ധാരണയിലെത്താതെ കാലാവസ്ഥാ ഉച്ചകോടി പിരിഞ്ഞു; വിമർശനവുമായി പരിസ്ഥിതി സംഘടനകൾ

മാഡ്രിഡ്: രണ്ടാഴ്‍ച മുഴുവന്‍ ചര്‍ച്ച ചെയ്‍തിട്ടും ഉടമ്പടികൾ ഇല്ലാതെ ഐക്യരാഷ്‍ട്ര സഭയുടെ 25-ാമത് കാലാവസ്ഥാ സമ്മേളനം അവസാനിച്ചു. 2015 ലെ പാരീസ് ഉടമ്പടിയുടെ നിബന്ധനകൾക്ക് അനുസൃതമായി ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് കുറയ്ക്കുന്നതിന് കൂടുതൽ ഫലപ്രദമായ നടപടികൾ ആസൂത്രണം ചെയ്യാൻ ഉച്ചകോടിക്ക് കഴിഞ്ഞില്ല.

സ്കോട്‌ലാൻഡിലെ ഗ്ലാസ്ഗോയിൽ അടുത്ത വർഷം ചേരുന്ന ഉച്ചകോടിയിലെ ഇനി ഇക്കാര്യത്തിൽ ചർച്ചയുണ്ടാകൂ എന്നാണ് സൂചന. 2015 ലെ പാരീസ് ഉടമ്പടിയുടെ നിബന്ധനകൾക്ക് അനുസൃതമായി ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് കുറയ്ക്കുന്നതിന് കൂടുതൽ ഫലപ്രദമായ നടപടികൾ ആസൂത്രണം ചെയ്യാൻ ഉച്ചകോടിക്ക് കഴിഞ്ഞില്ല.

196 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് COP25 കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കാളികളായത്. കാര്‍ബണ്‍ വാതകങ്ങളുടെ പുറന്തള്ളല്‍ കുറച്ചുകൊണ്ടുവരാനുള്ള ആഗോള ഉത്തരവാദിത്വം സംബന്ധിച്ച് ധാരണയിലെത്താന്‍ സമ്മേളനത്തിന് കഴിഞ്ഞില്ല. പാരിസ് ഉടമ്പടിയുടെ ദൗര്‍ബല്യങ്ങള്‍ പരിഷ്‍കരിക്കാനുള്ള ചര്‍ച്ചകളും ഫലപ്രദമായില്ല.

2050-ഓടെ കാർബൺ ബഹിർഗമനത്തിന്റെ തോത് പൂജ്യമാക്കണമെന്ന ദീർഘകാല ലക്ഷ്യത്തെ യൂറോപ്യൻ യൂണിയൻ അംഗീകരിച്ചു. അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നുവെങ്കിലും ആഗോളതാപനം കുറയ്ക്കാൻ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കണമെന്ന് ഒട്ടുമിക്ക രാജ്യങ്ങളും അഭിപ്രായപ്പെട്ടു.

വെള്ളിയാഴ്ച അവസാനിക്കേണ്ട ചർച്ച അഭിപ്രായ ഐക്യത്തിലെത്താൻ കഴിയാത്തതിനെത്തുടർന്ന് ഞായറാഴ്ച വരെ നീളുകയായിരുന്നു. കാർബൺ മാർക്കറ്റ്, ഭൗമതാപനില ഉയരുന്നതുകൊണ്ടുള്ള നഷ്ടം നികത്തല്‍ തുടങ്ങിയ വിഷയങ്ങളിലാണ് കടുത്ത അഭിപ്രായഭിന്നത നിലനിന്നത്. ആഗോളതാപനത്തിന്‍റെ കെടുതികൾ നേരിടേണ്ടിവരുന്ന ചെറുദ്വീപ് രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നല്കണമെന്നതിൽ പൊതു ധാരണയുണ്ടായി.

ഈ വര്‍ഷം ചിലെയില്‍ നടക്കേണ്ടിയിരുന്ന സമ്മേളനം അവിടെ ആഭ്യന്തര കലാപം നടക്കുന്നതിനാല്‍ അവസാന നിമിഷമാണ് മാഡ്രിഡിലേക്ക് മാറ്റിയത്. സമ്മേളനം നിശ്ചയിച്ചതിലും രണ്ടും ദിവസം കൂടുതല്‍ നടന്നിട്ടും ഫലമുണ്ടാകാത്തതാണ് കാലാവസ്ഥാ പ്രവര്‍ത്തകരെ ഉള്‍പ്പെടെ നിരാശയിലാക്കുന്നത്. വന്‍ ശക്തികളായ രാഷ്ട്രങ്ങളുടെ നിസ്സഹകരണമാണ് സമ്മേളനത്തിന്‍റെ പരാജയത്തിന് കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.

Share this news

Leave a Reply

%d bloggers like this: