മാവോയിസ്റ്റ് ഭീഷണി; മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാതലത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി. പോളിറ്റ്ബ്യൂറോ യോഗത്തിനായി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രിയ്ക്ക് നാല് കമാന്‍ഡോകളടക്കം 15 ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷ ഒരുക്കും. മുഖ്യമന്ത്രിക്ക് സഞ്ചരിക്കുന്നതിനായി ഡല്‍ഹിയില്‍ ബുള്ളറ്റ് പ്രൂഫ് കാറും മൊബൈല്‍ ഫോണ്‍ ജാമാര്‍ ഘടിപ്പിച്ച വാഹനം സുരക്ഷക്കായി നല്‍കുകയും ചെയ്തു. എന്നാല്‍ ഇന്നലെ രാത്രിയില്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങിയ മുഖ്യമന്ത്രി സാധാരണ യാത്ര ചെയ്യാറുള്ള വാഹനത്തില്‍ തന്നെയാണ് എ.കെ.ജി ഭവനിലേക്കെത്തിയത്.

അട്ടപ്പാടിയില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാവോവാദി സംഘടന കബനി ദളത്തിന്റെ ഭീഷണി കത്ത് വടകര പോലീസ് സ്റ്റേഷനിലും ‘മാതൃഭൂമി’ വടകര ഓഫീസിലും ലഭിച്ചിരുന്നു. മാവോയിസ്റ്റ് അര്‍ബന്‍ ആക്ഷന്‍ ടീമിനു വേണ്ടി പശ്ചിമഘട്ട കബനീ ദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബദര്‍ മുസാം ആണ് കത്തില്‍ ഒപ്പിട്ടത്.

പേരാമ്പ്ര എസ്.ഐ. ആയിരുന്ന പി.എസ്. ഹരീഷിനും കത്തില്‍ ഭീഷണിയുണ്ട്. സാധാരണക്കാരെ തല്ലിച്ചതച്ച എസ്.ഐ.യെ അര്‍ബന്‍ ആക്ഷന്‍ ടീം കാണേണ്ടതുപോലെ കാണുമെന്നാണ് ഭീഷണി. ഡല്‍ഹി പോലീസിനൊപ്പം കേരള പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്ക് സുരക്ഷ നല്‍കുന്നുണ്ട്. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ പോലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളും സുരക്ഷ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്

Share this news

Leave a Reply

%d bloggers like this: