94 മീറ്റര്‍ വരെയായിരുന്നു.

ഏറ്റവും വലിയ വേലിയേറ്റമാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് സെന്റ് മാര്‍ക്‌സ് കൗണ്‍സില്‍ അംഗം പിയര്‍പാലെ കാംപോസ്ട്രിനി പറഞ്ഞു. നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രമാണ് സെന്റ് മാര്‍ക്‌സ് സ്‌ക്വയര്‍. 1200 വര്‍ഷത്തെ ചരിത്രത്തില്‍ ആറ് തവണയാണ് സെന്റ് മാര്‍ക്‌സ് സ്‌ക്വയര്‍ വെള്ളത്തില്‍ മുങ്ങിയത്. ഇറ്റലിയുടെ കിഴക്കന്‍ തീരത്തോട് ചേര്‍ന്ന് പത്തിലധികം ചെറു ദ്വീപുകള്‍ ചേര്‍ന്ന് രൂപപ്പെട്ട നഗരമാണ് വെനീസ്.

Share this news

Leave a Reply

%d bloggers like this: