നക്ഷത്രങ്ങളും, പുൽകൂടുകളും ഒരുക്കി ഉണ്ണിയേശുവിന്റെ തിരുപിറവിയായ ക്രിസ്മസിനെ വരവേറ്റ് ലോകം

ശാന്തിയുടെയും, സമാധാനത്തിന്റെയും സന്ദേശങ്ങൾ നൽകികൊണ്ട് ലോകമെമ്പാടും ക്രിസ്മസ് ആഘോഷത്തിൽ. സ്നേഹത്തിന്റെയും, സഹനത്തിന്റെയും സന്ദേശം ലോകത്തിന് പകര്‍ന്ന് നല്‍കിയ യേശു ദേവന്റെ തിരുപിറവിയുടെ ഓർമപ്പെടുത്തലാണ് ഓരോ ക്രിസ്‌മസും. നക്ഷത്രങ്ങളും ക്രിസ്മസ് ട്രീകളും പുല്‍ക്കൂടുമൊക്കെയായി നാടും നഗരവും ക്രിസ്മസിനെ വരവേല്‍ക്കുകയാണ്. തിരുപിറവിയെ അനുസ്മരിച്ച് ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവച്ചും ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ വിശ്വാസികള്‍ ഒത്തുചേര്‍ന്നു. ഇന്നലെ അര്‍ദ്ധരാത്രിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന ശുശ്രൂഷകളില്‍ കോടികണക്കിന് ആളുകള്‍ പങ്കുചേര്‍ന്നു.

വത്തിക്കാനിലും ഉണ്ണിയേശു പിറന്ന ബദലഹേമിലും, നേറ്റിവിറ്റി ദേവാലയത്തിലും വിശുദ്ധകുര്‍ബാന നടന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ക്രിസ്മസ് പ്രാര്‍ത്ഥനകള്‍ക്കായി പതിനായിരങ്ങളാണ് ഒത്തുകൂടിയിരിന്നത്. മാര്‍പ്പയുടെ പരമ്പരാഗത ക്രിസ്മസ് പ്രസംഗവും വിശുദ്ധ കുര്‍ബാനയും നടന്നു. കനത്ത സുരക്ഷാക്രമീകരണങ്ങളാണ് വത്തിക്കാനില്‍ ഇത്തവണ ഒരുക്കിയത്. ആയുധങ്ങൾ നിർമ്മിക്കുന്നത് തുടരുന്ന ഈ ലോകത്ത് അതിനെ ചെറുത്തുനിൽക്കാൻ സമാധാനത്തിന്റെയും, പുനർജനിക്കുന്നതിന്റെയും അടയാളമായ പുൽക്കൂടുകൾ ഉയരട്ടെ എന്നാണ് പാപ്പായുടെ ഈ വർഷത്തെ ക്രിസ്മസ് സന്ദേശം. പുൽക്കൂടുകൾ ജീവിക്കുന്ന സുവിശേഷമാണെന്നും മാർപ്പാപ്പ പറഞ്ഞു.

പുൽക്കൂടുകൾ ചില സ്വകാര്യമായ, ഗാർഹികമായ സുവിശേഷം കൂടി പങ്കുവെയ്ക്കുന്നുണ്ട്. പുൽക്കൂടിൽ ഒരുക്കുന്ന ഓരോ പ്രതിച്ഛായകളും കുടുംബങ്ങളിലെയും വ്യക്തിപരമായ ജീവിതത്തിലെയും പങ്കുവെയ്ക്കലിനെയാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവാണ് ജീവനുള്ള അപ്പമായി നമ്മുടെ ഒക്കെ ജീവിതത്തിലേയ്ക്ക് ഇറങ്ങിവന്നതെന്ന വലിയ ഓർമ്മപ്പെടുത്തൽകൂടിയാണ് ഓരോ പുൽക്കൂടുകളും. ജീവിതത്തിന്റെ ഭ്രാന്തമായ തിരക്കുകൾക്കിടെ ക്രിസ്മസ് ഒരുക്കങ്ങളുടെ പ്രസക്തി നഷ്ടപ്പെടുമ്പോൾ പുൽക്കൂടുകൾ വലിയ പ്രാധാന്യമർഹിക്കുന്നുണ്ടെന്നും പാപ്പ പറഞ്ഞു.

തിരുപ്പിറവി ശുശ്രൂഷകള്‍ക്ക് മുന്നോടിയായി ഇന്നലെ ട്വിറ്ററില്‍ കുറിച്ച സന്ദേശമാണിത്. പുല്‍ക്കൂട് വീടുകളിലും, ജോലിസ്ഥലങ്ങളിലും, പൊതുസ്ഥലങ്ങളിലും, ആശുപത്രികളിലും, പരിചരണ കേന്ദ്രങ്ങളിലും, ജയിലുകളിലും ചത്വരങ്ങളിലും സുവിശേഷം എത്തിക്കുന്നുവെന്നും പാപ്പ ട്വീറ്റ് ചെയ്തു. ലോകം മുഴുവൻ ക്രിസ്മസിനെ വരവേൽക്കുന്ന ഈ പുണ്യ ദിനത്തിൽ വായനക്കാർക്ക് റോസ് മലയാളത്തിന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

Share this news

Leave a Reply

%d bloggers like this: