യൂറോപ്പ്യൻ യൂണിയനിൽ നിന്നും പിൻവാങ്ങുന്ന പ്രമേയത്തിന് ഹൌസ് ഓഫ് കോമൺസിന്‍റെ അനുമതി; ജനുവരി 31 ഓടെ ബ്രെക്സിറ്റ്‌ നടപ്പാക്കുമെന്ന് ബോറിസ് ജോൺസൺ

ലണ്ടൺ: മൂന്ന് വർഷം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാനുള്ള അവസാനഘട്ടത്തിലേക്ക് കടന്നു. ഹൗസ് ഓഫ് കോമൺസിൽ 124 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് ബ്രെക്സിറ്റ്‌ ബില്ല്‌ പാസായത്. ബില്ലിനെ അനുകൂലിച്ചുകൊണ്ട് 358 പേരും, എതിര്‍ത്തുകൊണ്ട് 234 പേരും വോട്ട് ചെയ്തു. വീണ്ടും അധികാരത്തിലെത്തിയതോടെ ജനുവരി 31ന് ളള്ളിൽ ബ്രെക്‌സിറ്റ് നടപ്പാക്കുമെന്നാണ് ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരുന്നു. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ വോട്ടെടുപ്പിനെ സ്വാഗതം ചെയ്തു. പിന്‍വാങ്ങല്‍ കരാർ ജനുവരി 29 ന് യൂറോപ്യൻ പാർലമെന്റ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തുടർന്ന് രണ്ടു ദിവസത്തിനുള്ളില്‍തന്നെ ബ്രിട്ടന് പുറത്തുകടക്കാന്‍ സാധിച്ചേക്കും. അതിനിടെ ബ്രെക്സിറ്റിനെ എതിര്‍ക്കുമെന്ന് ലേബര്‍പാര്‍ട്ടി നേതാവ് ജെറമി കോർബിൻ പറയുന്നുണ്ടെങ്കിലും ആറ് ലേബർ എംപിമാർ പാർട്ടി വിപ്പ് ലംഘിച്ചുകൊണ്ട് സർക്കാറിന് അനുകൂലമായി വോട്ട് ചെയ്തു. കൂടാതെ ഷാഡോ ഹൌസിംഗ് സെക്രട്ടറി ജോൺ ഹീലി ഉൾപ്പെടെയുള്ള 20 ഓളം അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. കരാറിന് പാർലമെന്റിന്റെ അംഗീകാരം നേടാനാവാതെ ജോൺസൺ തെരഞ്ഞെടുപ്പിന് തയ്യാറാകുകയായിരുന്നു. ബ്രെക്സിറ്റ്‌ നടപ്പാക്കാൻ കഴിയാതിനെത്തുടർന്നായിരുന്നു മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജിവെച്ചതും, തുടർന്ന് ബോറിസ് തെരഞ്ഞെടുക്കപ്പെട്ടതും.

ക്രിസ്മസ് അവധിക്കുശേഷം അടുത്ത മാസം പാർലമെന്റ് കരാർ വിശദമായി പരിശോധിച്ച് ബ്രെക്സിറ്റിന് അന്തിമ അംഗീകാരം നൽകും. അതോടെ അര നൂറ്റാണ്ടോളം യൂറോപ്യൻ യൂണിയന്റെ ഭാഗമായിരുന്ന ബ്രിട്ടൻ സ്വതന്ത്ര വ്യാപാരത്തിന്റെ പുത്തൻ സാധ്യതകളിലേക്കും വെല്ലുവിളികളിലേക്കുമാക്കും നീങ്ങുക. 2016 ലാണ് യൂറോപ്യൻ യൂണിയൻ വിടണമെന്ന് ഹിതപരിശോധനയിലൂടെ ബ്രിട്ടൻ വിധിയെഴുതിയത്. 2020 ഡിസംബർ 31 ആണ് ഇതിനുള്ള നടപടികൾ പൂർത്തിയാക്കാൻ യൂറോപ്യൻ യൂണിയൻ നീട്ടിനൽകിയിട്ടുള്ള സമയപരിധി. അനിശ്ചിതത്വങ്ങൾക്കു വിരാമമായതോടെ സാമ്പത്തിക രംഗത്ത് ഉണർവ് പ്രകടമായിട്ടുണ്ട്. പൗണ്ടിന്റെ മൂല്യത്തിലും കാര്യമായ വർധനവുണ്ടായി.

Share this news

Leave a Reply

%d bloggers like this: